പ്രതാപശാലിയായ അസുര രാജാവ് ബാണന്‍. ബാണന്റെ ഗോപുരം കാവല്‍ സാക്ഷാല്‍ പരമശിവന്‍. ബാണ പുത്രി ഉഷ അതി സുന്ദരനായ ചെറുപ്പക്കാരനെ സ്വപ്നം കാണുന്നു. ഉറക്കം ഉണര്‍ന്ന അവള്‍ അപ്പോഴേക്കും അവനില്‍ അനുരാഗ വിവശ ആയിക്കഴിഞ്ഞിരുന്നു. മാന്ത്രിക സിദ്ധികള്‍ ഉള്ള ഉഷയുടെ തോഴി നാട്ടിലെ അറിയപ്പെടുന്ന സുന്ദരന്മാരായ രാജാക്കന്മാരെ എല്ലാം വരച്ചു കാണിച്ചു. ആരുമല്ല. ശ്രീകൃഷ്ണനെ വരച്ചു. ഏതാണ്ട് മുഖ സാമ്യം. അങ്ങിനെ കൃഷ്ണന്റെ ചെറുമകന്‍ അനിരുദ്ധനില്‍ എത്തി. ഇതുതന്നെ. ഉഷയ്‌ക്ക് അപ്പോള്‍ തന്നെ അവനെ കാണണം. തോഴി ഉടനെ തന്നെ ദ്വാരകയില്‍ ഉറങ്ങി കിടന്ന അനിരുദ്ധനെ ഉഷയുടെ അന്ത പുരത്തില്‍ എത്തിച്ചു. പിന്നെ കയ്യും മെയ്യും മറന്ന പൂത്ത പ്രണയം. കാര്യങ്ങള്‍ കുറേശ്ശെ കുറേശ്ശെ ചോര്‍ന്നു. ബാണന്‍ വിവരം അറിഞ്ഞു.അനിരുദ്ധനെ ജയിലിലും ആക്കി . ഉഷ മന്ത്രിയെ സ്വാധീനിച്ചു കാരാഗൃഹത്തില്‍ എത്തി. കരച്ചിലും പിഴിച്ചിലും. കിടന്നു ഉറങ്ങിയ അനിരുദ്ധനെ കാണുന്നില്ല. ദ്വാരകയില്‍ അന്വേഷണം തകൃതി നടന്നു. കൃഷ്ണന്‍ കാര്യം അറിഞ്ഞു. സൈന്യവുമായി ബാണ രാജാവിന്റെ കൊട്ടാര മുറ്റത്തു. ശിവനും കൃഷ്ണനും തമ്മില്‍ യുദ്ധം. അവസാനം എല്ലാം ഒരു വിധം മംഗളമായി കലാശിച്ചു. പുരാണകഥയെ ‘ബന്ധനസ്ഥനായ അനിരുദ്ധന്‍” എന്നപേരില്‍ വള്ളത്തോള്‍ അനശ്വര പ്രേമകാവ്യമാക്കിയപ്പോള്‍ ആരാധകര്‍ ഏറെ. ‘ബാണന്റെ അമ്പുകള്‍ എല്ലാം ഞാന്‍ സഹിക്കാം. എന്നാല്‍ പ്രിയേ നിന്റെ കണ്ണീരു താങ്ങാന്‍ അനിരുദ്ധന് ആവില്ല’ എന്ന കാമുകന്റെ സങ്കടം അതി മനോഹരമായി എഴുതിയ പ്രണയ കാവ്യം സാഹിത്യ പ്രേമിയും സംസ്‌കൃതപണ്ഡിതനുമായ കൂത്താളി തെക്കേ വാഴവളപ്പില്‍ കേളപ്പന് കാണാപാടമായിരുന്നു. മകള്‍ ലക്ഷ്മിക്ക് പെണ്‍കുട്ടി പിറന്നപ്പോള്‍ പേരെന്തിടും എന്നതില്‍ കേളപ്പന് സംശയമുണ്ടായില്ല. ഉഷ. ‘ബന്ധനസ്ഥനായ അനിരുദ്ധ”നിലെ ഉഷ
എന്നാല്‍ ഇന്ന് ഉഷ എന്ന രണ്ടക്ഷരം കേള്‍ക്കുമ്പോള്‍ പുരാണത്തിലെയോ വള്ളത്തോള്‍ കവിതയിലെയോ ‘ഉഷ’യെ അല്ല ലോകം തിരിച്ചറിയുക. കേളപ്പന്റ ചെറുമകള്‍ ‘ഉഷ’യ്‌ക്കാണ് ആ പേരിന്റെ ഇന്നത്തെ പേറ്റന്റ്. പിലാവുള്ളി തെക്കേ പറമ്പില്‍ ഉഷയെന്ന ഭാരതത്തിന്റെ സ്വര്‍ണമുത്ത് സാക്ഷാല്‍ പി.ടി. ഉഷ
കോഴിക്കോട് ജില്ലയിലെ പയ്യോളിയില്‍ 1964 ജൂണ്‍ 27ന് ജനനം. അച്ഛന്‍ ഇ.പി.എം പൈതല്‍. അമ്മ ടി.വി. ലക്ഷ്മി . സ്‌കൂള്‍ കാലഘട്ടത്തില്‍ കഴിവുകള്‍ കണ്ടെത്തി പ്രോത്സാഹിപ്പിച്ചിരുന്നത് അമ്മാവന്‍ നാരായണന്‍.ഉഷയിലെ ഓട്ടക്കാരിയെ തിരിച്ചറിഞ്ഞത് ബാലകൃഷ്ണന്‍ മാഷ്. ഒളിമ്പിക്‌സ് മത്സരങ്ങളില്‍ പങ്കെടുത്ത ആദ്യ ഭാരതവനിത എന്ന ബഹുമതിയിലേക്ക് ഉഷ ഓടിയെത്തിയതിന് പിന്നിലുള്ള പ്രേരകശക്തി കോച്ച് ഒ.എം. നമ്പ്യാര്‍. ലോസ് ആഞ്ചല്‍സ് ഒളിമ്പിക്‌സില്‍ തലനാരിഴയ്‌ക്ക് നഷ്ടപ്പെട്ട ഉഷയുടെ വെങ്കലമെഡലാണ് ഭാരതഅത്‌ലറ്റ്ക്‌സിന്റെ ചരിത്രത്തിലെ ഒരിക്കലുമുണങ്ങാത്ത മുറിവ്. രാജ്യം കണ്ട ഏറ്റവും മികച്ച ഓട്ടക്കാരി. ഒട്ടേറെ റെക്കോര്‍ഡുകള്‍ക്കുടമ.
തുടര്‍ച്ചയായ നാല് ഏഷ്യന്‍ ഗെയിംസുകളില്‍ മെഡല്‍ നേടുന്ന ആദ്യ ഭാരത അത്‌ലറ്റ്, ഒളിമ്പിക്‌സ് ഓട്ടമത്സരങ്ങളില്‍ പങ്കെടുക്കുന്ന ആദ്യ ഭാരത വനിത. ഏഷ്യന്‍ അത്‌ലറ്റിക് മീറ്റിലെ ഗ്രേറ്റസ്റ്റ് വനിത അത്‌ലറ്റ് അവാര്‍ഡ് നേടിയ ആദ്യ ഇന്ത്യക്കാരി, ഏഷ്യയിലെ മികച്ച അത്‌ലറ്റിനുള്ള അവാര്‍ഡ് തുടര്‍ച്ചയായ അഞ്ചുവര്‍ഷം കരസ്ഥമാക്കിയ വനിത, ഏഷ്യന്‍ ഗെയിംസിലെ ബെസ്റ്റ് അത്‌ലറ്റിനുള്ള സുവര്‍ണപാദുകം കരസ്ഥമാക്കിയ ആദ്യ ഇന്ത്യാക്കാരി. മികച്ച അത്‌ലറ്റിനുള്ള ലോകബഹുമതി തുടര്‍ച്ചയായ രണ്ടുവര്‍ഷങ്ങളില്‍ നേടിയ ഏക ഇന്ത്യാക്കാരി. രാജ്യത്തിനുവേണ്ടി മെഡല്‍ നേട്ടത്തില്‍ സെഞ്ച്വറി. ഭാരത ജെഴ്‌സിയണിഞ്ഞ് 102 മെഡലുകല്‍. സെക്കന്ററിന്റെ നൂറിലൊരംശം സമയത്തിന് ഒളിമ്പിക്‌സില്‍ മെഡല്‍ നഷ്ടപ്പെട്ട ഉഷ നേടിയെടുത്ത മെഡലുകളുടെ പട്ടികയ്‌ക്ക് നീളം വളരെ കൂടുതലാണ്.എത്രയെത്ര റെക്കോര്‍ഡുകളും ബഹുമതികളുമാണ് ഉഷയുടേതു മാത്രമായി നിലനില്‍ക്കുന്നത്. ഭാരത സര്‍ക്കാര്‍ ഇരിപതാം നൂറ്റാണ്ടിന്റെ കായികതാരമായി തെരഞ്ഞെടുത്ത വനിത.
ഉഷയുടെ നേട്ടങ്ങളില്‍ ലോകത്തെ അമ്പരിപ്പിച്ചത് ജക്കാര്‍ത്ത ഏഷ്യന്‍ മീറ്റിലെ പ്രകടനമാണ്. നൂറ്, ഇരുന്നൂറ്, നാനൂറ് മീറ്റര്‍ ഓട്ടം, നാനൂറ് മീറ്റര്‍ ഹര്‍ഡില്‍സ്, 4 ഃ 400 മീറ്റര്‍ റിലേ എന്നിവയില്‍ സ്വര്‍ണം, 4 ഃ 100 മീറ്റര്‍ റിലേയില്‍ വെങ്കലം. അന്താരാഷ്‌ട്ര മേളയില്‍ ആറു മെഡലു മേടുന്ന ആദ്യ താരം. അവസാനത്തേതും. അന്താരാഷ്‌ട്ര മേളയില്‍ മൂന്നിനത്തില്‍ കൂടുതല്‍ ഒരാള്‍ക്ക് മത്സരിക്കാന്‍ കഴിയില്ലന്ന നിയമം വന്നതിനാല്‍ ഉഷയുടെ ഈ റെക്കോര്‍ഡ് തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ല. 2000ല്‍ മുപ്പത്തിയാറാം വയസ്സിലാണ് അന്താരാഷ്‌ട്ര മത്സരങ്ങളില്‍നിന്ന് വിരമിക്കുന്നത്. ഭാവിയിലെ മികച്ച താരങ്ങളെ വാഗ്ദാനം ചെയ്യുന്ന ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സുമായി ഉഷ ഇപ്പോഴും കായികരംഗത്ത് സജീവം. തനിക്ക് നഷ്ടപ്പെട്ട ഒളിമ്പിക്‌സ് മെഡല്‍ തന്റെ പ്രിയ ശിഷ്യരിലൂടെ ഭാരത്തിനുവേണ്ടി നേടും എന്ന ദൃഢനിശ്ചയത്തോടെ. പി.ടി. ഉഷ, ഇന്ത്യ എന്നു മാത്രം വിലാസമെഴുതി ലോകത്തിന്റെ ഏതുഭാഗത്തുനിന്ന് എഴുതുന്ന കത്തും തന്നെ തേടി എത്തുമെന്ന് അഭിമാനത്തോടെ പറയാന്‍ കഴിയുന്ന ഉഷ
പ്രതികരിക്കാൻ ഇവിടെ എഴുതുക: