പുതിയങ്ങാടി: പൊതുസേവന കേന്ദ്രം വഴി ഗുണഭോക്താക്കള്‍ക്ക് ജന്‍ധന്‍ അക്കൗണ്ടില്‍ ലഭിച്ച പണം മാറ്റിക്കൊടുക്കുന്നതിനെ തടസ്സപ്പെടുത്താന്‍ സിപിഎമ്മും പാര്‍ട്ടി പത്രവും. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ അംഗീകരിച്ച പൊതു സേവന കേന്ദ്രം (സിഎസ്സി) വഴിയാണ് പുതിയങ്ങാടി മേഖലയിലെ നിരവധി സ്ത്രീകള്‍ക്ക് തങ്ങളുടെ ജന്‍ധന്‍ അക്കൗണ്ടിലേക്ക് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വഴിയെത്തിയ അഞ്ഞൂറ് രൂപ ലഭിച്ചത്. ലോക്ക്ഡൗണ്‍ കാരണം ബാങ്കുകളിലേക്ക് എത്താന്‍ കഴിയാത്ത സ്ത്രീകള്‍ക്ക് തങ്ങളുടെ വീട്ടുമുറ്റത്ത് ബാങ്കിംഗ് സൗകര്യം ഒരുക്കിക്കൊടുക്കുകയായിരുന്നു സിഎസ് സികള്‍.
നിരവധി സ്ത്രീകള്‍ക്കാണ് ഈ ദുരിതകാലത്ത് ഇതിന്റെ ഗുണം ലഭിച്ചത്. എന്നാല്‍ പ്രധാനമന്ത്രിയുടെ ജന്‍ധന്‍ അക്കൗണ്ട് വഴി എത്തിക്കേണ്ട പണം പ്രാദേശിക ബിജെപി നേതാക്കളുടെ വീട്ടില്‍ വെച്ച് വിതരണം ചെയ്തുവെന്നാണ്സിപിഎം പ്രചരിപ്പിച്ചത്. എന്താണ് വസ്തുതയെന്ന് മനസ്സിലാക്കാതെ സിപിഎമ്മിന്റെ ആരോപണം ഏറ്റുപിടിച്ച് വാര്‍ത്ത നല്‍കുകയായിരുന്നു ദേശാഭിമാനി.
പോലീസിന്റെയും സര്‍ക്കാറിന്റെയും അനുവാദത്തോടെ നടത്തുന്ന കോമണ്‍ സര് വീസ് സെന്റര്‍ പ്രവര്‍ത്തനത്തെയാണ് ബിജെപി പരിപാടിയാക്കി പത്രം വ്യാജവാര്‍ത്ത പ്രസിദ്ധീകരിച്ചത്. ലോക്ക്ഡൗണ്‍ നിബന്ധനകളില്‍ നിന്ന് രാജ്യവ്യാപകമായി സിഎസ്സികളെ ഒഴിവാക്കിയിരുന്നു. ഇതും സിപിഎം മറച്ചുപിടിച്ചു. കോമണ്‍ സര്‍വീസ് സെന്ററുകള്‍ വഴി ജന്‍ധന്‍ അക്കൗണ്ടിലെ പണം നല്‍കുന്നത് തടയാന്‍ രാഷ്ട്രീയ സ്വാധീനം ഉപയോഗിക്കുകയാണ് സിപിഎം. തങ്ങളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങുന്ന ഉദ്യോഗസ്ഥര്‍ വഴി തടയാനാണ് പാര്‍ട്ടി ശ്രമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: