തിരുവനന്തപുരം : കോവിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ജനങ്ങളുടെ വ്യക്തി- ആരോഗ്യ വിവരങ്ങളുടെ വന്‍ കൈമാറ്റം നടന്നതായി ആരോപണം. സ്പ്രിംക്ലര്‍ ഇടപാടിന് പിന്നാലെയാണ് ഇതും പുറത്തുവന്നിരിക്കുന്നത്. കോവിഡിന്റെ മറവില്‍ ടെലിമെഡിസിന്‍ സേവനം എന്ന അവകാശപ്പെട്ടാണ് ഈ കമ്പനി ഉദയം ചെയ്തിരിക്കുന്നത്.
രണ്ടുമാസം മുമ്പ് മാത്രം തുടങ്ങിയ ഈ കമ്പനിക്ക് യാതൊരു സുരക്ഷാ കരാറുമില്ലാതെ സംസ്ഥാന ഐടി വകുപ്പ് ടെലി മെഡിസിനുള്ള ചുമതലകള്‍ നല്‍കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കേരളത്തില്‍ കോവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്തശേഷം 2020 ഫെബ്രുവരി 19-നാണ് ക്വിക് ഡോക്ടര്‍ കമ്പനി രജിസ്റ്റര്‍ ചെയ്യുന്നത്. അന്നുതന്നെ കമ്പനിയിലെ ഡയറക്ടര്‍മാര്‍ അംഗങ്ങളായി മറ്റൊരു ധനകാര്യ കമ്പനിയും രജിസ്റ്റര്‍ ചെയ്തു.
ടെലിമെഡിസിന്‍ രംഗത്ത് വാണിജ്യാടിസ്ഥാനത്തില്‍ ബിസിനസ് സ്ഥാപിക്കുകയാണ് ലക്ഷ്യമെന്ന് കമ്പനി തന്നെ പ്രഖ്യാപിച്ചിട്ടുള്ളതാണ്. എന്നാല്‍ ഈ വിവരങ്ങളും ഇതൊരു സ്വകാര്യ കമ്പനിയാണെന്നുമുള്ള വിവരങ്ങള്‍ മറച്ചുവെച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ വിവരങ്ങള്‍ കൈമാറുകയായിരുന്നു. കോവിഡ് കാലത്ത് രോഗികള്‍ക്ക് ആശുപത്രികളില്‍ പോകാനുള്ള ബുദ്ധിമുട്ട് പരിഹരിച്ച് ടെലിമെഡിസിന്‍ സംവിധാനമൊരുക്കുന്നതിന് വേണ്ടിയാണ് ഇതെന്നാണ് ക്വിക് ഡോക്ടറുടെ പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപനം നടത്തിയത്.
തുടര്‍ന്ന് ഈ കമ്പനിക്ക് ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കണമെന്ന് ഐടി മിഷന്‍ ഐഎംഎയ്‌ക്ക് കത്തുനല്‍കി. എന്നാല്‍ ഐഎംഎ പ്രതിനിധികളുമായി ചര്‍ച്ച നടത്താന്‍ ക്വിക് ഡോക്ടര്‍ മുന്നോട്ട് വന്നില്ല പകരം ഐടി സെക്രട്ടറിയുടെ നേതൃത്വത്തിലാണ് ഇവയെല്ലാം പൂര്‍ത്തിയാക്കിയത്.
ദിനം പ്രതി 70 ഓളം കോളുകള്‍ പ്രവര്‍ത്തനം ആരംഭിച്ചതോടെ ക്വിക് ഡോക്ടറിനെ തേടിയെത്തി തുടങ്ങുകയും ചെയ്തു. അതിനിടെ സ്പ്രിംക്‌ളര്‍ വിവാദം വന്നതോടെ ടെലിമെഡിസിന്‍ സേവനം കമ്പനി മരവിപ്പിച്ചു. ഇക്കാര്യം ഡോക്ടര്‍മാരെ അറിയിച്ചിട്ടില്ല. കോള്‍സെന്റര്‍ നമ്പറിലേക്ക് വിളിച്ചാല്‍ കിട്ടില്ല. കമ്പനിയുടെ സേവനത്തെക്കുറിച്ച് പല ഡോക്ടര്‍മാരും ഐഎംഎ ഭാരവാഹികളോട് സംശയം പ്രകടിപ്പിച്ചിരുന്നു. സേവനം കാര്യക്ഷമമല്ലെന്ന് പലരും വ്യക്തമാക്കിയതോടെ ഐഎംഎ നേരിട്ട് ടെലിമെഡിസിന്‍ സേവനം തുടങ്ങുകയായിരുന്നു.
നിലവിലെ അന്തരീക്ഷം കണക്കിലെടത്ത് പെട്ടന്നുണ്ടാക്കിയ കമ്പനിയുമായി സംസ്ഥാന സര്‍ക്കാര്‍ സേവനം ആരംഭിച്ചതാണ് ദുരൂഹതയുണര്‍ത്തുന്നത്. അതേസമയം സാമൂഹികപ്രതിബന്ധതകൊണ്ടാണ് ടെലിമെഡിസിന്‍ സേവനം ലഭ്യമാക്കാമെന്ന് സര്‍ക്കാരിനെ അറിയിച്ചതെന്ന് ക്വിക്ക് ഡോക്ടര്‍ കമ്പനി പ്രതിനിധി പറഞ്ഞു. ഇതിന്റെ ഡേറ്റയെല്ലാം സര്‍ക്കാരിന്റെ നിയന്ത്രണത്തിലാണെന്നും അവര്‍ പറയുന്നത്്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: