കൊറോണ എന്ന മാരക രോഗം ലോകത്തെ ആകെ നടുക്കിയിരിക്കുകയാണ്. ലോകത്ത് ഏതാണ്ട് ഇരുന്നൂറോളം രാജ്യങ്ങളില്‍ ഇതിന്റെ ഭീതി നിലനില്ക്കുന്നു. മരണം ഒന്നേകാല്‍ ലക്ഷത്തിനടുത്തെത്തി. എവിടെയും എന്തും സംഭവിക്കാമെന്ന സാഹചര്യം. ഒറ്റപ്പെട്ട സംഭവങ്ങളൊഴിച്ചാല്‍ സമ്പര്‍ക്കത്തിലൂടെയാണ് കൊറോണ ബാധിക്കുന്നത്. അതുകൊണ്ടാണ് ഏറ്റവും അടുത്തവരാണെങ്കില്‍ പോലും നിശ്ചിത അകലം പാലിക്കണമെന്ന് നിഷ്കര്‍ഷിക്കുന്നത്. ലോകത്തില്‍ വച്ചുതന്നെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമായ ഇന്ത്യ രോഗബാധിതരുടെ എണ്ണത്തില്‍ ഏറെ പിന്നിലാണ്. മരണത്തിലും മറിച്ചല്ല. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജാഗ്രതയും കരുതലും കര്‍ശനമായ നിബന്ധനകളും പാലിച്ചതുകൊണ്ടാണ് ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചത്. ഇത് നിലനിര്‍ത്തേണ്ടത് അനിവാര്യമാണ്. അതിനാവശ്യമായ നിര്‍ദ്ദേശങ്ങളും നിബന്ധനകളും കേന്ദ്ര സര്‍ക്കാര്‍ കര്‍ശനമാക്കുന്നുണ്ട്. മൂന്നാഴ്ചത്തെ ലോക്ഡൗണ്‍ തീര്‍ന്ന മുറയ്ക്ക് കുറച്ചുദിവസം കൂടി ലോക്ഡൗണ്‍ അനിവാര്യമായതിനാല്‍ അത് നീട്ടി. മെയ് മൂന്നുവരെയാണത്. പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തിയപ്പോള്‍ ലോക്ഡൗണ്‍ നീട്ടണമെന്നുതന്നെയാണ് ഉയര്‍ന്നുവന്ന ആവശ്യം.
ലോക്ഡൗണ്‍ നിലനില്ക്കുമ്പോള് വിമാന സര്‍വീസുകള്‍ നിര്‍ത്തി. തീവണ്ടി ഉള്‍പ്പെടെ പൊതു യാത്രാ സംവിധാനങ്ങള്‍ മാത്രമല്ല, സ്വകാര്യ വാഹനങ്ങള്‍ക്കും യാത്രാ അനുമതിയില്ല. ഇത് വകവയ്ക്കാതെ റോഡിലിറങ്ങുന്ന വാഹനങ്ങള്‍ തടയുന്നുണ്ട്. ഓടിക്കുന്നവര്‍ക്കെതിരെ കേസുമുണ്ട്. ഓട്ടം ആവര്‍ത്തിച്ചാല്‍ ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുന്നതോടൊപ്പം വാഹനങ്ങളുടെ രജിസ്ട്രേഷന് റദ്ദാക്കുമെന്ന അറിയിപ്പുമുണ്ട്. ഇതൊക്കെ വലിയ ബുദ്ധിമുട്ട് ജനങ്ങള്‍ക്കുണ്ടാക്കുന്നു എന്നത് നേരാണ്. ഇങ്ങനെ ഒരു സാഹചര്യം ഒരുക്കേണ്ടിവന്നതിനാല്‍ ഖേദിക്കുന്നതായി പ്രധാനമന്ത്രി പരസ്യമായി ജനങ്ങളോട് പറയുകയും ചെയ്തു. ഇത് നരേന്ദ്രമോദിയുടെ രക്ഷയ്ക്ക് വേണ്ടിയുള്ള നടപടിയല്ല. രാജ്യത്തെ ജനങ്ങളുടെ ജീവനുവേണ്ടിയാണ്. ഒരു നിയന്ത്രണവുമില്ലാതെ ജനങ്ങള്‍ അടുത്തുപെരുമാറിയാല്‍ കാട്ടുതീപോലെ രോഗം പടരും. മരണം വിതയ്ക്കും. അതാണ് മഹാരാഷ്ട്രയിലും ദല്‍ഹിയിലും ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. തബ്ലീഗ് എന്ന മതവിഭാഗം ദല്‍ഹിയില്‍ ഒരു നിയന്ത്രണവും കൂസാതെ ജനങ്ങളെ സംഘടിപ്പിച്ച് നടത്തിയ സമ്മേളനത്തിന്റെ ദുരന്തമാണ് ദല്‍ഹിയിലും മുംബൈയിലും തമിഴ്നാട്ടിലും അനുഭവിക്കുന്നത്. സര്‍വ സന്നാഹങ്ങളും ഒരുക്കി കൊറോണ സാമൂഹ്യവ്യാപനത്തിലേക്ക് കടക്കാതിരിക്കാനാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമിക്കുന്നത്. ഇതിനിടയിലാണ് വിദേശത്തുനിന്നുള്ള ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്ന ആക്ഷേപവുമായി ചിലര്‍ മുന്നിട്ടിറങ്ങുന്നത്.
കോടിക്കണക്കിന് ഇന്ത്യക്കാര്‍ ലോകത്തിന്റെ പലഭാഗത്തുമുണ്ട്. മലയാളികളും അതില്‍ വലിയ സംഖ്യയാണ്. ഗള്‍ഫില്‍ മാത്രം കാല് കോടിയിലധികം പേരാണുള്ളത്. അവര്‍ക്കവിടെ തങ്ങാന്‍ പ്രശ്നങ്ങളും പ്രായസങ്ങളും ഉണ്ടെന്നതില്‍ സംശയമില്ല. വലിയൊരു സംഖ്യയിലുള്ളവര്‍ നാട്ടിലെത്തണമെന്നാഗ്രഹിക്കുന്നവരുമാണ്. ഗള്‍ഫിലടക്കം ലോക്ഡൗണ്‍ ഉണ്ട്. യാത്ര സംവിധാനങ്ങളില്ല. ജോലിയില്ല. ഈ സാഹചര്യത്തില്‍ അവിടെ തങ്ങാന്‍ നിര്ബന്ധിതമായവരെ സംരക്ഷിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംവിധാനം ഒരുക്കുകയും ചെയ്തിട്ടുണ്ട്. ഇതിനിടയിലാണ് ചില രാഷ്ട്രീയ നേതാക്കള്‍ വിദേശത്തുള്ളവരെ തിരിച്ചുകൊണ്ടുവരാത്തതിന് കേന്ദ്രസര്‍ക്കാരിനെതിരെ ആക്ഷേപവുമായി രംഗത്തിറങ്ങുന്നത്. കോണ്‍ഗ്രസുകാരും ലീഗുകാരുമാണ് കേരളത്തില്‍ ഇത്തരത്തില്‍ മുന്നിട്ടിറങ്ങുന്നത്. ഗള്‍ഫിലെ ലീഗുകാരുടെ സംഘടനയും കോഴിക്കോട് എംപി എം.കെ. രാഘവനും ഈ ആവശ്യവുമായി സുപ്രീംകോടതിയിലുമെത്തി.
ഗള്‍ഫ് മേഖലയിലെ ഇന്ത്യന്‍ പൗരന്മാരെ മുഴുവന്‍ തിരികെ കൊണ്ടുവരിക അപ്രായോഗികമാണ്. അതാതു രാജ്യങ്ങളിലേക്ക് ഇന്ത്യന്‍ സഹായമെത്തിക്കുകയെന്ന ദൗത്യം കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. കുവൈത്തിലേക്ക് ആദ്യ ഇന്ത്യന്‍ മെഡിക്കല്‍ സംഘമെത്തിയിട്ടുണ്ട്. നയതന്ത്ര അനുമതി ലഭിക്കുന്ന മുറയ്ക്ക് മറ്റു രാജ്യങ്ങളിലേക്കും മെഡിക്കല്‍ സംഘത്തെ അയയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സജ്ജമാണ്. അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കുന്ന മുറയ്ക്ക് മാത്രമേ പ്രവാസികളുടെ മടക്കം സാധ്യമാകൂവെന്ന് അറിയാത്തവരില്ല. എങ്കിലും വിദ്യാര്‍ഥികളടക്കമുള്ള നൂറുകണക്കിനാളുകളെ നേരത്തെ രാജ്യത്തെത്തിച്ചിട്ടുണ്ട്. വിദേശത്തുള്ളവരെ തിരിച്ചെത്തിക്കുക എന്ന ആവശ്യത്തോട് സുപ്രീം കോടതിയും വിയോജിക്കുകയാണ്. പ്രവാസികളായ ഇന്ത്യക്കാര്‍ എവിടെയാണോ ഉള്ളത് അവിടെ തന്നെ തല്ക്കാലം തുടരണമെന്നാണ് സുപ്രീംകോടതി നിര്‍ദ്ദേശം. പ്രവാസികളുടെ പ്രശ്നങ്ങള്‍ സംബന്ധിച്ച് നാലാഴ്ചയ്ക്കകം സ്ഥിതി വ്യക്തമാക്കി റിപ്പോര്‍ട്ട് നല്കാന് സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. സാഹചര്യങ്ങളുടെ ഗൗരവം കണക്കിലെടുക്കാതെ കേരളത്തിന്റെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യം ആവര്‍ത്തിക്കുകയാണ്. ലോക്ഡൗണില്‍ പെട്ട് ഉഴലുന്ന കോടാനുകോടി ജനങ്ങള്‍ക്ക് ആശ്വാസവും ജീവിതസാഹചര്യവും ഒരുക്കിക്കൊടുക്കാന്‍ പെടാപ്പാട് പെടുകയാണ് കേന്ദ്രസര്‍ക്കാര്‍. അതിനിടയിലുള്ള കോണ്‍ഗ്രസ് നീക്കം പുരകത്തുമ്പോള്‍ വാഴ വെട്ടുന്നതുപോലെയാണ്. അത് അവസാനിപ്പിക്കണം. ആശങ്കയില്‍ പെട്ടവരെ ആശ്വസിപ്പിക്കാനുള്ള സമീപനം സ്വീകരിക്കാനാണ് തയ്യാറാകേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: