ആലപ്പുഴ: ആരോഗ്യ, വിദ്യാഭ്യാസ രംഗങ്ങളിലെ കേരളത്തിന്റെ പുരോഗതി രാജഭരണ കാലത്ത് മുതല്‍ തന്നെയുള്ളതാണെന്ന് മന്ത്രി ജി. സുധാകരന്. പിണറായി സര്‍ക്കാരാണ് എല്ലാ വികസന മുന്നേറ്റങ്ങളുടെയും നേരവകാശികളെന്ന രീതിയില്‍ കൊണ്ടു പിടിച്ച പ്രചാരണം നടക്കുമ്പോഴാണ്, ഇതിനെയെല്ലാം ഖണ്ഡിച്ച് ജി. സുധാകരന് രംഗത്തെത്തിയതെന്നാണ് ശ്രദ്ധേയം. കൊറോണ കാലത്തെ ചില ചിന്തകള്‍ എന്ന പേരിലുള്ള ഫേസ്ബുക്ക് വീഡിയോയിലാണ് സഖാക്കളുടെ ‘തള്ളലുകളെ’ അദ്ദേഹം പൊളിച്ചടുക്കുന്നത്.
രാജഭരണം മുതല്‍ തന്നെ ആരോഗ്യ, വിദ്യാഭ്യാസ രംഗങ്ങളില്‍ നമ്മള് മുന്നിലായിരുന്നു. അതിന്റെ തുടര്‍ച്ചയാണ് കൊറോണയ്ക്കെതിരായ പ്രവര്‍ത്തനങ്ങളിലും നമുക്ക് നേട്ടമായത്. നിരവധി ആശുപത്രികളാണ് രാജഭരണകാലത്ത് ആരംഭിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, യൂണിവേഴ്സിറ്റി തുടങ്ങിവയെല്ലാം രാജഭരണകാലത്ത് തന്നെ ആരംഭിച്ചു. സ്ത്രീ വിദ്യാഭ്യാസ രംഗത്തും തിരുവിതാംകൂര്‍ മുന്നിലായിരുന്നു. ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ കോളേജുകളിലും, വിദ്യാലയങ്ങളിലും പോയിരുന്നത് ഇവിടെയായിരുന്നു എന്നും സുധാകരന് ഓര്‍മിപ്പിക്കുന്നു.
നമ്മുടെ സഹജമായ, പ്രകൃതിദത്തമായ സവിശേഷതകളും തുണയായിട്ടുണ്ട്. ഇപ്പോഴത്തെ സര്‍ക്കാരും മികച്ച രീതിയിലാണ് കൊറോണയ്ക്കെതിരായ പോരാട്ടം നയിക്കുന്നത്. അമേരിക്കയും, യൂറോപ്പും അടക്കമുള്ള മുതലാളിത്ത രാജ്യങ്ങള്‍ കൊറോണയ്ക്കെതിരായ യുദ്ധത്തില്‍ പരാജയപ്പെട്ടപ്പോള്‍ ഇന്ത്യ മികച്ച രീതിയിലാണ് നേരിട്ടത്. 130 കോടിയിലേറെ ജനങ്ങളുള്ള ഇന്ത്യയില്‍ വളരെ കുറച്ചു പേര്‍ക്കു മാത്രമാണ് രോഗം വന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത് നമ്മുടെ ആത്മവിശ്വാസം വളര്‍ത്തുന്നതായും സുധാകരന് പറഞ്ഞു. കാര്‍ഷിക മേഖലയ്ക്ക് ഇളവുകള്‍ നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം നല്ല നടപടിയാണ്. കാര്‍ഷിക രാജ്യമായ ഇന്ത്യ കാര്‍ഷികരംഗത്തെ മികച്ച പ്രവര്‍ത്തനത്തിലൂടെ മുന്നേറുമെന്നും അദ്ദേഹം പറഞ്ഞു. പണമില്ലെന്ന് പറഞ്ഞ് ധനമന്ത്രി വിഷമിക്കേണ്ടതില്ലെന്നും സുധാകരന് വ്യക്തമാക്കി.
തോമസ് ഐസക്ക് അടക്കമുള്ള ചില മന്ത്രിമാര്‍ നടത്തുന്ന കേന്ദ്രവിരുദ്ധ നീക്കങ്ങളെയും തള്ളിപറയുന്നതാണ് സുധാകരന്റെ ഫേസ്ബുക്ക് വീഡിയോ. കൊറോണയ്ക്കെതിരായ പോരാട്ടം, സാമൂഹിക രംഗത്തെ മുന്നേറ്റങ്ങള്‍ തുടങ്ങിയവയെല്ലാം ഏതെങ്കിലും ഒരു സര്‍ക്കാരിന്റെ മാത്രം നേട്ടമല്ലെന്നും, നൂറ്റാണ്ടുകളായി തുടരുന്ന മുന്നേറ്റത്തിന്റെ ഭാഗം മാത്രമാണെന്നുമുള്ള അദ്ദേഹത്തിന്റെ നിലപാട് പിണറായി വിജയന്റെ പിആര്‍ പ്രവര്‍ത്തനം ഏറ്റെടുത്തവര്‍ക്കും കൂടിയുള്ള മറുപടിയായി വിലയിരുത്തപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: