ന്യൂദല്‍ഹി : കള്ളപ്പണം വെളുപ്പിച്ചതിന് തബ്‌ലീഗ് ജമാഅത്ത നേതാവ് മൗലാനാ സാദിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. ലോക്ഡൗണ്‍ ലംഘിച്ച് നമിസാമുദ്ദീനില്‍ മത സമ്മേളനം നടത്തിയതിന് മര്‍ക്കസ് മേധാവി കൂടിയായ ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് പുതിയ കേസും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ജമാഅത്തിന്റെ വിദേശ ഇടപാടുകളെ സംബന്ധിച്ചും എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം നടത്തി വരികയാണ്. ഇതുമായി ബന്ധപ്പെട്ട് നിര്‍ണ്ണായക വിവരം ലഭിച്ചതായാണ് വിവരം. ഇതല്ലാം കണക്കിലെടുത്താണ് മൗലാനാ സാദിനെതിരെ കേസെടുത്തിരിക്കുന്നത്. കോവിഡ് നീരിക്ഷണത്തില്‍ കഴിയുന്ന ഇയാളെ എത്രയും പെട്ടന്ന് അധികൃതര്‍ ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്.
തബ്‌ലീഗ് ജമാഅത്ത് മര്‍ക്കസിന്റെ പണമിടപാടുകളെക്കുറിച്ചും എന്‍ഫോഴ്‌സ്‌മെന്റ് ഇതോടൊപ്പം അന്വേഷിക്കും. വിദേശത്ത് നിന്നും ഇതുമായി ബന്ധപ്പെട്ട് നടത്തിയ ഫണ്ട് കൈമാറ്റത്തെ കുറിച്ചും അന്വേഷണം നടത്തുന്നുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
നിയമ വിരുദ്ധമായി നിസാമുദ്ദീനില്‍ മത സമ്മേളനം നടത്തിയതിന്് ദല്‍ഹി ക്രൈംബ്രാഞ്ചാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. 1897ലെ പകര്‍ച്ച വ്യാധി നിരോധന നിയമത്തിന്റെ അടിസ്ഥാനത്തില്‍ മൗലാനാ സാദിനെ കൂടാതെ അഞ്ച് പേരേയും കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്. ലോക്ഡൗണ്‍ ലംഘിക്കുകയും അധികൃതരെ അറിയിക്കാതേയും നടത്തിയ മത സമ്മേളനത്തിനുശേഷം ഇതില്‍ പങ്കെടുത്ത നിരവധി പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
അതേസമയം ദല്‍ഹിയില്‍ നടന്ന മത സമ്മേളനത്തില്‍ മൗലാന മുഹമ്മദ് സാദ് സര്‍ക്കാര്‍ വിരുദ്ധ പ്രസംഗവും നടത്തിയിരുന്നു. കൊവിഡ് 19നുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ പാലിക്കരുതെന്നായിരുന്നു പ്രസംഗത്തിലൂടെ ഇയാള്‍ ആഹ്വാനം ചെയ്തത്. ഇതിന്റെ വീഡിയോ ക്ലിപ്പുകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: