Categories: India

പിഴവില്ലാത്ത പ്രവര്‍ത്തനം, കണ്ണും കാതും തുറന്നിരുന്നിരുന്നു; കൊറോണയെ പിടിച്ചു കെട്ടി; ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ജന്മഭൂമിയോട് സംസാരിക്കുന്നു

ടൂറിസ്റ്റ് കേന്ദ്രം. ഏറെ വിദേശികള്‍ വരുന്ന സംസ്ഥാനം. എന്നിട്ടും ഗോവയില്‍ ഏപ്രില്‍ ഒന്‍പതിനു ശേഷം ഒറ്റ പോസിറ്റീവ് കേസുമില്ല. സ്ഥിരീകരിച്ചത് ഏഴു പേര്‍ക്കുമാത്രം. ആറു പേരും ആശുപത്രി വിട്ടു. വിജയകരമായ ഈ കൊറോണ പ്രതിരോധത്തിനു നേതൃത്വം നല്‍കിയ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ജന്മഭൂമിയോട് സംസാരിക്കുന്നു.

കൊച്ചി: പിഴവില്ലാത്ത പ്രവര്‍ത്തനം, കണ്ണും കാതും തുറന്നിരുന്നുള്ള, സുതാര്യമായ ജനകീയ പോരാട്ടം… അതായിരുന്നു ഗോവയില്‍ കൊറോണയ്‌ക്കെതിരായ പ്രതിരോധം. ലോകത്തിന്റെ ടൂറിസ്റ്റ് കേന്ദ്രമായ ഗോവയാണ് വാസ്തവത്തില്‍ ഏറെ പേടിക്കേണ്ടിയിരുന്ന സംസ്ഥാനം. പക്ഷേ, കൊറോണയെക്കുറിച്ചു കേട്ടപ്പോഴേ ഗോവ ഉണര്‍ന്നു. കുറ്റമറ്റ കരുതലും പ്രതിരോധവും കൈക്കൊണ്ടു. ആകെ ഏഴുപേര്‍ക്കാണ് ഗോവയില്‍ വൈറസ് ബാധ ഉണ്ടായത്.  ഗോവയെ കൊറോണ മുക്തമാക്കാനുള്ള പ്രവര്‍ത്തനത്തില്‍ മുന്നില്‍ നിന്നു നയിച്ച മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത് ‘ജന്മഭൂമി’ക്കു ഇ-മെയിലിലൂടെ നല്‍കിയ അഭിമുഖത്തില്‍ ഇതുവരെയുള്ള നടപടികളെക്കുറിച്ചും അടുത്ത ലക്ഷ്യങ്ങളെക്കുറിച്ചും വിശദീകരിച്ചു.

കൊറോണ വൈറസ് ഇന്ത്യയില്‍ റിപ്പോര്‍ട്ടു ചെയ്തു തുടങ്ങിയപ്പോള്‍ എല്ലാവരും ആശങ്കപ്പെട്ട സംസ്ഥാനമാണ് ഗോവ. ധാരാളം ടൂറിസ്റ്റുകള്‍ എത്തുന്നു എന്നതു തന്നെയായിരുന്നു കാരണം. എന്നാല്‍ ഇപ്പോള്‍ രാജ്യത്തിനു തന്നെ മാതൃകയാവുന്ന തരത്തിലാണ് വൈറസിനെ പ്രതിരോധിച്ചത്. ഈ നേട്ടത്തിലേക്ക് നയിച്ച പ്രവര്‍ത്തനങ്ങളുടെ തുടക്കം എന്തായിരുന്നു?  

ഡോ. പ്രമോദ് സാവന്ത്: ഏവരേയും ഒപ്പം നിര്‍ത്തി, ഒപ്പം നിന്ന് പ്രവര്‍ത്തിക്കാനാണ് ഞാന്‍ ശ്രമിച്ചത്.  

സംസ്ഥാനത്തെ ജനങ്ങള്‍ക്കും അക്ഷീണം പ്രവര്‍ത്തിച്ച പ്രതിരോധ പ്രവര്‍ത്തകര്‍ക്കുമാണ് നന്ദി പറയേണ്ടത്. ജനങ്ങളെ വിശ്വാസത്തിലെടുത്തു. ജനങ്ങള്‍ സര്‍ക്കാരിനെയും വിശ്വസിച്ചു. ജനതാ കര്‍ഫ്യൂവിനു മുമ്പേ കടുത്ത സ്വയം നിയന്ത്രണങ്ങളിലേക്ക് പോയി. കര്‍ശന പരിശോധന നടത്തി. പരിശോധനാ സംവിധാനങ്ങള്‍ മറികടന്ന് വിമാനത്താവളങ്ങളിലൂടെ ഒരാള്‍ക്കും പുറത്തുപോകാന്‍ കഴിയില്ല എന്നുറപ്പു വരുത്തി. റെയില്‍വേ സ്‌റ്റേഷനുകളിലും പരിശോധിച്ചു, വീഴ്ചകള്‍ അനുവദിച്ചതേയില്ല. കൊറോണാ പ്രതിരോധ യോദ്ധാക്കള്‍ രാജ്യത്തിന് നല്‍കുന്ന സേവനം വലുതാണ്. ഈ വെല്ലുവിളി വേളയില്‍ മുന്‍നിരയില്‍ നിന്ന് പോരാടുന്ന അവര്‍ക്കും സഹായിക്കാന്‍ ഒപ്പം നില്‍ക്കുന്ന മുഴുവന്‍ സംവിധാനത്തിനും എന്റെ വന്ദനം

 കൊറോണ ബാധയില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാന്‍ ആരോഗ്യ രംഗത്ത് സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണ്?  

ഡോ. പ്രമോദ് സാവന്ത്:തുടക്കത്തില്‍ത്തന്നെ കൊറോണ ചികിത്സയ്‌ക്ക് മാത്രമായി ആശുപത്രികള്‍ സജ്ജമാക്കി. മൂന്ന് പരിശോധനാ ലാബുകള്‍ തയാറാക്കി. വീടുവീടാന്തരം സര്‍ക്കാര്‍ സര്‍വേ നടത്തി, മൂന്നു ദിവസംകൊണ്ട് അഞ്ചു ലക്ഷം വീടുകളില്‍ സര്‍വേ പൂര്‍ത്തിലാക്കി. ഈ ഘട്ടത്തിലൊക്കെ ജനങ്ങളില്‍ നിന്ന് മികച്ച പിന്തുണയും കിട്ടി. ലോക്ഡൗണിനോടും ജനങ്ങളുടെ മികച്ച സഹകരണമാണുണ്ടായത്.  വീടുകളില്‍ കഴിയാനുള്ള നിര്‍ദേശം അവര്‍ കര്‍ശനമായി പാലിച്ചു. സംസ്ഥാനത്തിന്റെ അന്തസ് കാത്ത്, സര്‍ക്കാര്‍ നിര്‍ദേശങ്ങളിലെ സാമൂഹ്യ അകലമുള്‍പ്പെടെ മാനദണ്ഡങ്ങള്‍ പാലിച്ചു. 

 ബിജെപി സര്‍ക്കാര്‍ ഭരിക്കുന്നു. വിവിധ സമുദായങ്ങള്‍ ഇടകലര്‍ന്ന് ജീവിക്കുന്ന സംസ്ഥാനം. കടുത്ത നടപടികള്‍ സ്വീകരിക്കുമ്പോള്‍ എതിര്‍പ്പുകള്‍ പ്രതിക്ഷീച്ചിരുന്നോ?

 ഡോ. പ്രമോദ് സാവന്ത്:എന്റെ സംസ്ഥാനത്തെ ജനങ്ങളെ എനിക്കറിയാം. അതാണ് അവരെ വിശ്വാസത്തില്‍ എടുത്തു എന്നു നേരത്തേ പറഞ്ഞത്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഒരു ആക്ഷേപവും ആരില്‍നിന്നും ഉണ്ടായില്ല. സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ ‘വ്യാജവാര്‍ത്തകള്‍ പോലും’ വന്നില്ല. ഭക്ഷ്യവസ്തുക്കള്‍ വീട്ടുപടിക്കല്‍ സര്‍ക്കാര്‍ എത്തിച്ചു. രോഗപ്രതിരോധ പ്രചാരണം നടത്തി. അത്യാവശ്യക്കാര്‍ക്ക് ഗതാഗത സൗകര്യം ഒരുക്കി. പാലുല്‍പ്പാദനവും വിപണനവും സംഭരണവും തടസ്സമില്ലാതെ നടത്തി. അവശ്യ സര്‍വീസുകള്‍ക്ക് തടസം വന്നില്ല.  

വിദേശത്ത് നിന്ന് ടൂറിസ്റ്റുകള്‍ ഏറെ വരുന്ന സംസ്ഥാനമാണ് ഗോവ. ഈ വെല്ലുവിളി എങ്ങനെ നേരിട്ടു?  

ഡോ. പ്രമോദ് സാവന്ത്:തുടക്കത്തിലേ ഹോട്ടലുകള്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങളാക്കി. അവിടങ്ങളില്‍ വിനോദവും വ്യായാമവും യോഗയും ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുണ്ടാക്കി. ഹോട്ടലുകളില്‍ നിന്ന് ആരും പുറത്തുപോകുന്നില്ല എന്നുറപ്പു വരുത്തി. വിദേശത്തു നിന്നു വന്ന ടൂറിസ്റ്റുകളുടെ ആവശ്യങ്ങള്‍ പരിഗണിച്ചു. 

 കൊറോണയ്‌ക്കു ശേഷം ടൂറിസ്റ്റ് മേഖലയിലുണ്ടാകുന്ന പ്രതിസന്ധി ഗോവയെ ബാധിക്കില്ലേ? അക്കാര്യത്തില്‍ ഇപ്പോള്‍ത്തന്നെ എന്ത് പരിഹാരമാണ് മനസിലുള്ളത്?

ഡോ. പ്രമോദ് സാവന്ത്:ഗോവയുടെ അടിസ്ഥാന വരുമാന സ്രോതസ് ടൂറിസമാണ്. അത് പുനക്രമീകരിക്കുകയും പുനരുദ്ധരിക്കുകയും വേണം. അതിന് പ്രത്യേക പ്രാധാന്യം കൊടുക്കണം. പക്ഷേ, ഇപ്പോള്‍ കൊറോണ ഇല്ലാതാക്കുകയാണ് അടിയന്തരാവശ്യം. അതുകഴിഞ്ഞാല്‍ ടൂറിസത്തിലേക്ക് തിരിയാം. അടുത്ത ലക്ഷ്യം അതാണ്. ഏറ്റവും വലിയ പാക്കേജ് ആ വ്യവസായ മേഖലയ്‌ക്കായിരിക്കും. അത് തയാറാകുകയാണ്. അതിനു മുമ്പ് ഗോവയും അയല്‍ സംസ്ഥാനങ്ങളും രാജ്യം മുഴുവനും കൊറോണാ മുക്തമാക്കുകയാണ് വേണ്ടത്.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക