മാലി സിറ്റി: മാലിദ്വീപില്‍ കോവിഡ് വ്യാപനം അതിന്റെ രണ്ടാം ഘട്ടത്തിലേയ്ക്ക് കടന്നു. നിലവില്‍ 34 രോഗികളില്‍ കൊറോണ സ്ഥിരീകരിക്കപ്പെട്ടതിനെ തുടര്‍ന്ന് പ്രതിരോധ നടപടികളുടെ ഭാഗമായി സര്‍ക്കാര്‍ 14 ദിവസത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. രാജ്യ തലസ്ഥാനമായ മാലി സിറ്റിയും സമീപ ദ്വീപുകളായ ഹുളുമാലെ,വിലിമാലെ എന്നീ ദ്വീപുകളും ഇതില്‍ പെടുന്നു.
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഏകദേശം 1200 ഓളം ദ്വീപുകളുള്ക്കൊള്ളുന്ന ഇന്ത്യയുടെ അയല്‍ രാജ്യമാണ് മാലിദ്വീപ്. ജനവാസമുള്ള 200 ദ്വീപുകളും വിനോദ സഞ്ചാര കേന്ദ്രങ്ങളായ 154 ദ്വീപുകളും ചേര്‍ന്ന രാജ്യത്ത് മാര്‍ച്ച് 7ാം തിയതിയാണ് ആദ്യമായി കൊറോണ രോഗം സ്ഥിരീകരിച്ചത്.
ഇറ്റലിയില്‍ നിന്നുള്ള വിനോദസഞ്ചാരികളില്‍ നിന്ന് രോഗ പകര്ച്ചയുണ്ടായ സാഹചര്യത്തില്‍ കുറേദു വിലമെന്തു, ബട്ടാല, കുറമതി തുടങ്ങിയ റിസോര്‍ട്ടുകള്‍ സര്‍ക്കാര്‍ ക്വാറന്റ്റൈന്‍ കേന്ദ്രങ്ങളാക്കി ലോക്ക് ഡൗണ്‍ ചെയ്തു. തുടര്‍ന്ന് രാജ്യം വേണ്ടത്ര ജാഗ്രതയോടെ ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങളനുസരിച്ച് പ്രതിരോധ നടപടികള്‍ സ്വീകരിച്ചിരുന്നു. ഏപ്രില്‍ 1 വരെ വിദേശസഞ്ചാര സാഹചര്യമുള്ളവരും പ്രവാസികളുമുള്‍പ്പടെ 19 രോഗികള്‍ മാത്രമുണ്ടായിരുന്ന രാജ്യത്തെ, രണ്ട് ലക്ഷത്തോളം ജനങ്ങള്‍ അധിവസിക്കുന്ന രാജ്യതലസ്ഥാനമായ മാലിയില്‍ പുതുതായി പതിനഞ്ചോളം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ടത്.
പരിശോധിക്കപ്പെടാത്ത ഏകദേശം നൂറോളം രോഗികള്‍ നിലവില്‍ രാജ്യത്ത് ഉണ്ടാവാമെന്നും ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും നാഷണല്‍ എമര്‍ജന്‍സി ഒപ്പറേഷന്‍സ് പ്രതിനിധി ഡോ. ഷീനാ മൂസ മുന്നറിയിപ്പ് നല്കി. ആരോഗ്യരംഗത്തും വ്യാപാര വാണിജ്യ മേഖലയിലും ഇന്ത്യയെയും ശ്രീലങ്കയെയും പ്രധാനമായും ആശ്രയിക്കുന്ന രാജ്യത്ത് രോഗവ്യാപനമുണ്ടായാല്‍ പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടാവും എന്നുള്ളത് കൊണ്ട് രാജ്യത്തെ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന ഏകദേശം അയ്യായിരത്തോളം ഇന്ത്യക്കാര്‍ ലോക്ക് ഡൗണ്‍ കരുതലിലാണ്. വൈകാരികമായ ദുരിതാവസ്ഥയേക്കാള് പ്രായോഗിക സമീപനങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കേണ്ട സാഹചര്യമായതിനാല്‍ നിലവില്‍ ആശങ്കാകുലരാകേണ്ട സാഹചര്യമൊന്നും നിലനില്ക്കുന്നില്ല. എന്നിരുന്നാലും കൂടുതല്‍ രോഗവ്യാപനമുണ്ടായാല്‍ മറ്റു രാജ്യങ്ങളിലെ പോലെ പ്രവാസികള്‍ പ്രതിസന്ധിയിലാകും.
മാലിദ്വീപിലെ ഇമിഗ്രേഷന്‍ അതോറിറ്റിയുടെ 2019 ജനുവരിയിലെ കണക്കനുസരിച്ച് ഒരുലക്ഷത്തി നാല്പത്തിനാലായിരത്തി അറുനൂറ് വിദേശികള്‍ രാജ്യത്ത് ജോലി ചെയ്യുന്നു, അതില്‍ 63000 പേര് വേണ്ടത്ര രേഖകളില്ലാത്തവരുമാണ്, പ്രത്യേകിച്ച് ബംഗ്ലാദേശില്‍ നിന്നുള്ളവര്‍. സാര്‍ക്ക് രാജ്യങ്ങളിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്ന ഇന്ത്യ, ഓപ്പറേഷന് സഞ്ജീവനിയുടെ ഭാഗമായി 6.2 ടണ്‍ അവശ്യമരുന്നും 2459 ടണ്‍ അരിയും 670 ടണ്‍ പഞ്ചസാരയും നിര്‍മ്മാണ മേഖലയ്ക്കായി 5000 ടണ്‍ സിമന്റും ഇന്ത്യന്‍ എംബസി വഴി മാലിദ്വീപില്‍ എത്തിച്ചിട്ടുള്ളത് ആശ്വാസകരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: