വാഷിങ്ടണ്‍ : ചൈനയില്‍ കണ്ടെത്തിയ കോവിഡ് വൈറസ് മഹാമാരിയായി ലോക രാഷട്രങ്ങളെ പ്രതിസന്ധിയില്‍ ആക്കിയിരിക്കുകയാണ്. ചൈനയ്ക്ക് തന്നെ ഇതിനെ നിയന്ത്രിക്കാന്‍ സാധിക്കുമായിരുന്നു. ദുരന്തം വിതച്ചുകൊണ്ടുള്ള കോവിഡ് വ്യാപനത്തിന് പിന്നില്‍ ചൈനയാണ് ഉത്തരവാദിയെങ്കില്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വൈറ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ഡിസംബറില്‍ ചൈനീസ് നഗരമായ വുഹാനില്‍ ആരംഭിച്ച കോവിഡില്‍ ഇതുവരെ 160,000 ല്‍ അധികം ആളുകള്‍ മരണമടഞ്ഞിട്ടുണ്ട്. ചൈന ഇതിന് ഉത്തരവാദിയാണെങ്കില്‍ തീര്‍ച്ചയായും ഇതിന് നടപടിയുണ്ടാകുമെന്നും ട്രംപ് പറഞ്ഞു. ഒരു അബദ്ധം നിയന്ത്രണാതീതമാവുന്നതും അബദ്ധം മനപൂര്‍വം ഉണ്ടാക്കുന്നതും തമ്മില്‍ വലിയ വ്യത്യാസമുണ്ട്.
ഇത് സംബന്ധിച്ച് കൃത്യമായ അന്വേഷണം നടത്താന്‍ ചൈന അനുമതി നല്‍കണം. മോശമായത് എന്തോ സംഭവിച്ചിട്ടുണ്ടെന്ന് അവര്‍ക്കറിയാം. അതില്‍ അവര്‍ക്ക് ലജ്ജയുണ്ട്. അതുകൊണ്ടാണ് കൃത്യമായ കണക്കുകള്‍ പോലും പുറത്തുവിടാതിരുന്നത്. നിലവില്‍ കോവിഡ് വ്യാപനത്തിന്റെ കാരണം അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നാണ് അവര്‍ പറയുന്നത്. അവരുടെ അന്വേഷണത്തില്‍ എന്ത് നടക്കുന്നുവെന്ന് നോക്കാം. യുഎസ് തങ്ങളുടെ സ്വന്തം നിലയ്ക്കും അന്വേഷണം നടത്തിവരികയാണെന്നും ട്രംപ് പറഞ്ഞു.
കോവിഡ് വൈറസ് വുഹാനിലെ വൈറോളജി ലാബില്‍ നിന്നും ചോര്‍ന്നതാണെന്നാണ് യുഎസ് പുറത്തുവിട്ട റിപ്പോര്‍ട്ട്. എന്നാല്‍ ഇത് ചൈന തള്ളി. കുടാതെ ചൈന അവകാശപ്പെടുന്ന വിധത്തില്‍ വവ്വാലുകള്‍ വഴിയല്ല വൈറസ് ചോര്‍ന്നതെന്നും യുഎസ് വ്യക്തമാക്കുന്നുണ്ട്. അതേസമയം യുഎസ് സൈന്യമാണ് കോവിഡിനെ ചൈനയിലേക്ക് കൊണ്ടുവന്നത് എന്നായിരുന്നു ചൈനീസ് വിദേശകാര്യമന്ത്രാലയം പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: