വാഷിങ്ടണ്‍: ലോകാരോഗ്യ സംഘടനയ്ക്ക് (ഡബ്ല്യുഎച്ച്ഒ) നല്കിക്കൊണ്ടിരുന്ന ധനസഹായം അമേരിക്ക താത്ക്കാലികമായി നിര്‍ത്തലാക്കി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മഹാമാരിക്കെതിരായ പോരാട്ടത്തെ സംഘടന നിരുത്തരവാദ പരമായി കൈകാര്യം ചെയ്യുന്നുവെന്നാരോപിച്ചാണ് ട്രംപിന്റെ നീക്കം.
ഡബ്ല്യുഎച്ച്ഒയ്ക്ക് നല്കുന്ന ധനസഹായം പിന്‍ലിക്കുന്നു. ഇതല്ലാതെ ഞങ്ങള്‍ക്ക് മറ്റ് മാര്‍ഗങ്ങളില്ല. അമേരിക്കയാണ് സംഘടനയ്ക്ക് ഏറ്റവും കൂടുതല്‍ സംഭാവന നല്‍കുന്നത്, ചൈന രണ്ടാമതാണെന്നും ട്രംപ് വ്യക്തമാക്കി.
അറുപത് മുതല്‍ 90 ദിവസം വരെ ധനസഹായം തടഞ്ഞുവയ്ക്കാനാണ് തീരുമാനം. ഇത് ഡബ്ല്യുഎച്ച്ഒയ്ക്കും ചൈനയ്ക്കുമുള്ള മുന്നറിയിപ്പാണെന്നും ട്രംപ് അറിയിച്ചു. നിലവിലെ സാഹചര്യത്തില്‍ അമേരിക്ക ഇത്രയും നാള് നല്കിയ ഔദാര്യം അവര്‍ മികച്ച രീതിയില്‍ ഉപയോഗിച്ചിട്ടുണ്ടോ എന്നതില്‍ ആശങ്കയുണ്ട്. വൈറസിനെക്കുറിച്ചുള്ള വിവരങ്ങള്‍ സമയോചിതമായി മറ്റു രാജ്യങ്ങളുമായി പങ്കുവയ്ക്കുന്നതിലും അതിന്റെ സുതാര്യത നിലനിര്‍ത്തുന്നതിലും അടിസ്ഥാന കൃത്യ നിര്‍വഹണത്തിലും ഡബ്ല്യുഎച്ച്ഒ പരാജയപ്പെട്ടു എന്നതാണ് സത്യം. ഇതില്‍ അന്വേഷണം നടത്തുമെന്നും ട്രംപ് പറഞ്ഞു.
വൈറസിന്റെ വ്യാപനം ഇത്രയും വര്‍ധിക്കാനുള്ള കാരണം ഡബ്ല്യുഎച്ച്ഒയുടെ നടപടികളാണ്. അവര്‍ ചൈനയെ വഴിവിട്ട് സഹായിക്കുന്നതായും ട്രംപ് ആരോപിച്ചു. വൈറസിന്റെ തീവ്രതയെപ്പറ്റി അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ നല്കിയ മുന്നറിയിപ്പുകള്‍ പോലും സംഘടന അവഗണിച്ചു. വൈറസ് വ്യാപനത്തിന്റ പ്രഭവ കേന്ദ്രമായ വുഹാനിലെ യഥാര്‍ഥ കണക്കുകള്‍ ശേഖരിക്കാന്‍ സംഘടനയ്ക്കായില്ല.
ആദ്യഘട്ടത്തില്‍ യാത്രാവിലക്കുകളെയും എതിര്‍ത്തു. വൈറസ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പടരില്ലെന്ന ചൈനയുടെ വാദത്തെ പിന്തുണയ്ച്ചു. ഇത്തരത്തിയുള്ള നടപടികളാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമായതെന്നും ട്രംപ് പറഞ്ഞു. ചൈനയെ കേന്ദ്രീകരിച്ചാണ് സംഘടന പ്രവര്‍ത്തിക്കുന്നതെന്നാണ് ട്രംപിന്റെ പ്രധാന വാദം.
എന്നാല്‍ വൈറസിനെ ചെറുക്കുന്നതില്‍ പരാജയപ്പെട്ട ഭരണകൂടത്തിന്റെ കഴിവുകേട് മറച്ചു വയ്ക്കാനാണ് ട്രംപ് ശ്രമിക്കുന്നതെന്ന് അമേരിക്കന്‍ സെനറ്ററും മുന്‍ ഫോറിന് ഡിസാസ്റ്റര്‍ അസിസ്റ്റന്‍സ് ഉദ്യോഗസ്ഥനുമായ ജെര്‍മി കോണിന്ഡിക് അഭിപ്രായപ്പെട്ടു. വൈറസ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കെത്തുമെന്ന് ജനുവരി പതിനാലിന് ഡബ്ല്യുഎച്ച്ഒ ട്വീറ്റ് ചെയ്തിരുന്നു. പക്ഷേ, യുഎസ് ഭരണകൂടം ഇത് ഗൗരവമായി കണ്ടില്ല. ഇതാണ് അമേരിക്കയിലെ സ്ഥിതി വഷളാക്കിയത്. ഫെബ്രുവരിയില്‍ പോലും കാര്യങ്ങളെല്ലാം സാധാരണഗതിയിലായിരുന്നുവെന്നും ജെര്‍മി ട്വിറ്ററില്‍ കുറിച്ചു.
ട്രംപിന്റെ നീക്കത്തിനെതിരെ പലരും രംഗത്ത് വന്നു. തന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച മറയ്ക്കാനാണ് ഇത്തരത്തിലൊരു തീരുമാനമെന്നാണ് വിദഗ്ധരുള്‍പ്പെടെയുള്ളവരുടെ അഭിപ്രായം.
ലോകരാഷ്ട്രങ്ങള്‍ ഒന്നിച്ച് നില്‍ക്കേണ്ട സമയം: യുഎന്‍
ധനസഹായം നിര്‍ത്തലാക്കിക്കൊണ്ടുള്ള ട്രംപിന്റെ നീക്കത്തിന് മറുപടിയുമായി യുഎന്‍ സെക്രട്ടറി. മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിനിടയില്‍ മാനുഷികമായി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയ്ക്കും നല്കുന്ന ധനസഹായം നിര്‍ത്തലാക്കനുള്ള സമയമല്ലിതെന്ന് സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് പറഞ്ഞു.
ലോകരാഷ്ട്രങ്ങള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്ന് നേരത്തെ തന്നെ പറഞ്ഞതാണ്. അതിലൂടെ മാത്രമേ വൈറസ് വ്യാപനത്തെയും അതിന്റെ അനന്തരഫലത്തെയും തടുക്കാന്‍ കഴിയൂ.
അതുകൊണ്ട് ലോകാരോഗ്യ സംഘടനയെ പിന്തുണയ്ക്കേണ്ട സമയമാണിതെന്നാണ് തന്റെ വിശ്വാസമെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: