തിരുവനന്തപുരം: സാറെ… പണം എടുത്തിട്ട് കൈ സാനിറ്റൈസര്‍ ഉപയോഗിച്ച് വൃത്തിയാക്കണെമെന്നു പറയുന്ന എടിഎം മെഷീന്‍, മുത്തശ്ശനോട് വീട്ടിനകത്ത് അടങ്ങിയിരിക്കാന്‍ പറയുന്ന മുത്തശ്ശി, കൊറോണക്കാലത്ത് വഴിയില്‍ കറങ്ങി നടന്ന് തനിക്ക് പണിയുണ്ടാക്കരുതെന്ന് ഉപദേശിക്കുന്ന യമദേവന്‍ തുടങ്ങിയ നിരവധി ചിത്രങ്ങള്‍ കൊറോണക്കെതിരായ ബോധവല്‍ക്കരണത്തില്‍ കാര്‍ട്ടൂണിസ്റ്റിന്റെ പങ്ക് എന്തെന്ന് തെളിയിക്കുകയാണ് ഹകു എന്ന ഹരി തന്റെ വരകളിലൂടെ.

കൊറോണക്കെതിരായ പോരാട്ടത്തില്‍ ബോധവല്‍ക്കരണത്തിന് പ്രശക്തി വളരെ വലുതാണെന്ന ആശയമാണ് ഹകുവിനെ ഇത്തരത്തിലുള്ള കാര്‍ട്ടൂണുകളിലേക്ക് വഴിതെളിച്ചത്. സംസ്ഥാന ശുചിത്വമിഷനാണ് വരകളിലെ ആശയങ്ങള്‍ കൊറോണ പ്രതിരോധത്തിന് സഹായിക്കുമെന്ന് തിരിച്ചറിഞ്ഞ് ഹകുവിനെ സമീപിച്ചത്. സോപ്പുപയോഗിച്ച് കൈകഴുകല്‍, സാമൂഹിക അകലം, ക്വാറന്റയിലിന്റെ പ്രാധാന്യം, സാനിറ്ററൈസിന്റെ ഉപയോഗം തുടങ്ങി ആരോഗ്യ വകുപ്പിന്റെ ആശയങ്ങള്‍ ജനങ്ങളിലെത്തിക്കുക എന്നതായിരുന്നു ദൗത്യം.

ഈ ആശയങ്ങള്‍ ജനങ്ങളുമായി സംവദിക്കുന്ന കാര്‍ട്ടൂണുകളായി ഹകുവിന് ജനങ്ങള്‍ക്കിടയിലേക്ക് എത്തിക്കാന്‍ സാധിച്ചു. പരമ്പരാഗത കാര്‍ട്ടൂണ്‍ ശൈലിവിട്ട് തികച്ചും അനുവാചകരുമായി സംവധിക്കുന്ന ജീവസുറ്റ കാര്‍ട്ടൂണുകളായിരുന്നു ഹകുവിന്റേത്. ഇന്ന് പ്രചാരത്തിലുള്ളതില്‍ ഏറ്റവും അധികം കൊറോണ ബോധവല്‍ക്കരണ കാര്‍ട്ടൂണുകളും ഹകുവിന്റേതാണ്.

ശുചിത്വ മിഷനു വേണ്ടി ഇംഗ്ലീഷിലും മലയാളത്തിലുമായി പതിനഞ്ചു കാര്‍ട്ടൂണുകളും ആരോഗ്യവകുപ്പിന്റെ തിരുവനന്തപുരം ജില്ലാ വിഭാഗത്തിനു വേണ്ടി അഞ്ചു കാര്‍ട്ടൂണുകളും പ്രചാരത്തിലുണ്ട്. മനുഷ്യരുടെ നര്‍മ്മം കലര്‍ന്ന കാര്‍ട്ടൂണുകളെ കൂടാതെ പക്ഷികളെയും അറബിക്കഥയിലെ അലാവുദീനെയും വരെ ഹകു കഥാപാത്രങ്ങളാക്കി.

നവമാധ്യമങ്ങള്‍ വഴി തന്റേതായ സ്വതന്ത്ര കാര്‍ട്ടൂണുകളും ബോധവല്‍ക്കരാണത്തിനായി പ്രചരിപ്പിക്കുന്നുണ്ട്. സാമൂഹ്യ തിന്‍മകളായ പുകവലി, മദ്യപാനം, സ്ത്രീപീഡനം, മാലിന്യം, റോഡു സുരക്ഷ എന്നിങ്ങനെ വിവിധ വിഷയങ്ങളില്‍ സ്വന്തമായി അമ്പതോളം കാര്‍ട്ടുണ്‍ പ്രദര്‍ശനവും ഇതിനകം നടത്തിയിട്ടുണ്ട്. പോലീസ് സ്റ്റേഷനുകളിലെ പിരിമുറുക്കം കുറയ്‌ക്കാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ മുന്‍കൈ എടുത്ത് നടപ്പാക്കിയ പോലീസ് സ്റ്റേഷനുകളില്‍ കാര്‍ട്ടൂണ്‍ സ്ഥാപിച്ചത് ഹകുവിന്റേതാണ്.

നര്‍മ്മം നിറഞ്ഞ കാര്‍ട്ടൂണ്‍ വരക്കുന്ന ഹകു ചിത്രരചന പഠിച്ചിട്ടില്ല. കഴിഞ്ഞ 35 വര്‍ഷമായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നു. കഴക്കൂട്ടം സ്വദേശിയായ ഹകുവിന്റെ മുന്നറിയിപ്പ് ചിത്രങ്ങളാണ് സംസ്ഥാനത്തുടനീളം കെഎസ്ഇബി പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. കോടികള്‍ ചിലവഴിച്ച് സര്‍ക്കാര്‍ മറ്റ് ബോധവല്‍ക്കരണ പ്രചാരണം നടത്തുന്നിതിനേക്കാളും ഉപകരിക്കുന്നുണ്ട് കൊറോണയ്‌ക്കെതിരെ ഹകുവിന്റെ വരകളിലൂടെയുള്ള ബോധവല്‍ക്കരണം.



പ്രതികരിക്കാൻ ഇവിടെ എഴുതുക: