ന്യൂദല്‍ഹി: ഇന്ത്യ സഹകരിച്ചില്ലെങ്കിലും പാക്കിസ്ഥാനില്‍ ക്രിക്കറ്റ് നിലനില്‍ക്കുമെന്ന് പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡിന്റേത് വെറും വീമ്പുപറച്ചില്‍. കൊറോണ വ്യാപനം മൂലം നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡിന് ഇന്ത്യയുടെ ഒരു സഹായവും ഇല്ലാതെ നിലനില്‍ക്കാനാവുമെന്ന് പറഞ്ഞത് ബോര്‍ഡ് ചെയര്മാന് ഇഹ്സാന്‍ മാനി ആയിരുന്നു. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഇന്ത്യ-പാക്കിസ്ഥാന് ക്രിക്കറ്റ് പരമ്പര നടത്തണമെന്ന നിര്‍ദേശവുമായി രംഗത്തു വന്നത് പാക് മുന്‍ താരം ഷൊഐബ് അക്തറായിരുന്നു. ഷഹീദ് അഫ്രീദിയും റമീസ് രാജയും ഇതിനെ പിന്തുണച്ച് രംഗത്തെത്തി. എന്നാല്‍, ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി, കപില്‍ദേവ്, സുനില്‍ ഗവാസ്കര്‍ എന്നിവര്‍ ഈ നിര്‍ദേശത്തെ തള്ളി. ഇന്ത്യക്ക് ഇപ്പോള്‍ ക്രിക്കറ്റ് കളിച്ച് പണം ഉണ്ടാക്കേണ്ട കാര്യമില്ലെന്നായിരുന്നു ഇവര്‍ പ്രതികരിച്ചത്. ഇതോടെയാണ്, ഇന്ത്യ ഇല്ലെങ്കിലും പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡിന് ഒന്നും സംഭവിക്കില്ലെന്ന വീമ്പുമായി മാനി രംഗത്തെത്തിയത്. എന്നാല്‍, മുന്‍നിശ്ചയിച്ചതുപ്രകാരം നടക്കേണ്ടിയിരുന്ന ഇന്ത്യയുടെ രണ്ട് പാക്കിസ്ഥാന് പര്യടനങ്ങള്‍ റദ്ദാക്കിയതിന്റെ പേരില്‍ മാത്രം കഴിഞ്ഞ അഞ്ചു വര്‍ഷം പാക്കിസ്ഥാന് നഷ്ടമായത് 700 കോടിയിലധികം രൂപയാണെന്നു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
മുംബൈ ഭീകരാക്രമണത്തിനു പിന്നാലെ 2008ലാണ് പാക്കിസ്ഥാനുമായുള്ള ക്രിക്കറ്റ് ബന്ധം ഇന്ത്യ അവസാനിപ്പിച്ചത്. ഇന്ത്യയ്ക്കെതിരായ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പാക്കിസ്ഥാന് സ്വന്തം മണ്ണില്‍ താവളമൊരുക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണു പാക്കിസ്ഥാനുമായുള്ള ഉഭയകക്ഷി ക്രിക്കറ്റ് ബന്ധങ്ങള്‍ ഇന്ത്യ നിര്‍ത്തിവച്ചത്. അതിനുശേഷം ഇരു രാജ്യങ്ങളും നേരിട്ട് പോരാടിയത് ഐസിസി ടൂര്‍ണമെന്റുകളിലും ഏഷ്യാകപ്പിലും മാത്രം. ഇന്ത്യയുമായുള്ള പരമ്പരയ്ക്ക് പാക്കിസ്ഥാന് ഐസിസിയിലും മറ്റുമായി സമ്മര്‍ദം ശക്തമാക്കിയെങ്കിലും ഇന്ത്യ വഴങ്ങിയില്ല. വിഷയത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ശക്തമായ നിലപാട് സ്വീകരിച്ചു. ഇതോടെ, കേന്ദ്രസര്‍ക്കാര്‍ അനുമതി ഇല്ലാതെ പാകിസ്ഥാനുമായി കളിക്കില്ലെന്ന് ബിസിസിഐയും പ്രഖ്യാപിച്ചു.
ഇന്ത്യയുമായുള്ള പരമ്പരകള്‍ നഷ്ടമായതോടെ പാക്കിസ്ഥാന് കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ടിവി സംപ്രേക്ഷണ വരുമാനത്തില്‍ 700 കോടിയോളം രൂപയുടെ കുറവുണ്ടായെന്ന റിപ്പോര്‍ട്ട്. പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡുമായി കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ടിവി സംപ്രേക്ഷണത്തിന് കരാറുണ്ടാക്കിയ ടെന്‍ സ്പോര്‍ട്സ്, പിടിവി ചാനലുകള്‍ കരാര്‍പ്രകാരം നല്‍കേണ്ടിയിരുന്നത് ഏകദേശം 1140 കോടിയോളം രൂപ. ഇതില്‍ മുന്തിയ പങ്കും ഇന്ത്യയുമായുള്ള മത്സരങ്ങള്‍ക്കായിരുന്നു. ഇതോടെ, ചാനലുകള്‍ക്ക് ഏതാണ്ട് 700 കോടിയോളം രൂപ പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡിനു തിരികെ നല്‍കേണ്ടി വരുകയായിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: