തൃശൂര്‍ : മരുന്ന് വാങ്ങാനും ഡോക്ടറെ കാണാനും വാഹനം ലഭിക്കുന്നില്ല. ഹീമോഫീലിയ രോഗികള്‍ ദുരിതത്തില്‍. ചികിത്സയുടെ ഭാഗമായി ആഴ്ചയില്‍ രണ്ട് തവണ ഇവര്‍ക്ക് കുത്തിവെപ്പ് എടുക്കണം. ഇതിനായി ആദ്യം ഗവ.ഡോക്ടര്‍ ഒപ്പിട്ട് നല്‍കിയ കുറിപ്പ് വാങ്ങണം. ഈ കുറിപ്പുമായി ചെന്നാല്‍ കാരുണ്യ ഫാര്‍മസികളില്‍ നിന്നു മാത്രമാണ് മരുന്നു ലഭിക്കുക. ലോക്ക് ഡൗണിനെ തുടര്‍ന്ന് വാഹനം ലഭ്യമല്ലാത്തതിനാല്‍ ഭൂരിഭാഗം രോഗികള്‍ക്കും ഡോക്ടറെ കണ്ടു കുറിപ്പ് വാങ്ങാനോ, മരുന്ന് വാങ്ങി കുത്തിവെപ്പ് നടത്താനോ സാധിക്കുന്നില്ല.
സ്വന്തമായി വാഹനം ഉള്ള വളരെ കുറച്ച് പേര്‍ക്ക് മാത്രമേ മരുന്ന് വാങ്ങാന്‍ പറ്റുന്നുള്ളൂ. കുത്തിവെപ്പ് എടുക്കാന്‍ പറ്റാതെ നിര്‍ധന രോഗികള്‍ പ്രയാസപ്പെടുകയാണ്. സര്‍ക്കാര്‍ പട്ടികയില്‍ രജിസ്റ്റര്‍ ചെയ്തത് പ്രകാരം ജില്ലയില്‍ 300ഓളം ഹിമോഫിലിയ രോഗികളാണുള്ളത്. എന്നാല്‍ പട്ടികക്ക് പുറത്തുള്ള 700ഓളം പേര്‍ ഉണ്ടെന്നാണ് സൂചന. ഇവര്‍ ഉള്‍പ്പെടെ മൊത്തം 1000 രോഗികള്‍ ജില്ലയില്‍ ഉണ്ടാകുമെന്നു ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു .
ജനിതക വൈകല്യം ബാധിച്ച ഹിമോഫിലിയ രോഗികള്‍ക്ക് കൃത്യമായി കുത്തി വെപ്പ് എടുത്തില്ലെങ്കില്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകും. അംഗവൈകല്യങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇപ്പോള്‍ വീട്ടില്‍ തന്നെ ഇരിക്കുന്നതിനാല്‍ രോഗികള്‍ക്ക് കാര്യമായ പ്രശ്‌നങ്ങള്‍ അനുഭവപ്പെടുന്നില്ല . ലോക് ഡൗണിനു ശേഷമേ ഇതിന്റെ പ്രത്യാഘാതം അറിയാനാകൂവെന്ന് രോഗികളുടെ ബന്ധുക്കള്‍.
രക്തത്തില്‍ ഘടകം കുറവായതിനാല്‍ ഹിമോഫിലിയ രോഗികള്‍ക്ക് ഇതിനു പരിഹാരമായി ഫിസിയോ തെറാപ്പി ചെയ്യണം. ഇല്ലെങ്കില്‍ ആന്തരിക രക്ത സ്രാവം ഉണ്ടാകും. ഇതേ തുടര്‍ന്ന് രോഗികളുടെ ജീവന് തന്നെ അപകടം സംഭവിക്കാനിടയുണ്ട്. യഥാസമയം ഫിസിയോ തെറാപ്പി നടത്താനും ഇവര്‍ക്ക് ഇപ്പോള്‍ സാധിക്കുന്നില്ല. ഫിസിയോ തെറാപ്പിസ്റ്റുകളുടെ അടുത്തേക്ക് പോകാന്‍ വാഹനം കിട്ടാത്തതാണ് പ്രധാന പ്രശ്‌നം.
രോഗികള്‍ക്ക് കൃത്യമായി മരുന്ന് നല്‍കിയില്ലെങ്കില്‍ അംഗവൈകല്യവും മരണവും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നു ഹിമോഫിലിയ കോ -ഓഡിനേഷന്‍ ചെയര്‍മാന്‍ ഇ. രഘുനന്ദനന്‍ അറിയിച്ചു. ഹീമോഫീലിയ രോഗികള്‍ക്ക് കാരുണ്യ ഫാര്‍മസി വഴി നല്‍കിയിരുന്ന ഫാക്ടറുകള്‍ക്ക് അടുത്തിടെ ക്ഷാമം ഉണ്ടായത് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഇപ്പോള്‍ മരുന്ന് ലഭ്യമാണെങ്കിലും വാങ്ങാന്‍ പോകാന്‍ പറ്റാത്തതിന്റെ ബുദ്ധിമുട്ടിലാണ് രോഗികളും ബന്ധുക്കളും.
മരുന്ന് കുത്തിവെക്കാത്തതിനാല്‍ കടുത്ത ശാരീരിക അവശതയും അസഹ്യമായ വേദനയും നേരിടുകയാണിപോള്‍ രോഗികള്‍. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഉള്ളവര്‍ക്കു തൃശൂരിലുള്ള കാരുണ്യ ഫര്‍മസിയില്‍ വന്നു മരുന്ന് വാങ്ങാന്‍ നിലവില്‍ സാധിക്കാത്ത സ്ഥിതിയാണ്. ഓരോ പഞ്ചായത്തിലും നഗരസഭകളിലും കോര്‍പറേഷന്‍ പരിധിയിലുമുള്ള ഹിമോഫിലിയ രോഗികള്‍ക്ക് അതാതു മേഖലയിലെ പ്രാഥമിക ഹെല്‍ത്ത് സെന്ററുകള്‍ വഴി മരുന്ന് വിതരണം ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: