തൃശൂര്‍: കൊറോണയുടെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച കുടുംബശ്രീ അയല്‍ക്കൂട്ട അംഗങ്ങള്‍ക്കുള്ള 20,000 രൂപ വായ്പ സ്ത്രീകളുടെ കണ്ണില്‍ പൊടിയിടാനെന്ന് മഹിളാമോര്‍ച്ച സംസ്ഥാന അധ്യക്ഷ അഡ്വ. നിവേദിത കുറ്റപ്പെടുത്തി. സ്വന്തമായി വീടും ചികിത്സാ ചിലവ് ഇല്ലാത്തവരുമായ അഞ്ചോ അതില്‍ കുറവോ അംഗങ്ങള്‍ ഉള്ള വീടുകളിലെ അയല്‍ക്കൂട്ട അംഗത്തിന് പൂര്‍ണമായി വരുമാനം നഷ്ടപ്പെട്ടാല്‍ പോലും 5000 രൂപക്കു മാത്രമേ അര്ഹതയുണ്ടാവൂയെന്നാണ് സര്‍ക്കാര്‍ സര്‍ക്കുലര്‍ പറയുന്നത്. അത്തരം ചിലവുകള്‍ ഉണ്ടെങ്കില്‍ ലഭിക്കുക 10,000 രൂപയും. ഇതിന് 9 ശതമാനം പലിശയും ഉണ്ട്.
ലോക്ഡൗണ്‍ കാലത്ത് 1000 രൂപ വെച്ച് 3 മാസം കേന്ദ്രം അധിക പെന്ഷന് നല്‍കുന്നതും സാധാരണ പെന്ഷന് തുകയും നോക്കിയാല്‍ ഒരു വിഭാഗത്തിനും വായ്പ ലഭിക്കാന്‍ അര്‍ഹത ഉണ്ടാവില്ലെന്ന് അവര്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. അഞ്ചു പേരില്‍ കൂടുതല്‍ അംഗങ്ങള്‍ ഉള്ള കുടുംബത്തില്‍ ഗൃഹനാഥയ്ക്ക് മറ്റു വരുമാനങ്ങള്‍ ഒന്നുമില്ലെങ്കില്‍ 20,000 കിട്ടുമെന്ന് സര്‍ക്കുലര്‍ പറയുന്നു.
1000 രൂപയില്‍ കൂടുതല്‍ പെന്‍ഷനോ മറ്റാനുകൂല്യങ്ങളോ ലഭിക്കുന്നില്ലെന്നും 3 വായ്പകളില്‍ കൂടുതല്‍ അംഗം അയല്‍ക്കൂട്ടത്തില്‍ നിന്ന് എടുത്തിട്ടില്ലെന്നുമുള്ള സത്യവാങ്മൂലവും പൊതുനിബന്ധനകളില്‍ അനുശാസിക്കുന്നു. ഏറ്റവും ദുരിതത്തില്‍ കഴിയുന്നുവെന്ന് പറയുന്ന കാറ്റഗറിയില്‍ പെട്ട ഒരംഗം കിട്ടാവുന്ന വായ്പകള്‍ ഒക്കെ എടുത്തിട്ടുണ്ടാവും.
ചുരുക്കിപ്പറഞ്ഞാല്‍ മുഖ്യമന്ത്രിക്ക് ഈ വായ്പ ആര്‍ക്കും നല്‍കേണ്ടി വരില്ല. കുടുംബത്തില്‍ ജനസംഖ്യ വര്‍ധിപ്പിക്കുന്നത് കൂടുതല്‍ ആനുകൂല്യം ലഭിക്കാന്‍ അവസരമൊരുക്കും എന്നത് ചില വിഭാഗങ്ങളെ പ്രീണിപ്പിക്കാനായി കൈക്കൊണ്ടിട്ടുള്ള വികസന വിരുദ്ധ സര്‍ക്കാര്‍ നയമായി കാണണം. അയല്‍ക്കൂട്ടങ്ങള്‍ക്ക് അവരുടെ വീടുകളുടെ അംഗബലം നോക്കാതെ തന്നെ പൂര്‍ണമായും വരുമാനം നിലച്ച എല്ലാവര്ക്കും 20,000 രൂപ മറ്റ് ഉപാധികള്‍ ഇല്ലാതെ നല്കാനെങ്കിലും സര്‍ക്കാര്‍ തയ്യാറാവണമെന്ന് മഹിളാമോര്‍ച്ച അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: