തിരുവനന്തപുരം: കൊറോണ വിവരണശേഖരണത്തിന് സ്പ്രിങ്ക്ളര്‍ കമ്പനിയുമായുള്ള ഇടപാടില്‍ മുഖ്യമന്ത്രിയും സര്‍ക്കാരും കൂടുതല്‍ പ്രതിരോധത്തില്‍.
ആരോപണം മുഖ്യമന്ത്രി പിണറായി വിജയന്റെ ബന്ധുക്കളിലേക്കും നീളുന്നു. പ്രതിരോധിക്കാനായി മുഖ്യമന്ത്രി നിരത്തുന്ന വാദങ്ങള്‍ ദുര്‍ബലമാണെന്നാണ് വിലയിരുത്തല്‍. ഇതോടെ സ്പ്രിങ്ക്ളര്‍ ഇടപാട് കൂടുതല്‍ ദുരൂഹമാവുകയാണ്.
കരാര്‍ സൗജന്യമാണെന്നാണ് മുഖ്യമന്ത്രി ആദ്യം പറഞ്ഞത്. എന്നാല്‍ ഇതു കൊറോണ കാലം തീരുന്നത് വരെ മാത്രമാണെന്ന് മുഖ്യമന്ത്രി തന്നെ കഴിഞ്ഞ ദിവസം സമ്മതിച്ചു.
നിയമ, ധന വകുപ്പുകള്‍ അറിഞ്ഞില്ല നിയമവകുപ്പും ധനവകുപ്പും കരാര്‍ കാണാത്തത് വലിയ അഴിമതികളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. സാമ്പത്തികമായ ഇടപാട് ഇല്ലാത്തതുകൊണ്ട് അഴിമതി ഇല്ല എന്നു മുഖ്യമന്ത്രി പറയുന്നു. എന്നാല്‍ ആരോഗ്യവിവരങ്ങള്‍ അടങ്ങിയ ഒരാളുടെ ഡാറ്റയ്ക്ക് മാര്‍ക്കറ്റില്‍ 10,000 മുതല്‍ 75,000 രൂപ വരെ മൂല്യമുണ്ടെന്നാണ് പഠനങ്ങളില്‍ നിന്നു വ്യക്തമാവുന്നത്. ഒന്നേമുക്കാല്‍ ലക്ഷം പേരുടെ ഡാറ്റയാണ് സ്പ്രിങ്ക്ളര്‍ എന്ന അമേരിക്കന്‍ കമ്പനിക്ക് ലഭിച്ചത്. കൊറോണയുടെ മറവില്‍ സ്വകാര്യ കമ്പനിക്ക് കോടിക്കണക്കിന് രൂപയുടെ വരുമാനമുണ്ടാക്കാനുള്ള വഴിതുറക്കുകയായിരുന്നു സര്‍ക്കാര്‍.
ഇടപാട് സര്‍ക്കാര്‍ ബോധപൂര്‍വം മറച്ചുവച്ചെന്ന ആരോപണവും ഉയരുന്നുണ്ട്. ഇടപാട് വിവാദമായതിന് പിന്നാലെ കമ്പനി ഏപ്രില്‍ 11, 12 തീയതികളിലാണ് ഐടി സെക്രട്ടറിക്ക് സുരക്ഷ സംബന്ധിച്ച കത്ത് നല്‍കിയത്. കരാര്‍ ഒപ്പിടുമ്പോള്‍ ഈ വിശദീകരണം എന്തുകൊണ്ടണ്ട് കൊടുത്തില്ലെന്ന ചോദ്യം അവശേഷിക്കുന്നു.
നേട്ടങ്ങളെല്ലാം സ്വന്തമാക്കി സ്പ്രിങ്ക്ളര്‍ കേരളത്തിലെ മുഖ്യമന്ത്രിയുടെയും ഐടി സെക്രട്ടറിയുടെയും ചിത്രവും വീഡിയോയും ഉപയോഗിച്ച് സ്പ്രിങ്ക്ളര്‍ അമേരിക്കയില്‍ പ്രചരണം നടത്തുകയാണ്. വര്‍ഷങ്ങളായി കേരളം ആരോഗ്യ രംഗത്ത് കൈവരിച്ച നേട്ടങ്ങള്‍ ഒരു കമ്പനി തങ്ങളുടെതാണെന്ന് വരുത്തിയാണ് പ്രചാരണം നടത്തുന്നത്. പോലീസിന്റെ ഡാറ്റാ ശേഖരണവുമായി ബന്ധപ്പെട്ട് ഊരാളുങ്കല്‍ സൊസൈറ്റിക്ക് സര്‍ക്കാര്‍ കരാര്‍ നല്‍കിയിയത് ഹൈക്കോടതി പിന്നീട് റദ്ദാക്കിയതും നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
കമ്പനി കരാര്‍ ലംഘനം നടത്തിയാല്‍
മുന്നൂറ്റമ്പത് കോടിയുടെ ഡാറ്റാ തട്ടിപ്പ് നടത്തിയെന്ന്, പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിരുന്ന കമ്പനിയില്‍ നിന്നും സ്പ്രിങ്ക്ളര്‍ നിയമനടപടി നേരിടുന്നുണ്ട്. മൈക്രോ സോഫ്റ്റ്, ഗൂഗിള്‍, ഫയര്‍ഫോക്സ് തുടങ്ങിയ വിദേശ കമ്പനികളും സമാനമായ നിയമനടപടി നേരിടുന്നുണ്ടെന്ന് ന്യായീകരണമാണ് ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഉന്നയിക്കുന്നത്.
പാര്‍ട്ട്ണര്‍ കമ്പനിയുടെ ഡാറ്റാ മോഷ്ടിച്ചു എന്നതാണ് കേസ്. ഇത്തരത്തിലുള്ള കമ്പനിയുമായി സര്‍ക്കാര്‍ ഇടപാട് ആരംഭിച്ചത് നിയമവകുപ്പിന്റെ അനുമതിയോടെയല്ല എന്നത് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്നുണ്ട്. സാധാരണ വിദേശ കമ്പനികളുമായി കരാറില്‍ ഏര്‍പ്പെടുമ്പോള്‍ ഇന്ത്യയിലെ നിയമം ബാധകമാകുന്ന തരത്തിലായിരിക്കും. എന്നാല്‍ ഇതും ഇവിടെ ലംഘിച്ചു.
കമ്പനി ഭാവിയില്‍ കരാര്‍ ലംഘനം നടത്തിയാല്‍ സര്‍ക്കാരിന് അമേരിക്കയില്‍ നിലനില്‍ക്കുന്ന നിയമത്തിന് അനുസരിച്ചു മാത്രമെ നിയമനടപടി സ്വീകരിക്കാന്‍ സാധിക്കുകയുള്ളൂ. ഇത് കനത്ത സാമ്പത്തിക ബാധ്യതയാകും എന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: