ന്യൂദല്‍ഹി: നിയന്ത്രണങ്ങള്‍ ലംഘിച്ച് ദല്‍ഹിയിലെ നിസാമുദ്ദീനില്‍ നടത്തിയ തബ്ലീഗ് മര്‍ക്കസ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ സ്വയം വിവരം വെളിപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ അന്ത്യശാസനം നല്കി. വിവരം വെളിപ്പെടുത്താതെ, സമൂഹമധ്യത്തില്‍ കഴിയുന്നവരെ കണ്ടെത്തി കടുത്ത നിയമനടപടികള്‍ സ്വീകരിക്കാനും കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചു.
സമ്മേളനം കഴിഞ്ഞ് പല സംസ്ഥാനങ്ങളിലേക്ക് പോയവര്‍ രോഗം പടര്‍ത്തിയതോടെയാണ് നിയന്ത്രണത്തിലായിരുന്ന കൊറോണ ബാധ പൊടുന്നനെ പെരുകിയത്. മഹാരാഷ്ട്ര, ദല്‍ഹി, തമിഴ്നാട്, യുപി, മധ്യപ്രദേശ്, രാജസ്ഥാന്, തെലങ്കാന, കര്‍ണാടകം തുടങ്ങി മിക്ക സംസ്ഥാനങ്ങളിലും രോഗബാധ ഉയരാന്‍ കാരണം സമ്മേളനത്തില്‍ പങ്കെടുത്തവരാണെന്ന് തെളിഞ്ഞിരുന്നു.
ഇതേത്തുടര്‍ന്ന് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ വിവരം അതത് സംസ്ഥാനങ്ങളിലെ അധികൃതരെ അറിയിച്ച് ഐസൊലേഷനില്‍ പ്രവേശിക്കണമെന്ന് കേന്ദ്രം നിര്‍ദേശിച്ചിരുന്നു. സമ്മേളനത്തില്‍ പങ്കെടുത്ത 9000ത്തിലേറെ പേരില്‍ കുറേപ്പേര് വിവരം അറിയിച്ച് രോഗ പരിശാധന നടത്തുകയും ക്വാറന്റൈനില്‍ പോവുകയും ചെയ്തിരുന്നു. എന്നാല്‍ അനവധി പേര് വിവരം മൂടിവച്ച് സമൂഹമധ്യത്തില്‍ കഴിയുന്നുണ്ട്. മഹാരാഷ്ട്രയും ദല്‍ഹിയും അടക്കം പല സംസ്ഥാനങ്ങളിലും രോഗവ്യാപനം തുടരുന്നത് സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ നിന്നാണെന്ന് വ്യക്തമായതോടെയാണ് കേന്ദ്രം അന്ത്യശാസനം നല്‍കിയത്. വിവരം മറച്ചുവച്ച് രോഗം പരത്തുകയും നിരപരാധികളുടെ മരണത്തിന് ഇടയാക്കുകയും ചെയ്താല്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിന് കേസ് എടുക്കാം.
കേരളത്തില്‍ നിന്ന് 410 പേരാണ് സമ്മേളനത്തില്‍ പോയത്. എന്നാല്‍ 200 ലേറെപ്പേര്‍ മാത്രമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ വാദം. ദല്‍ഹിയില്‍ രോഗം ബാധിച്ച 1578 പേരില്‍ 1080 പേരും (68.4 ശതമാനം) സമ്മേളനത്തില്‍ പങ്കെടുത്തവരാണെന്ന് ദല്‍ഹി ആരോഗ്യ മന്ത്രി സത്യേന്ദര്‍ ജെയിന് വെളിപ്പെടുത്തി. ഇവിടെ 32 പേരാണ് മരിച്ചത്. 29 പേര് ഐസിയുവിലാണ്. അഞ്ചു പേര് വെന്റിലേറ്ററിലും.
മഹാരാഷ്ട്രയിലെ ധാരാവിയില്‍ മര്‍ക്കസില്‍ പങ്കെടുത്തയാളാണ് രോഗം വിതച്ചത്. ഇയാള്‍ അടക്കം എട്ടു പേരാണ് മരിച്ചത്. രോഗം ബാധിച്ചവര്‍ 71 ആയി. മഹാരാഷ്ട്രയില്‍ രോഗം ബാധിച്ചവര്‍ 3081 ആണ്. മരണം 187. രാജ്യത്ത് രോഗം ബാധിച്ച് മരിച്ചവരുടെ (414) 45 ശതമാനം വരുമിത്.
തമിഴ്നാട്ടില്‍ മരണം 15. രോഗബാധ 1267. ഏപ്രില്‍ 7ന് 690 കേസുകളാണ് തമിഴ്നാട്ടിലുണ്ടായിരുന്നത്. ഇപ്പോഴത് 1267 ആയി. ഒന്‍പതു ദിവസം കൊണ്ട് ഇരട്ടിയായി. ഇതില്‍ 1079 രോഗികളും സമ്മേളനത്തില്‍ പങ്കെടുത്തവരോ അവരുടെ ബന്ധുക്കളോ ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: