അസാധാരണ സാഹചര്യങ്ങള്‍ അസാധാരണ നടപടികള്‍ ആവശ്യപ്പെടാറുണ്ട്. അവയില്‍ ചിലത് ന്യായീകരിക്കാവുന്നതുമാണ്. എന്നാല്‍ പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ടുണ്ടായ അടിയന്തര സാഹചര്യത്തെ ചില നേതാക്കള്‍ എല്ലാ അധികാരങ്ങളും തട്ടിയെടുക്കാനുള്ള അവസരമായി ഉപയോഗിക്കുന്നുവെന്നും സ്വേച്ഛാധിപത്യ ഭരണകൂടങ്ങളായി ഉയര്‍ന്നുവരികയാണെന്നും വിമര്‍ശകര്‍ പറയുന്നുണ്ട്.
ഇന്നിപ്പോള്‍, കൊറോണയ്ക്കെതിരായ പോരാട്ടത്തിന് പാര്‍ലമെന്റ് തടസ്സമായതായി ഹംഗറിയുടെ പ്രധാനമന്ത്രി വിക്ടര്‍ ഓര്ബന് തോന്നി. പാര്‍ലമെന്റിലെ ഭൂരിപക്ഷം ഉപയോഗിച്ച് അദ്ദേഹം അടിയന്തിര അധികാരങ്ങള്‍ സ്വന്തമാക്കി. നീതിന്യായവ്യവസ്ഥയെ നോക്കുകുത്തിയാക്കി. അദ്ദേഹത്തിന് ഇപ്പോള്‍ ഹംഗറിയെ കേവലം ഉത്തരവുകളിലൂടെ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും. ഏത് വിമര്‍ശനവും അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ വിളിച്ചു വരുത്തും. പരമ്പരാഗത ജനാധിപത്യ രാജ്യങ്ങളായ ബ്രിട്ടന്, ഇസ്രായേല്‍ എന്നിവപോലും പകര്‍ച്ചവ്യാധിക്കെതിരായ പോരാട്ടത്തില്‍ അടിയന്തിര നടപടികളിലേക്ക് തിരിയാന്‍ നിര്‍ബന്ധിതരായിട്ടുണ്ട്. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെത
ന്യാഹു കോടതികള്‍ അടച്ചുപൂട്ടാന്‍ ഉത്തരവിട്ടു (ചിലര്‍ ഇത് സ്വന്തം പ്രോസിക്യൂഷനില്‍ നിന്ന് രക്ഷപ്പെടാനുള്ള നടപടിയാണെന്ന് വിമര്‍ശിക്കുന്നുണ്ട്). പൗരന്മാരെക്കുറിച്ച് വ്യാപകമായ നിരീക്ഷണം നടത്താന്‍ ആഭ്യന്തര സുരക്ഷാ ഏജന്‍സികളെ ചുമതലപ്പെടുത്തി. ലോക്ക്ഡൗണ്‍ നിയമലംഘകര്‍ക്ക് ആറ് മാസത്തെ തടവുശിക്ഷയും നല്കുന്നു.
നന്നായി പ്രവര്‍ത്തിക്കുന്ന ജനാധിപത്യ സ്ഥാപനങ്ങളും നടപടികളുമുള്ള ബ്രിട്ടന്, പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട ബില്ലിലൂടെ, പൗരന്മാരെ അനിശ്ചിതകാലത്തേക്ക് തടങ്കലില്‍ വയ്ക്കാനും അറസ്റ്റുചെയ്യാനും വിവിധ മന്ത്രാലയങ്ങള്‍ക്ക് അധികാരങ്ങള്‍ നല്‍കേണ്ടി വന്നു. ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക്ക്, പ്രസ്തുത ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമ്പോള്‍, ”ഞങ്ങള്‍ ഞങ്ങളുടെ സ്ഥിരം പാതയില്‍ നിന്ന് വ്യതിചലിച്ചിരിക്കുന്നു” എന്ന് സമ്മതിച്ചു. ഫിലിപ്പൈന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യുര്‍ട്ടെ, തായ്ലന്ഡ് പ്രധാനമന്ത്രി പ്രയൂത്ത് ചാന്-ഓച്ച എന്നിവര്‍ക്ക് അതത് സര്‍ക്കാരുകള്‍ പരമോന്നത അധികാരങ്ങള്‍ നല്കി. ഇറ്റലി സ്പെയിന് എന്നീ രാജ്യങ്ങള്‍ക്ക് തങ്ങളുടെ ആയിരകണക്കിന് പൗരന്മാരെ ക്വാറന്റൈന് ചെയ്യുന്നതിന് സൈന്യത്തെ ഉപയോഗിക്കേണ്ടി വന്നു. ഹംഗറി, ജര്‍മനി, ലെബനന്, മലേഷ്യ, പെറു തുടങ്ങി നിരവധി രാജ്യങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ സൈന്യത്തെ തെരുവിലിറക്കേണ്ടിവന്നു. ബ്രിട്ടന് 20,000 ത്തോളം സൈനികരുള്‍കൊള്ളുന്ന ”കോവിഡ് റെസ്പോണ്‍സ് ഗ്രൂപ്പ്” രൂപീകരിച്ചു.
യുഎസില്‍, ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം തുടക്കത്തില്‍ വിചാരണ കൂടാതെ ആളുകളെ അനിശ്ചിതകാലത്തേക്ക് തടങ്കലില്‍ വയ്ക്കാനും അഭയാര്‍ഥികള്‍ക്ക് നിയമ പരിരക്ഷ അവസാനിപ്പിക്കാനും ഉള്ള അധികാരം ആവശ്യപ്പെട്ടിരുന്നു. ഈ സൂചിപ്പിച്ച കാര്യങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയില്‍ കൈകൊണ്ട നടപടികളുമായി ഒന്നു താരതമ്യം ചെയ്തു നോക്കാം. അടിയന്തിര അധികാരങ്ങള്‍ അദ്ദേഹം ആവശ്യപ്പെടുകയോ നടപ്പിലാക്കുകയോ ചെയ്തിട്ടില്ല. വിചാരണ കൂടാതെ തടങ്കലില്‍ വെക്കല്‍, സെന്‍സര്‍ഷിപ്പ് എന്നിവ പോലുള്ള ക്രൂരമായ നടപടികളൊന്നും ഉപയോഗിച്ചിട്ടില്ല. വ്യാജ വാര്‍ത്തകളില്‍ ജാഗ്രത പാലിക്കുകയും ഔദ്ദ്യോഗിക സ്ഥിതിവിവരകണക്കുകള്‍ക്ക് പ്രാധാന്യം നല്‍കുകയും ചെയ്യണമെന്നു മാത്രമാണ് സുപ്രീം കോടതി മാധ്യമങ്ങളോട് ആവശ്യപ്പെട്ടത്. മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാന്‍ ശ്രമിക്കുന്നു എന്നത് തെറ്റായ വാര്‍ത്തയാണ്.
മോദി പകര്‍ച്ചവ്യാധിക്കെതിരായ പോരാട്ടത്തിന് ജനങ്ങളെ അതിവിദഗ്ധമായി അണിനിരത്തിയിട്ടുണ്ട്. സൈന്യത്തെ തെരുവിലിറക്കിയിട്ടില്ല. അടിസ്ഥാനപരമായ മനുഷ്യാവകാശങ്ങളൊന്നും നിഷേധിച്ചിട്ടില്ല. ലോക്ക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ഭൂരിഭാഗവും സ്വമേധയാ പാലിക്കാവുന്നതും പൊതുജനനന്മ ലക്ഷ്യംവച്ചുള്ളതുമാണ്. കൂടുതല്‍ കഠിനമായ നടപടികള്‍ എടുക്കാന്‍ അദ്ദേഹത്തോട് നിര്‍ദ്ദേശിച്ചിട്ടില്ലെന്നല്ല. എന്നിട്ടും സ്വേച്ഛാധിപത്യത്തെ ആശ്രയിക്കാതെ ജനാധിപത്യ മാര്‍ഗങ്ങളെ പിന്തുടരാന് മോദി തീരുമാനിച്ചു. ”ലോകമഹായുദ്ധം പോലെയുള്ള ഒരു സാഹചര്യം” എന്ന് അദ്ദേഹം തന്നെയാണ് നിലവിലുള്ള സാഹചര്യത്തെ വിശേഷിപ്പിച്ചത്. എന്നിട്ടും അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പ്രതിബദ്ധതയുള്ള ജനാധിപത്യവാദിയായാണ് അദ്ദേഹം നിലകൊള്ളുന്നത്. കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ മോദിയുടെ ആയുധം ഇന്ത്യയിലെ 130 കോടി ജനങ്ങളുടെ വിശ്വാസമാണ്. രാഷ്ട്രീയ നേതൃത്വം, ബ്യൂറോക്രസി, ജനതാ ജനാര്‍ദ്ദന്‍. അടുത്തിടെ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് തന്റെ സൈനികസഖ്യത്തെ വിശേഷിപ്പിച്ചത് ഇങ്ങനെയാണ്. ഇന്ത്യയിലെ പകുതി സംസ്ഥാന സര്‍ക്കാരുകളും ഭരിക്കുന്നത് ബിജെപി ഇതര പാര്‍ട്ടികളാണെങ്കിലും മോദിക്ക് ഒരു എതിര്‍പ്പും നേരിടേണ്ടി വന്നിട്ടില്ല. ഇത് അദ്ദേഹത്തിന്റെ വിശ്വാസ്യതയുടെ നിലവാരം കാണിക്കുന്നു. പ്രസിഡന്റ് ട്രംപും ന്യൂയോര്‍ക്ക് ഗവര്‍ണറായ ആന്‍ഡ്രൂ ക്യൂമോയും അടുത്തിടെ നടത്തിയ വാഗ്വാദം ഇവിടെ ഓര്‍ക്കാം.
മോദി സര്‍ക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട മാനമാണിത്. ജനാധിപത്യത്തെ കുറിച്ചുള്ള ജനങ്ങളുടെ, ജനങ്ങള്‍ക്കു വേണ്ടി, ജനങ്ങളാല്‍ ധാരാളം ഉദ്ധരണികള്‍ കേള്‍ക്കാറുണ്ട്. എന്നിരുന്നാലും, മിക്ക ജനാധിപത്യ രാജ്യങ്ങളിലും, ”ജനങ്ങളാല്‍” എന്നത് മിക്കപ്പോഴും സംഭവിക്കാറില്ല. മോദി അതിന് മാറ്റം വരുത്തി. പൗരന്മാരെ അദ്ദേഹം വെറും വോട്ടര്‍മാരോ കാണികളോ ആയി കണ്ടിട്ടില്ല. അവരെ ഭരണത്തില്‍ പങ്കാളികളാക്കി. ശുചിത്വത്തിനായുള്ള തന്റെ ആദ്യത്തെ പ്രധാന പദ്ധതിയായ സ്വച്ഛ് ഭാരത് അഭിയാന് മുതല്‍ പകര്‍ച്ചവ്യാധിക്കെതിരായ ഇന്നത്തെ പോരാട്ടം വരെ, പൗരന്മാരെ സജീവമായി പങ്കാളികളാക്കാനുള്ള സവിശേഷമായ കഴിവ് മോദി പ്രകടിപ്പിച്ചു.
ഭരണഘടന രൂപപ്പെടുത്തിയ നിയമങ്ങള്‍ പരമോന്നതമായിരിക്കുന്ന നിയമവാഴ്ചയെ അടിസ്ഥാനമാക്കിയാണ് ജനാധിപത്യ രാജ്യങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. സ്വേച്ഛാധിപതികള്‍ നിയമപ്രകാരം ഭരിക്കാന്‍ ശ്രമിക്കുന്നു, ഇത് ജനാധിപത്യ മനോഭാവത്തില്‍ നിന്ന് പൂര്‍ണ്ണമായുള്ള വ്യതിചലനമാണ്. നിയമവാഴ്ചയോടുള്ള പ്രതിബദ്ധത മോദി ഉയര്‍ത്തിപ്പിടിച്ചു. പ്രകോപനങ്ങളൊന്നും ഉണ്ടായിരുന്നില്ല എന്നല്ല. തബ്ലീഗി ജമാഅത്ത് മര്‍കസ് പോലുള്ള സംഭവങ്ങള്‍ ഉണ്ടായിരുന്നു – ചില മതവിഭാഗങ്ങള്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ മനപൂര്‍വ്വം ലംഘിച്ചതും കുടിയേറ്റ തൊഴിലാളികളുടെ വലിയ തോതിലുള്ള പലായനം പോലുള്ള സംഭവങ്ങളും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ സംസ്ഥാന സര്‍ക്കാരുകള്‍ തന്നെ ലംഘിച്ചതായി കണ്ട ചില സംഭവങ്ങളുമുണ്ട്. എന്നിട്ടും മോദി തന്റെ പാതയില്‍ നിന്നു വ്യതിചലിച്ചില്ല. അദ്ദേഹം ജനങ്ങളുടെ നന്മയ്ക്കായി അപേക്ഷിക്കുന്നു. രാഷ്ട്രത്തെ അഭിസംബോധന ചെയ്തപ്പോള്‍, ജനങ്ങളെ ഈശ്വരന് എന്ന് വിശേഷിപ്പിക്കുകയും അവരുടെ മഹദ്ശക്തിയുടെ വിരാട് രൂപം പ്രദര്‍ശിപ്പിക്കണമെന്ന് അപേക്ഷിക്കുകയും ചെയ്തു. കൊറോണക്കെതിരെ പൊരുതുന്നവരെ അഭിനന്ദിച്ചുകൊണ്ട് കൈയടിക്കാനും വിളക്കുകള്‍ കത്തിക്കാനും ആവശ്യപ്പെട്ടപ്പോള്‍ ജനം അദ്ദേഹത്തിന് പൂര്‍ണ്ണപിന്തുണയുമായി മുന്നോട്ട് വന്നു.
പകര്‍ച്ചവ്യാധിക്കെതിരായ പോരാട്ടത്തെ മോദി വ്യത്യസ്ത തലത്തിലെത്തിച്ചു. അദ്ദേഹം ശാസ്ത്രീയ രീതികള്‍ ഉപയോഗിക്കുകയും സാങ്കേതികവിദ്യയെ വലിയ തോതില്‍ വിന്യസിക്കുകയും 130 കോടി ജനങ്ങളെ ഈ പോരാട്ടത്തില്‍ പങ്കാളികളാക്കുകയും ചെയ്തു. ഈ സാഹചര്യത്തെ സവിശേഷവും ദീര്‍ഘദര്‍ശിത്വത്തോടെയുള്ളതുമായ കൈകാര്യം ചെയ്യലിലൂടെ നരേന്ദ്രമോദി ലോകത്തിന് മുന്നില്‍ പുതിയ മന്ത്രം അവതരിപ്പിച്ചു: ‘മാനുഷികമൂല്യങ്ങളിലൂന്നിയ വികസന സഹകരണം.’
രാം മാധവ്
(ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി )
പ്രതികരിക്കാൻ ഇവിടെ എഴുതുക: