ധാക്ക: കൊവിഡ് 19 പശ്ചാത്തലത്തിൽ കടലിൽ കുടുങ്ങിയ ബോട്ടിൽ 24 റോഹിംഗ്യൻ അഭയാർഥികൾ വിശന്നു മരിച്ചു. ബംഗ്ലാദേശ് തീരത്തെ അഭയാർത്ഥി ക്യാമ്പിൽ നിന്ന് മലേഷ്യയിലേക്കുള്ള യാത്രമധ്യേയാണ് ബോട്ട് കടലിൽ അകപ്പെട്ടത്.
412 പേരടങ്ങിയ ബോട്ട്, മലേഷ്യൻ തീരത്ത് കൊവിഡ് പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചതിനെ തുടർന്ന് കരയ്‌ക്കടുപ്പിക്കാനാകാതെ മടങ്ങുകയായിരുന്നു. 58 ദിവസങ്ങളായി കടലിൽ അലഞ്ഞുതിരിയുകയായിരുന്നു. റോഹിംഗ്യൻ അഭയാർത്ഥികൾക്ക് വേണ്ടി കഴിഞ്ഞ മൂന്ന് ദിവസങ്ങളായി നടത്തിയ തെരച്ചിലിനൊടുവിലാണ് ബംഗ്ലാദേശ് ബുധനാഴ്ച രാത്രിയോടെ ബോട്ട് കണ്ടെത്തിയത്.
ബോട്ടിലുണ്ടായിരുന്ന 382 പേരെ തെക്‌നാഫിലേക്ക് തിരികെ എത്തിച്ചതായി ബംഗ്ലാദേശ് വക്താവ് ലെഫ്റ്റനെന്റ് ഷാ സിയ റഹ്മാൻ പറഞ്ഞു. ബോട്ടിൽ വച്ച് തന്നെ പട്ടിണിമൂലം 30 പേർ മരിച്ചിട്ടുണ്ടെന്നും ഇവരുടെ മൃതദേഹം ബോട്ടിലുണ്ടായിരുന്നവർ കടലിലെറിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മ്യാൻമറിനോട് ചേർന്നുള്ള ബംഗ്ലാദേശ് അതിർത്തിയിൽ ഒരു മില്യണോളം റോഹിംഗ്യൻ അഭയാർത്ഥികളാണ് താമസിക്കുന്നത്. ജോലിയോ, വരുമാനമോ, പഠന സൗകര്യങ്ങളോ ഇല്ലാത്തതിനാൽ മലേഷ്യ, തായ്‌ലൻഡ് പോലുള്ള മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറിപ്പാർക്കാൻ ആയിരക്കണക്കിന് റോഗിംഗ്യകളാണ് ശ്രമിക്കുന്നത്.
കഴിഞ്ഞ ഒരു വർഷത്തിനിടെ മലേഷ്യയിലേക്കുള്ള ബോട്ടിനായി കാത്തുനിൽക്കുന്നതിനിടെ ആയിരം റോഹിംഗ്യൻ അഭയാർത്ഥികളെ ബംഗ്ലാദേശ് ഭരണകൂടം പിടികൂടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: