ന്യൂദല്‍ഹി: രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം 13,835 ആയി ഉയര്‍ന്നു. ഇതില്‍ 11,616 ആണ് ആക്ടീവ് കേസുകള്‍. 1,767 പേര് രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. മരണം 452. വൈറസ് ബാധിതരുടെ എണ്ണം ഇരട്ടിക്കുന്നതിന്റെ ശരാശരി 6.2 ദിവസമായി ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറില്‍ പുതിയ 1007 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
1,919 ആശുപത്രികള്‍ സജ്ജീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയ വക്താവ് ലാവ് അഗര്‍വാള്‍ അറിയിച്ചു. 1.73 ലക്ഷം ഐസൊലേഷന്‍ ബെഡ്ഡുകളും 1,800 ഐസിയുകളും ഒരുക്കിയിട്ടുണ്ട്. ഇതുവരെ 3,19,400 കൊറോണ പരിശോധനകള്‍ നടത്തി. ഇന്നലെ മാത്രം 28,340 പരിശോധനകളാണ് നടന്നത്. ചൈനയില്‍ നിന്നെത്തിയ അഞ്ചു ലക്ഷം പരിശോധനാ കിറ്റുകള്‍ കരുതല്‍ ശേഖരമായി സൂക്ഷിക്കും. എല്ലാ സംസ്ഥാനങ്ങള്‍ക്കും റാപ്പിഡ് പരിശോധനാ കിറ്റുകള്‍ നല്‍കിക്കഴിഞ്ഞതായും ആരോഗ്യമന്ത്രാലയ വക്താവ് അറിയിച്ചു.
രാജ്യത്തെ സ്വകാര്യ സ്കൂളുകളില്‍ വാര്‍ഷിക ഫീസ് ഉയര്‍ത്തുന്നത് സംബന്ധിച്ച് പുനരാലോചന നടത്തണമെന്ന് സ്വകാര്യ സ്കൂളുകളോട് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേശ് പൊഖ്റിയാല് നിര്‍ദേശിച്ചു. ഫീസ് നാലുതവണയായി വാങ്ങണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.
കൂടുതല്‍ ഇളവുകള്‍ നല്കി കേന്ദ്രം
ന്യൂദല്‍ഹി: ലോക്ഡൗണില്‍ നിന്ന് കൂടുതല്‍ മേഖലകള്‍ക്ക് കൂടി ഇളവ് നല്കി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവ്. ഇത് സംബന്ധിച്ച നിലവിലെ മാര്‍ഗരേഖയുടെ പരിഷ്കരിച്ച രൂപം എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കൈമാറി.
ഇളവ് അനുവദിച്ച മേഖലകള്‍ ചുവടെ:
വനത്തില്‍നിന്നുള്ള ചെറുവിഭവങ്ങള്‍ ആശ്രയിച്ച് കഴിയുന്നവര്‍ക്കും പട്ടികവര്‍ഗക്കാര്‍ക്കും തടി അല്ലാതെയുള്ള വനവിഭവങ്ങള്‍ ശേഖരിക്കുന്നതും വിളവെടുക്കുന്നതിനും സംസ്കരിക്കുന്നതിനും അനുമതി നല്‍കും.
മുള, തേങ്ങ, അടയ്ക്ക, കൊക്കോ, സുഗന്ധവിള പ്ലാന്റേഷനുകള്‍, അവയുടെ വിളവെടുപ്പ്, സംസ്കരണം, പാക്കേജിങ്, വിപണനം എന്നിവയും അനുവദനീയമാണ്. ഭവന വായ്പാ സ്ഥാപനങ്ങള്‍, ചെറുകിട ധനകാര്യ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള ബാങ്കിങ് ഇതര ധനകാര്യസ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് കുറഞ്ഞ ജീവനക്കാരെ നിയോഗിച്ച് പ്രവര്‍ത്തിക്കാം.
ഗ്രാമീണ മേഖലയിലെ കുടിവെള്ളം, ശുചിത്വം എന്നിവയുമായി ബന്ധപ്പെട്ട നിര്‍മാണ പ്രവര്‍ത്തനങ്ങളും വൈദ്യുതി വിതരണം, ടെലികോം കമ്പനികളുടെ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ സ്ഥാപിക്കല്‍ തുടങ്ങിയവും മറ്റു അനുബന്ധ പ്രവൃത്തികളും അനുവദിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: