ഇടുക്കി: വന്യജീവിയായ നാട്ടാനയെ വളര്‍ത്തുമൃഗമായി കണക്കാക്കി ഭക്ഷണം നല്‍കുന്നതിന് പണം അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്ന് 5 കോടി രൂപയാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്. ഇതിന് പുറമെ വനംവകുപ്പിന്റെ ഉടമസ്ഥതയിലുള്ള ആനകള്‍ക്ക് ഭക്ഷണം നല്കാന് മൃഗസംരക്ഷണ വകുപ്പിനെ ഏല്‍പ്പിച്ചതും വിവാദമാകുകയാണ്.
കൊറോണയുടെ പശ്ചാത്തലത്തിലുള്ള ലോക്ക് ഡൗണ്‍ മൂലം വളര്‍ത്ത് മൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്നതിന് പ്രതിസന്ധി നേരിടുന്നുവെന്ന് വ്യാപകമായി പരാതി ലഭിച്ച സാഹചര്യത്തിലായിരുന്നു ഈ തീരുമാനം. സ്വകാര്യ ഉടമസ്ഥതയിലുള്ള ആനകള്പ്പെടെയുള്ള വളര്‍ത്ത് മൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്നതിനാണ് പണം അനുവദിച്ചിരിക്കുന്നത്. ഒറ്റത്തവണയായി അഞ്ച് കോടി രൂപയാണ് ഇതിനായി മൃഗ സംരക്ഷണ വകുപ്പിന് നല്‍കുന്നത്. പ്രിന്‍സിപ്പല്‍ സെക്രട്ടറി വേണു വി. ആണ് ഇത്തരമൊരു വിവാദ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.
അതേ സമയം ആനയെ കൈവശം വെയ്ക്കുമ്പോള്‍ അതിന്റെ ചിലവ് ഉടമ വഹിച്ചുകൊള്ളാമെന്ന തരത്തിലാണ് ലൈസന്‍സ് കൊടുക്കുന്നത്. സംസ്ഥാനത്തുള്ള ഒട്ടുമിക്ക ആനകള്‍ക്കും കൃത്യമായ ലൈസന്‍സില്ല.
ഉത്സവമില്ലാത്തപ്പോള് പണമില്ലെന്നും ഇതിനാല്‍ ഭക്ഷണം നല്കാന് കഴിവില്ലെന്ന് പറയുന്നതും ശരിയല്ലെന്നുമുള്ള വാദവും ശക്തമാണ്. വന്യജീവികളെ കൈവശം വെയ്ക്കുമ്പോള്‍ ഇവയെ കൃത്യമായി പരിപാലിക്കാന്‍ ഉടമകള്‍ക്ക് ശേഷിയുണ്ടാകണമെന്നാണ് ചട്ടം.
പ്രതിഷേധം ഉയരുന്നു
വന്യജീവികളെ വളര്‍ത്തുമൃഗമാക്കി സര്‍ക്കാര്‍ തന്നെ ഉത്തരവിറക്കിയതിനെതിരെ പ്രതിഷേധവുമായി സംസ്ഥാന ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡംഗം എം.എന്‍. ജയചന്ദ്രന്. സഹായം കൊടുക്കുന്നതില്‍ എതിര്‍പ്പില്ല. എന്നാല്‍ ആനലോബികളുടെ ഇംഗിതത്തിന് വഴങ്ങി വന്യമൃഗമായ ആനയെ വളര്‍ത്തുമൃഗമാക്കി ഉത്തരവിറക്കുമ്പോല് ഭാവിയില്‍ അത് വലിയ ദൂഷ്യം ചെയ്യും, കോടതികളില്‍ നടക്കുന്ന കേസുകളില്‍ ഉള്‍പ്പെടെ ഇത് തിരിച്ചടിയാകുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: