തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേന്ദ്ര നൈപുണ്യ വികസന സംരംഭക മന്ത്രാലയത്തിന്റെ (എം.എസ്.ഡി.ഇ) ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന ദേശീയ നൈപുണ്യ പരിശീലന കേന്ദ്രം (എന്‍.എസ്.ടി.ഐ) പോലീസ് ഉദ്യോഗസ്ഥര്‍ക്കും പൊതുജനങ്ങള്‍ക്കും മൂന്നു ദിവസം കൊണ്ട് തയാറാക്കി വിതരണം ചെയ്തത് 500ലേറെ മുഖാവരണങ്ങള്‍. സംസ്ഥാന പൊലീസിന്റെ അഭ്യര്‍ത്ഥന പ്രകാരം പുനരുപയോഗിക്കാവുന്ന മുഖാവരണങ്ങള്‍ വലിയ തോതില്‍ നിര്‍മ്മിക്കാനുള്ള ചുമതല എന്‍.എസ്.ടി.ഐ ഏറ്റെടുത്തിട്ടുണ്ട്. കോവിഡ് 19 ന്റെ വ്യാപനത്തിന്റെ വെളിച്ചത്തില്‍ പൊതുസ്ഥലങ്ങളില്‍ മുഖാവരണം ധരിക്കുന്നത് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മാസ്ക് നിര്‍ബന്ധമാക്കിയ സാഹചര്യത്തിലാണിത്.
എല്ലാവരേയും ബാധിക്കുന്ന വെല്ലുവിളികളിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്ന് എന്‍.എസ്.ടി.ഐ.യുടെ സേവനങ്ങളെ പ്രകീര്‍ത്തിച്ച കേന്ദ്ര നൈപുണ്യ വികസന, സംരംഭകത്വ മന്ത്രി ഡോ. മഹേന്ദ്ര നാഥ് പാണ്ഡെ പറഞ്ഞു. മുഖാവരണം തയാറാക്കി നല്‍കാമെന്ന വാഗ്ദാനം സ്വീകരിച്ച കേരളത്തിലെ നോഡല്‍ ഓഫീസര്‍ പി. പ്രകാശ് ഐ.പി.എസിന് അദ്ദേഹം നന്ദി രേഖപ്പെടുത്തി. രാജ്യത്ത് കോവിഡിന് എതിരായ പോരാട്ടത്തില്‍ മറ്റ് വകുപ്പുകള്‍ക്കൊപ്പം കേന്ദ്ര നൈപുണ്യ വികസന സംരംഭക മന്ത്രാലയത്തിനും തങ്ങളുടേതായ പങ്ക് വഹിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്ത് എന്‍.എസ്.ടി.ഐയിലെ വസ്ത്രനിര്‍മാണ വിഭാഗം, പരിശീലകര്‍, പരിശീലനാര്ത്ഥികള് എന്നിവരെല്ലാം സമൂഹത്തിന് വേണ്ടി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. 25,000 ഇരട്ടപ്പാളി മുഖാവരണങ്ങള്‍ നിര്‍മ്മിക്കാനുള്ള ഉത്തരവാദിത്തമാണ് എന്‍.എസ്.ടി.ഐ ഏറ്റെടുത്തിട്ടുളളത്. ഇക്കാര്യത്തില്‍ കേരള പോലീസ് എല്ലാ സാമഗ്രികളും പിന്തുണയും നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്.
കോവിഡിന് എതിരായ പോരാട്ടത്തിന്റെ ഭാഗമായി രാജ്യത്തുടനീളമുള്ള എന്‍.എസ്.ടി.ഐകളും ഐ.ടി.ഐകളും നിരവധി പരിപാടികള്‍ ആവിഷ്കരിച്ച് നടപ്പാക്കി വരുന്നുണ്ട്. രാജ്യത്തൊട്ടാകെ മൊത്തം 15,697 ഐ.ടി.ഐകളാണുള്ളത്. ഇതില്‍ 3,055 എണ്ണം സര്‍ക്കാര്‍ മേഖലയിലും 12,642 എണ്ണം സ്വകാര്യമേഖലയിലുമാണ്. പിഎം കെയര്‍ ഫണ്ടിലേക്ക് 1.6 കോടിയിലധികം രൂപയും ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും സംഭാവന ചെയ്യാനും കഴിഞ്ഞിട്ടുണ്ട്.
കോവിഡ് രോഗ ബാധയുള്ളവരെ പാര്‍പ്പിക്കുന്നതിനുള്ള നിരീക്ഷണ കേന്ദ്രങ്ങളായോ കുടിയേറ്റ തൊഴിലാളികളുടെ അഭയകേന്ദ്രങ്ങളായോ മാറ്റുന്നതിന് എന്‍.എസ്.ടി.ഐകളും ഐ.ടി.ഐകളും വിട്ടു നല്‍കാമെന്നും അറിയിച്ചിട്ടുണ്ട്.
രാജ്യമൊട്ടാകെ പോലീസ് ഉദ്യോഗസ്ഥര്‍ക്കും പൊതുജനങ്ങള്‍ക്കും ഉപയോഗിക്കുന്നതിനായി എന്‍.എസ്.ടി.ഐകളും ഐ.ടി.ഐകളും 1.02 ലക്ഷം മാസ്കുകള്‍ നിര്‍മ്മിച്ചു നല്കി. കൂടാതെ, 17 സംസ്ഥാനങ്ങളിലെ 99 ജില്ലകളിലായി പ്രവര്‍ത്തിക്കുന്ന 101 ജനശിക്ഷന്‍ സന്‍സ്ഥാനു (ജെഎസ്എസ്) കളും ലോക്ക് ഡൗണ്‍ കാലയളവില്‍ ബന്ധപ്പെട്ട ജില്ലാ ഭരണകൂടങ്ങള്‍ക്കായി ഇതുവരെ 5 ലക്ഷം മാസ്കുകള്‍ നിര്‍മ്മിച്ചു നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: