തിരുവനന്തപുരം: നിസാമുദ്ദീന്‍ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരുടെ വിവരങ്ങള്‍ അടിയന്തിരമായി ശേഖരിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന്റ കര്‍ശ്ശന നിര്‍ദ്ദേശം. തബ്ലീഗ് പ്രവര്‍ത്തകര്‍ സമ്മേളനത്തിന് ശേഷം രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിലേക്ക് കടക്കുകയും ഇവരില്‍ ചിലര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് ഈ നടപടി.
ഇതിനെ തുടര്‍ന്ന് സമ്മേളനത്തില്‍ പങ്കെടുത്ത ആരെങ്കിലും ഇനിയും ആരോഗ്യവകുപ്പ് അധികൃതരെ അറിയിക്കാന്‍ ബാക്കിയുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് റിപ്പോര്‍ട്ട് ചെയ്യണമെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വാസ് മെഹ്ത്ത അറിയിച്ചു. സമ്മേളനത്തില്‍ പങ്കെടുത്ത നിരവധി പേര് വിവിധ ജില്ലകളില്‍ ഉണ്ട്. ഇവരെ മുഴുവന്‍ കണ്ടെത്താന്‍ അധികൃതര്‍ക്ക് സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് അടിയന്തിരമായി ഇവരോട് സ്വയം റിപ്പോര്‍ട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
വിവരം അറിയിക്കാന്‍ സ്വയം തയ്യാറായില്ലെങ്കില്‍ അത് ഗൗരവത്തോടെ കാണും. വിവരം മറച്ചു വയ്ക്കുന്നവര്‍ക്കെതിരെ കേന്ദ്ര നടപടി പ്രകാരമുള്ള കര്‍ശ്ശന നടപടികള്‍ സ്വീകരിക്കുമെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി അറിയിച്ചിട്ടുണ്ട്. തബ്ലിഗ് സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ ചിലര്‍ ഇത് പുറത്ത് പറയാതെ കഴിയുന്നുണ്ട്. ഇവരില്‍ ആര്‍ക്കെങ്കിലും കോവിഡ് ഉണ്ടെങ്കില്‍ അത് ഈ കാലയളവില്‍ മറ്റുള്ളവരിലേക്ക് പടരാനുള്ള സാധ്യതയും ഉള്ളതിനാലാണ് എത്രയും പെട്ടന്ന് സ്വയം വെളിപ്പെടുത്താന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
നിസാമുദ്ദീനില്‍ പങ്കെടുത്ത നിരവധി പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഹോട്ട്സ്പോട്ടായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം ഉയര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: