തിരുവനന്തപുരം: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെയുള്ള പിണറായി വിജയന്‍ സര്‍ക്കാരിന്റെ പ്രതികാര നടപടി തുടരുന്നു. ജേക്കബ് തോമസ് അനധികൃതമായി സ്വത്തുസമ്പാദിച്ചെന്നും ഇതില്‍ കേസ് എടുക്കണമെന്നുമാണ് സര്‍ക്കാര്‍ ക്രൈംബ്രാഞ്ചിന് നല്‍കിയ നിര്‍ദേശം. തമിഴ്‌നാട്ടിലുള്ള ബിനാമി സ്വത്ത് ഇടപാടില്‍ തോമസിനെതിരെ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ ഇതിനു മുന്‍പ് ഉത്തരവിട്ടിരുന്നു. എന്നാല്‍ ജേക്കബ് തോമസ് ഹൈക്കോടതിയില്‍ നിന്നും ഇതിനെതിരെ സ്‌റ്റേ വാങ്ങിയിരുന്നു.
ജേക്കബ് തോമസ് ഈ മാസം 30-ന് സര്‍വീസില്‍ നിന്നും കാലാവധി പൂര്‍ത്തിയാക്കി വിരമിക്കാനിരിക്കുകയാണ്. 1985 ബാച്ച് ഐപിഎസ് ഓഫിസറാണു ജേക്കബ് തോമസ്. ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെ വിമര്‍ശിച്ചതിന് 2017 മുതല്‍ സസ്പെന്‍ഷനിലായിരുന്നു. തുടര്‍ന്ന് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഡിജിപി തസ്തികയിലാണ് ജേക്കബ് തോമസിനെ ഷൊര്‍ണൂര്‍ മെറ്റല്‍ ഇന്‍ഡസ്ട്രീസ് എംഡിയായി സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ നിയമിച്ചിരിക്കുന്നത്. ഐഎഎസ്- ഐപിഎസ് ഉദ്യോഗസ്ഥരില്‍ ചിലരുടെ വൈരാഗ്യ ബുദ്ധിയാണെന്നും തനിക്കെതിരെയുള്ള കേസുകള്‍ക്ക് പിന്നിലെന്ന് ജേക്കബ് തോമസ് വെളിപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: