മധൂര്‍: മധൂര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഉദയഗിരിയില്‍ നടന്നുവരുന്ന സമൂഹ അടുക്കളയെ തകര്‍ക്കാന്‍ വ്യാജവാര്‍ത്തയുമായി സിപിഎം മുഖപത്രമായ ദേശാഭിമാനി രംഗത്ത്. അര്‍ഹരായവര്‍ക്ക് ഉപകാരപ്പെടുന്നില്ലെന്ന വ്യാജ ആരോപണവുമായാണ് ഇവര്‍ രംഗത്ത് വന്നിരിക്കുന്നത്.
ഉദയഗിരി വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തിനോട് അനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന സമൂഹ അടുക്കള ആരംഭിച്ച മാര്‍ച്ച് 28 മുതല്‍ ഇന്നലെവരെ 6051ലധികം പേര്‍ക്കാണ് ഭക്ഷണം വിതരണം ചെയ്തത്. ഇതില്‍ 5230 ലധികം പേരും അതിഥി തൊഴിലാളികളാണ്. കൂടാതെ ഉദയഗിരിയിലുള്ള താല്‍ക്കാലിക കോവിഡ് ആശുപത്രിയിലെ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും സൗജന്യമായി രണ്ടുനേരത്തെ ആഹാരം ഈ സമൂഹ അടുക്കളയില്‍ നിന്നാണ് നല്‍കുന്നത്.
ജാഗ്രതാ സമിതികള്‍ കണ്ടെത്തുന്ന പ്രകാരം അര്‍ഹരായവര്‍ക്ക് ആവശ്യപ്പെടുന്ന മുറയ്ക്ക് തികച്ചും സൗജന്യമായി രണ്ടുനേരം ഇവിടെ നിന്ന് ആഹാരം തയ്യാറാക്കി നല്‍കുന്നുണ്ടെന്ന് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു. സര്‍ക്കാര്‍ തീരുമാനപ്രകാരം രുപീകരിക്കപ്പെട്ട വാര്‍ഡംഗം കണ്‍വീനറായുള്ള ജാഗ്രതാ സമിതികളാണ് അര്‍ഹരെ കണ്ടെത്തി പട്ടിക തയ്യാറാക്കി കൊടുക്കുന്നത്. ദിവസവും ചുരുങ്ങിയത് 450ഓളം പേര്‍ക്കുള്ള ഭക്ഷണം ഇവിടെ രണ്ടുനേരവുമായി തയ്യാറാക്കി വിതരണം ചെയ്യുന്നുണ്ട്. ഇതില്‍ 400പേര് അതിഥി തൊഴിലാളികളാണ്.
ഏറ്റവും കൂടുതല്‍ ഭക്ഷണം നല്‍കുന്നത് ലീഗ് ജനപ്രതിനിധിയായ 18-ാം വാര്‍ഡിലേക്കാണ്. ഇവിടെ 100ലധികം പേര്‍ക്കാണ് ഭക്ഷണം നല്‍കുന്നത്. ഏറ്റവും നല്ല രീതിയില്‍ ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കുന്ന സമൂഹ അടുക്കളക്കെതിരെ വ്യാജവാര്‍ത്ത ചമച്ച് തകര്‍ക്കാനുള്ള ശ്രമത്തിനെതിരെ വന്‍ പ്രതിഷേധമാണ് പ്രദേശവാസികള്‍ക്കിടയില്‍ ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: