ആലപ്പുഴ: സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 20,000 കോടി രൂപയുടെ കൊറോണ പാക്കേജിലെ പൊള്ളത്തരങ്ങള്‍ പുറത്തു വരുന്നു. കുടുംബശ്രീ അംഗങ്ങള്‍ക്ക് ഇരുപതിനായിരം രൂപവരെ ധനസഹായം നല്കുന്നു പറഞ്ഞത് പാഴ്വാക്കുമെന്നുറപ്പായി. 2000 കോടി രൂപയാണ് ഇതിനായി മാറ്റി വെച്ചത്.
ആലപ്പുഴ ജില്ലയിലെ മാത്രം കണക്കെടുത്താല്‍ ഈ പ്രഖ്യാപനത്തിലെ അപാകം വ്യക്തമാകും. കുടുംബശ്രീ വഴി വായ്പ നല്കാന് ആലപ്പുഴ ജില്ലയ്ക്ക് മാറ്റിവെച്ചിരിക്കുന്നത് 147 കോടി രൂപയാണ്. 5055 അയല്‍ക്കൂട്ടങ്ങളില്‍ നിന്നായി 2.60 ലക്ഷം പേരാണ് പലിശയില്ലാ വായ്പയ്ക്കായി അപേക്ഷിച്ചത്. ഇവര്‍ക്ക് പതിനായിരം രൂപ വീതം വായ്പ അനുവദിക്കണമെങ്കില്‍ പോലും 260 കോടി രൂപ വേണ്ടി വരും.
മറ്റു ജില്ലകളിലും ഇതു തന്നെയാണ് അവസ്ഥ. നീക്കിവെച്ചിരിക്കുന്ന രണ്ടായിരം കോടി രൂപ തീരെ അപര്യാപ്തമാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തില്‍ വിവിധ കാരണങ്ങള്‍ കണ്ടെത്തി അപേക്ഷകരെ ഒഴിവാക്കാനാണ് രഹസ്യ നിര്‍ദേശം. മാത്രമല്ല, സിഡിഎസുകളെയും അയല്‍ക്കൂട്ടത്തിന്റെ ചുമതലക്കാരെയും ഉപയോഗിച്ച് അപേക്ഷകരെ സമ്മര്‍ദം ചെലുത്തി പിന്‍വാങ്ങാനും ശ്രമങ്ങള്‍ നടക്കുന്നു. ഇത് പല സ്ഥലങ്ങളിലും തര്‍ക്കങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്. സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ മാനദണ്ഡങ്ങള്‍ പ്രകാരം നല്ല ശതമാനം അംഗങ്ങള്‍ക്കും വായ്പ ലഭിക്കാനിടയില്ല.
മുമ്പ് പ്രളയബാധിതര്‍ക്ക് അനുവദിച്ച വായ്പ മാതൃകയിലാണ് ഇപ്പോഴത്തെ വായ്പയും (മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പ) ബാങ്കുകള്‍ മുഖേന അനുവദിക്കുക. കൊറോണ മൂലം ജോലി നഷ്ടപ്പെടുകയോ വരുമാനം നിലയ്ക്കുകയോ ചെയ്തവര്‍ക്ക് നാല് സ്ലാബുകളിലായാണ് പണം അനുവദിക്കുക.
അയല്‍ക്കൂട്ട അംഗത്തിന് അല്ലെങ്കില്‍ കുടുംബത്തിന് ഉണ്ടായ സാമ്പത്തിക ആഘാതത്തിനും സാമ്പത്തികസ്ഥിതിക്കും ആനുപാതികമായി ഒരംഗത്തിന് 5000, 10,000, 15,000 എന്നിങ്ങനെ പരമാവധി 20,000 രൂപ വരെയാണ് ലഭിക്കുക.
മൂന്ന് വര്‍ഷം വരെയാണ് തിരിച്ചടവ് കാലാവധി. ആറ് മാസത്തെ മോറട്ടോറിയം ഉള്‍പ്പടെ 36 മാസമാണ് വായ്പാ കാലാവധി. ബാങ്ക് ഒമ്പത് ശതമാനം പലിശയ്ക്ക് അയല്‍ക്കൂട്ടങ്ങള്‍ക്ക് വായ്പ നല്‍കും. പലിശ തിരിച്ചടവിന്റെ കൃത്യതയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാരില്‍നിന്ന് കുടുംബശ്രീ മുഖേന അയല്‍ക്കൂട്ടങ്ങള്‍ക്ക് നല്‍കും.
നിലവില്‍ മൂന്നില്‍ കൂടുതല്‍ വായ്പയുള്ളവര്‍, തിരിച്ചടവില്‍ മുടക്കം വരുത്തിയവര്‍. വ്യക്തമായ കാരണം കൂടാതെ മൂന്ന് മാസത്തില്‍ കൂടുതല്‍ തുടര്‍ച്ചയായി അയല്‍ക്കൂട്ട യോഗത്തില്‍ പങ്കെടുക്കാത്തവര്‍. കൊറോണ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച 10,000 രൂപയില്‍ കൂടുതലുള്ള ഏതെങ്കിലും ധനസഹായത്തിന് അര്‍ഹതയുള്ള അയല്ക്കൂട്ടാംഗം/കുടുംബാംഗങ്ങള്‍ ഉള്ളവര്‍ എന്നിവരെയും വായ്പ അനുവദിക്കുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: