തിരുവനന്തപുരം: സ്പ്രിങ്ക്‌ളര്‍ കമ്പനിയുമായി ഐടി സെക്രട്ടറി ശിവശങ്കര്‍ ഒപ്പിട്ട കരാര്‍ രാജ്യത്ത് നിലനില്‍ക്കുന്ന നിയമങ്ങള്‍ പാലിക്കാത്തതും പൗരന്മാരുടെ സ്വകാര്യത സംബന്ധിച്ച സുപ്രീംകോടതി വിധി ഉള്‍പ്പെടെ ലംഘിക്കുന്നതുമാണെന്ന് ബിജെപി വ്യക്താവ് സന്ദീപ് ജി വാര്യര്‍. ഐടി ആക്ടിലെ 43എ, 72എ വകുപ്പുകള്‍ പ്രകാരം വ്യക്തിയുടെ സ്വകാര്യ വിവരങ്ങള്‍ അവരുടെ അനുവാദമില്ലാതെ കൈമാറുന്നത് നിയമവിരുദ്ധമാണെന്ന് സര്‍ക്കാരിന് അറിയില്ലേ ?
അമേരിക്കയിലെ സ്വകാര്യകമ്പനിക്ക് ആരോഗ്യ വിവരങ്ങള്‍ കൈമാറുന്ന കാര്യം നമ്മുടെ പൗരന്മാരെ അറിയിക്കുകയോ, അവരുടെ അനുവാദം വാങ്ങുകയോ ചെയ്തിട്ടില്ല. സാമ്പത്തിക വിവരങ്ങള്‍ കൈമാറുന്നതിനെക്കാള്‍ ഗുരുതരമായ കുറ്റമാണ് ഒരു മനുഷ്യന്റെ ആരോഗ്യ വിവരങ്ങള്‍ കൈമാറുന്നത്. ഉദാഹരണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്റെ ബാങ്ക് ബാലന്‍സ് അടക്കമുള്ള പല സ്വകാര്യ വിവരങ്ങളും അദ്ദേഹത്തിന്റെ ഇലക്ഷന്‍ അഫിഡവിറ്റ്, തെരഞ്ഞെടുപ്പ് കമീഷന്‍ വെബ്‌സൈറ്റില്‍ പരിശോധിച്ചാല്‍ മനസ്സിലാക്കാന്‍ കഴിയും. എന്നാല്‍ സര്‍ക്കാര്‍ ചിലവില്‍ അദ്ദേഹം അമേരിക്കയില്‍ നടത്തിയ ചികിത്സയുടെ ഒരു വിവരവും , അസുഖം എന്താണെന്ന് പോലും പുറത്തു വിടേണ്ടതില്ല. പിണറായി വിജയന്റെ സ്വകാര്യതയെ ബാധിക്കുന്ന സെന്‍സിറ്റീവ് ഡേറ്റയാണ് അത്. അപ്പോഴാണ് ലക്ഷക്കണക്കിന് മലയാളികളുടെ ഹെല്‍ത്ത് ഡേറ്റ അമേരിക്കയിലെ സ്വകാര്യ കമ്പനിക്ക് സര്‍ക്കാര്‍ നിയമവിരുദ്ധമായി കൈമാറിയിരിക്കുന്നത്.
അമേരിക്കയിലെ ഫാര്‍മ കമ്പനികള്‍ക്ക് ഇത്തരം ആരോഗ്യവിവരങ്ങള്‍ ആവശ്യമുണ്ട്. സ്പ്രിംഗ്ലര്‍ കമ്പനി ഇത്തരം വിവരങ്ങള്‍ അമേരിക്കയിലെ ഫാര്‍മ കമ്പനികള്‍ക്ക് വില്‍ക്കില്ല എന്ന കാര്യത്തില്‍ ഒരു ഉറപ്പുമില്ല. കോവിഡ് 19 വൈറസ്, മനുഷ്യ നിര്‍മ്മിതമാണന്നും, ഈ പാന്‍ഡമിക്ക് വലിയ വിപത്തുകള്‍ വിതച്ച ശേഷം, അന്താരാഷ്‌ട്ര മരുന്ന് കമ്പിനികള്‍ പ്രതിരോധ വാക്സിനുകള്‍ രംഗത്തിറക്കുമെന്നും ഇപ്പോള്‍ തന്നെ ആരോപണമുണ്ട്. ഇത് വലിയ സുരക്ഷാ – ആരോഗ്യ വിഷയങ്ങള്‍ക്ക് വഴി വയ്‌ക്കും.
ഐടി സെക്രട്ടറി ശിവശങ്കരന്‍ ഇന്ന് ഏഷ്യാനെറ്റില്‍ നല്‍കിയ അഭിമുഖത്തില്‍ പറയുന്നത് സ്വകാര്യത സംബന്ധിച്ച ഇന്ത്യന്‍ നിയമങ്ങളെക്കാള്‍ അമേരിക്കന്‍ നിയമങ്ങള്‍ കരുത്തുറ്റതാണ് എന്നാണ്. എന്നാല്‍ അമേരിക്കന്‍ കമ്പനി തന്റെ സ്വകാര്യത വില്‍പന ചരക്കാക്കി എന്നുപറഞ്ഞ് ന്യൂയോര്‍ക്കിലെ കോടതിയില്‍ കേസ് കൊടുക്കാന്‍ ഇന്ത്യന്‍ പൗരന് അമേരിക്കന്‍ നിയമപ്രകാരം കഴിയില്ല. അമേരിക്കയിലെ ഡാറ്റ പ്രൊട്ടക്ഷന്‍ നിയമം(ഡിപിആര്‍) അമേരിക്കന്‍ പൗരന്റെ സ്വകാര്യത സംരക്ഷിക്കാന്‍ മാത്രമുള്ള നിയമമാണ്. അമേരിക്കയിലെ ഒരു കോര്‍പറേറ്റ് കമ്പനിയുടെ കൈവശം ഇരിക്കുന്ന മറ്റൊരു രാജ്യത്തിലെ പൗരന്റെ സ്വകാര്യത സംരക്ഷിക്കാന്‍ അമേരിക്കയില്‍ നിയമം ഇല്ല.
കോര്‍പ്പറേറ്റുകളെ സംരക്ഷിക്കുന്ന താല്‍പര്യമാണ് ഇക്കാര്യത്തില്‍ അമേരിക്കക്ക് ഉള്ളത്. അപ്പോള്‍ ഇക്കാര്യത്തില്‍ ഐടി സെക്രട്ടറി ശിവശങ്കരന്‍ കളവ് പറഞ്ഞിരിക്കുന്നു. സ്പ്രിങ്ക്‌ളറുമായി ഉണ്ടാക്കിയ കരാര്‍ ഏകപക്ഷീയവും കമ്പനിയുടെ താല്പര്യങ്ങള്‍ മാത്രം സംരക്ഷിക്കുന്നതും ആണ്.
അതുകൊണ്ട് കരാര്‍ ഉടനടി റദ്ദ് ചെയ്യുകയും കൈമാറിയ ഡേറ്റ മുഴുവന്‍ കൃത്യമായ സര്‍ക്കാര്‍ നിരീക്ഷണത്തിലുള്ള സെര്‍വറിലേക്ക് തിരികെ വാങ്ങുകയും വേണം. കമ്പനിയുടെ ഉടമസ്ഥര്‍, ജീവനക്കാര്‍ എന്നിവരില്‍നിന്ന് ഡേറ്റ മറ്റാര്‍ക്കും കൈമാറിയിട്ടില്ല എന്നും ഇനി കൈമാറ്റം ചെയ്യില്ല എന്നും സത്യവാങ്മൂലം എഴുതി വാങ്ങണം. കമ്പനിക്ക് കൈമാറ്റം ചെയ്യപ്പെട്ട ഓരോ ഡാറ്റ പോയിന്റിനും നഷ്ടപരിഹാരം വാങ്ങി കേരളത്തില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ആളുകള്‍ക്ക് നല്‍കണം. ഐടി സെക്രട്ടറി ശിവശങ്കരനെ ഉടനടി പുറത്താക്കണം. ഉന്നതതല അന്വേഷണം നടത്തണമെന്നും ബിജെപി ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: