വുഹാന്‍ : ലോകരാഷ്ട്രങ്ങളില്‍ പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ട് കോവിഡ് രോഗം ആദ്യം എത്തിയത് വുഹാനിലെ വനിതാ ഡോക്ടര്‍ക്കു മുമ്പില്‍. ചൈനയിലെ ഔദ്യോഗിക മാധ്യമങ്ങളാണ് ഇതുസംബന്ധിച്ചുള്ള റിപ്പോര്‍ട്ട് ആദ്യം പുറത്തുവിട്ടത്. വൈറസിന്റെ സ്രോതസ്സ് എവിടെയാണെന്ന് ചൈന വെളിപ്പെടുത്തുന്നില്ലെന്ന യുഎസ് ഉള്‍പ്പടെയുള്ള രാജ്യങ്ങളുടെ ആരോപണത്തിന് പിന്നാലെയാണ് ഇതുസംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്.
ഡിസംബര്‍ 25ന് ഹ്യൂബെ പ്രവിശ്യാ ആശുപത്രിയില്‍ എത്തിയ വൃദ്ധദമ്പതിമാര്‍ക്കാണ് ആദ്യമായി രോഗബാധ കണ്ടെത്തിയതെന്നാണ് ചൈനയുടെ റിപ്പോര്‍ട്ട്. രോഗം മൂര്‍ച്ഛിച്ചതോടെ ഇവര്‍ വുഹാനില്‍ തന്നെയുള്ള ഒരു വനിതാ ഡോക്ടറുടെ അടുത്ത് ചികിത്സയ്ക്കായി എത്തുകയായിരുന്നു. വൃദ്ധദമ്പതിമാരുടെ സിടി സ്കാന്‍ പരിശോധിച്ച ശ്വാസകോശ രോഗ വിദഗ്ധനായ ഷാങ് ജിക്സിയാന് എന്ന വനിതാ ഡോക്ടര്‍ അവരുടെ മകനേയും നിര്‍ബന്ധിച്ച് സ്കാനിങ്ങിന് വിധേയമാക്കി. ഇതോടെ പതിവ് രോഗത്തില്‍ നിന്നും വിഭിന്നമായ അവസ്ഥ ഇവരെ ബാധിച്ചതായി കണ്ടെത്തി ഷാങ് ചികിത്സയിക്ക് വിധേയമാക്കുകയായിരുന്നു.
പിറ്റേന്ന് എത്തിയ രോഗികളുടെ സ്കാനിങ്ങിലും സമാന അവസ്ഥ കണ്ടെത്തിയതോടെ പകര്‍ച്ചവ്യാധി ആകാന്‍ സാധ്യതയുണ്ടെന്ന കണക്കു കൂട്ടലില്‍ ഉന്നത കേന്ദ്രങ്ങളിലേക്ക് ഇതുസംബന്ധിച്ചുള്ള വിവരങ്ങള്‍ കൈമാറുകയായിരുന്നു. തുടര്‍ന്ന് വുഹാനില്‍ പകര്‍ച്ചവ്യാധി ചികിത്സയ്ക്കായി സജ്ജമാക്കിയിട്ടുള്ള ജിന്‍യിന്റാന്‍ ആശുപത്രിയില്‍നിന്നു വിദഗ്ധര്‍, ഡോ. ഷാങ്ങിന്റെ ആശുപത്രിയിലെത്തി രോഗികളെ പരിശോധിച്ചു. എല്ലാ ഡോക്ടര്‍മാരും നഴ്സുമാരും മാസ്ക് ധരിക്കണമെന്ന് ഡോ. ഷാങ് നിര്‍ദ്ദേശം നല്കി.
ആശുപത്രിയുടെ ഒരു വിഭാഗം അടച്ച് മറ്റ് രോഗികള്‍ക്ക് പ്രവേശനം ഇല്ലാതെയാണ് ആദ്യഘട്ടത്തില്‍ ഷാങ് ചികിത്സ ആരംഭിച്ചത്. കുടുതല്‍ പേര്‍ക്ക് വൈറസ ബാധ സ്ഥിരീകരിച്ചതോടെ കൂടുതല്‍ ആശുപത്രികള്‍ കൂടി സജ്ജമാക്കി ചികിത്സാ സംവിധാനങ്ങള്‍ ഒരുക്കുകയും നിയന്ത്രങ്ങള്‍ കൊണ്ടുവരികയുമായിരുന്നു.
അതേസമയം ചൈനയിലെ വെറ്റ് മാര്‍ക്കറ്റില്‍ നിന്നല്ല മറിച്ച് വുഹാനിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നാണ് വൈറസ് പുറത്തെത്തിയതെന്ന് അമേരിക്കന്‍ മാധ്യമമായ ഫോക്സ് ന്യൂസ് വെളിപ്പെടുത്തി. ആവശ്യമായ സുരക്ഷാ കരുതലുകളൊന്നുമില്ലാതെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജോലി ചെയ്തിരുന്ന ഒരാളില്‍ നിന്നാണ് രോഗം പടര്‍ന്നു പിടിച്ചതെന്നാണ് ഫോക്സ് ന്യൂസ് വ്യക്തമാക്കുന്നത്.
ചൈനയിലെ അമേരിക്കന്‍ എംബസി വുഹാന്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സുരക്ഷയെക്കുറിച്ച് രണ്ടു വര്‍ഷം മുമ്പ് തന്നെ സംശയം പ്രകടിപ്പിച്ചിരുന്നതാണ്. അമേരിക്കയെ കടത്തിവെട്ടി ലോകത്തെ എല്ലാ വൈറസുകളേയും കണ്ടെത്താനും അതിന്റെ ചികിത്സ കണ്ടുപിടിക്കാനുമുള്ള ചൈനയുടെ ശ്രമമാണ് വൈറസ് പുറത്തെത്താന്‍ കാരണമായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആവശ്യമായ യാതൊരു സുരക്ഷ ക്രമീകരണങ്ങള്‍ ഒരുക്കാതെയാണ് വുഹാന്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവരുമെന്നും ട്രംപും അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: