ബംഗ്ലാദേശ് കഴിഞ്ഞ ദിവസം ഒരു കുറ്റവാളിയെ തൂക്കിക്കൊന്നു. ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവും ആദ്യ പ്രസിഡന്റുമായിരുന്ന വംഗബന്ധു ഷെയ്ഖ് മുജീബുര്‍ റഹ്മാനെയും കുടുംബാംഗങ്ങളെയും കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്ന മുന്‍ സൈനിക ക്യാപ്റ്റന്‍ അബ്ദുല്‍ മജീദിനെ ആണ് ആ രാജ്യം നീതിക്കു വിട്ടു കൊടുത്തത്. രാജ്യത്തിന് ഈ വര്‍ഷം നല്കാവുന്ന ഏറ്റവും വലിയ സമ്മാനം എന്നാണ് ബംഗ്ലാദേശ് ആഭ്യന്തര മന്ത്രി അസദുസ്സമാന്‍ ഖാന് ഈ നീതി നടപ്പാക്കലിനെക്കുറിച്ചു പരാമര്‍ശിച്ചത്.
ബംഗ്ലാദേശ് പിറക്കുന്നു
1970ല്‍ പാക്കിസ്ഥാന് നാഷണല്‍ അസംബ്ലിയിലേക്ക് നടന്ന പൊതു തെരഞ്ഞെടുപ്പില്‍ ഷെയ്ഖ് മുജീബുര്‍ റഹ്മാന്റെ നേതൃത്വത്തിലുള്ള അവാമി ലീഗും സുള്‍ഫിക്കര്‍ അലി ഭൂട്ടോയുടെ നേതൃത്വത്തിലുള്ള പിപിപിയുമായിരുന്നു മത്സരിച്ചത്. ഫലം വന്നപ്പോള്‍ 167 സീറ്റിലെ ജയത്തോടു കൂടി അവാമി ലീഗ് വ്യക്തമായ ഭൂരിപക്ഷം നേടി. തുടര്‍ന്ന് തൊട്ടടുത്ത ദിവസം കിഴക്കേ പാക്കിസ്ഥാന് (ഇന്നത്തെ ബംഗ്ലാദേശ്) സംസ്ഥാനത്തേക്ക് നടന്ന പ്രിവിന്‍ഷ്യല്‍ അസംബ്ലി തെരഞ്ഞെടുപ്പിലും 95 ശതമാനം സീറ്റോടു കൂടി അവാമി ലീഗ് ഭൂരിപക്ഷം പിടിച്ചു. എന്നാല്‍ അന്നത്തെ പാക് പ്രസിഡന്റ് യഹ്യ ഖാന് ഈ ജനവിധി അംഗീകരിക്കാന്‍ തയ്യാറായില്ല. അദ്ദേഹം മുജീബുര്‍ റഹ്മാനെ പ്രസിഡന്റായി അവരോധിക്കാന്‍ വിസമ്മതിച്ചു. അതിന്റെ ഫലമായി കിഴക്കേ പാക്കിസ്ഥാനില്‍ വന്‍ തോതില്‍ കലാപങ്ങള്‍ ഉണ്ടാകുകയും അത് ബംഗ്ളദേശ് വിമോചന യുദ്ധമായി പരിണമിക്കുകയും ചെയ്തു.
പിന്നീട് കിഴക്കേ പാകിസ്ഥാന് മുജീബുര്‍ റഹ്മാന്റെ നേതൃത്വത്തില്‍ ബംഗ്ലാദേശ് എന്ന പുതിയ രാജ്യമായി സ്വാതന്ത്ര്യം പ്രാപിച്ചു. മുജീബുര്‍ റഹ്മാന് ബംഗ്ലാദേശിന്റെ ഭരണാധിപനായി.
വംഗബന്ധുവിന്റെ വധം
1975 ഓഗസ്റ്റ് 15ന് രാവിലെ ഒരു സംഘം യുവ പട്ടാള ഉദ്യോഗസ്ഥര്‍ ഷെയ്ഖ് മുജീബുര്‍ റഹ്മാന്റെ വസതിയിലേക്ക് കടന്നുകയറുകയും അദ്ദേഹത്തെയും കുടുംബത്തെയും കൊലപ്പെടുത്തുകയും ചെയ്തു. ആ സമയത്ത് ജര്‍മന്‍ സന്ദര്‍ശനത്തിലായിരുന്ന മുജീബിന്റെ പെണ്മക്കള് ഷെയ്ഖ് ഹസീനയും ഷേഖ് രഹാനയും മാത്രം രക്ഷപെട്ടു. മിലിട്ടറി ഇന്റലിജന്‍സ് ചീഫും മുജീബിന്റെ ഉറ്റ അനുയായിയുമായിരുന്ന കേണല്‍ ജമീല്‍ ഉദ്ദീന്‍ അഹമ്മദും ആ ദിവസം തന്നെ കൊല്ലപ്പെട്ടു. തൊട്ടു പിന്നാലെ മുജീബിന്റെ പാര്‍ട്ടിയില്‍ തന്നെ ഉണ്ടായിരുന്ന ഖോണ്‍ഡക്കര്‍ മുഷ്താഖ് അഹമ്മദ് പ്രസിഡന്റായി അധികാരമേറ്റു. ഷേക്ക് മുജീബ് രൂപീകരിച്ച വിവിധ മന്ത്രി സഭകളിലും അവാമി ലീഗിന്റെ കേന്ദ്ര സമിതിയിലും അംഗമായിരുന്ന മുഷ്താഖ് അഹമ്മദ് പക്ഷെ മുജീബിന്റെ ഘാതകരെ സൂര്യപുത്രന്മാര് എന്ന് വിശേഷിപ്പിച്ചു. പിന്നീട് മുജീബുര്‍ റഹ്മാനോട് കൂറ് പുലര്‍ത്തിയിരുന്ന കെ.എം. സൈഫുള്ള എന്ന അന്നത്തെ ആര്‍മി ചീഫിനെ പുതിയ പ്രസിഡന്റ് നീക്കം ചെയ്യുകയും മേജര്‍ ജനറല്‍ സിയാവുര്‍ റഹമാനെ ആ സ്ഥാനത്ത് അവരോധിക്കുകയും ചെയ്തു. വംഗബന്ധുവിന്റെയും കുടുംബാംഗങ്ങളുടെയും ക്രൂരമായ കൊലപാതകത്തില്‍ പങ്കെടുത്ത എല്ലാവരെയും ആജീവനാന്ത കുറ്റ വിമുക്തരാക്കി കൊണ്ടുള്ള ഉത്തരവും ഇറക്കി. അതോടൊപ്പം അന്ന് പശ്ചിമ ജര്‍മ്മനിയിലായിരുന്ന മുജീബിന്റെ പെണ്മക്കള്ബംഗ്ലാദേശില് പ്രവേശിക്കുന്നതും വിലക്കി.
ബംഗ്ലാദേശിന്റെ വിമോചന സമരത്തിന്റെ മുന്നണി പോരാളികളും അവാമി ലീഗിന്റെ നേതാക്കളുമായ താജുദീന് അഹമ്മദ് (ബംഗ്ലാദേശിന്റെ ആദ്യ പ്രധാനമന്ത്രി), മന്‍സൂര്‍ അലി (മുന്‍ പ്രധാനമന്ത്രി) സെയ്ദ് നസ്രുള് ഇസ്ലാം (മുന്‍ വൈസ് പ്രെസിഡന്റ്) എ.എച്.എം. ഖമറുസ്മാന്‍ (മുന്‍ ആഭ്യന്തര മന്ത്രിയും അവാമി ലീഗിന്റെ പ്രസിഡന്റും) എന്നിവരെ ജയിലിലാക്കി.
മൂന്ന് മാസത്തിന് ശേഷം 1975 നവമ്പര്‍ 3നു ഈ നാലു പേരും ധാക്ക സെന്‍ട്രല്‍ ജയിലില്‍ വെച്ചു വെടിയേറ്റും കുത്തേറ്റും കൊല്ലപ്പെട്ടു. ബംഗ്ലാദേശിന്റെ ചരിത്രത്തില്‍ ജയില്‍ കില്ലിങ് ഡേ എന്നാണ് ആ ദിവസം അറിയപ്പെടുന്നത്. മൂന്നു ദിവസത്തിനു ശഷം 1975 നവംബര്‍ 6നു മറ്റൊരു പട്ടാള അട്ടിമറിയില്‍ ഖോണ്‍ഡക്കര്‍ മുഷ്താഖ് അഹമ്മദ് നിഷ്കാസിതനായി. പുതിയ പട്ടാള ഭരണാധികാരി ഖാലിദ് മുഷ്റഫാകട്ടെ മുഷ്താഖ് അഹമ്മദിനെ ജയിലിലും തള്ളി.
പിന്നെയങ്ങോട്ട് ബംഗ്ലാദേശില്‍ പട്ടാള അട്ടിമറികളുടെ കാലമായിരുന്നു. പിറ്റെ ദിവസം തന്നെ (1975 നവമ്പര്‍ 7) ഖാലിദ് മുഷറഫ് കൊല്ലപ്പെട്ടു. ലഫ്റ്റനന്റ് ജനറല്‍ സിയാവുര്‍ റഹ്മാന് ഭരണം പിടിച്ചു.
സിയാവുര്‍ റഹ്മാന് ബംഗ്ലാദേശ് നാഷണല്‍ പാര്‍ട്ടി (ബിഎന്‍പി) എന്നൊരു പാര്‍ട്ടി രൂപീകരിച്ചു. പിന്നീട് 1981 മെയ് 30നു മറ്റൊരു പട്ടാള അട്ടിമറിയില്‍ സിയാവുര്‍ റഹ്മാന് കൊല്ലപ്പെട്ടു. അബ്ദു സത്താര്‍, അഹ്സാനുദ്ദിന് ചൗധരി, എന്നിവരും 1983 മുതല്‍ 1990 വരെ ജനറല്‍ എച്.എം. ഇര്‍ഷാദും ബംഗ്ലാദേശിനെ ഭരിച്ചു. ഇദ്ദേഹം ജതിയ പാര്‍ട്ടിയും രൂപീകരിച്ചു.
ജനാധിപത്യത്തിലേക്ക്
1990ല്‍ രാജ്യത്തെ എല്ലാ പാര്‍ട്ടികളും ചേര്‍ന്ന് നടത്തിയ ജനമുന്നേറ്റത്തില്‍ ഇര്‍ഷാദ് ഭരണം കൂപ്പുകുത്തുകയും ബംഗ്ലാദേശ് ജനാധിപത്യത്തിലേക്ക് മാറുകയും ചെയ്തു. പ്രധാനമായും മൂന്നു കക്ഷികളായിരുന്നു പോരാട്ടത്തില്‍ ഉണ്ടായിരുന്നത്. മുജീബുര്‍ റഹ്മാന്റെ മകള്‍ ഷെയ്ഖ് ഹസീന വാജിദ് നയിക്കുന്ന അവാമി ലീഗ്, ജനറല്‍ സിയയുടെ പത്നി ബീഗം ഖാലിദ സിയാ നയിക്കുന്ന ബിഎന്‍പി, കൂടാതെ മുസ്ലിം ഫണ്ടമെന്റലിസ്റ്റ് ഗ്രൂപ്പായ ജമാ അത്തെ ഇസ്ലാമി. അവാമി ലീഗും ബിഎന്‍പിയും മാറിമാറി അധികാരം കയ്യാളി. രണ്ടു വര്‍ഷത്തെ രാഷ്ട്രീയ അസ്ഥിരതക്ക് ശേഷം 2009ലെ തെരഞ്ഞെടുപ്പില്‍ ഷെയ്ഖ് ഹസീന അധികാരമേറ്റു, ഇപ്പോഴും ഭരണത്തില്‍ തുടരുന്നു.
നീതി നടപ്പാക്കപ്പെടുന്നു
ഭരണമേറ്റ ഹസീന, ഇന്റര്‍നാഷണല്‍ ക്രൈംസ് ട്രിബ്യൂണല്‍ രൂപീകരിക്കുകയും രാജ്യത്ത് നിഷേധിക്കപ്പെട്ട നിയമവും നീതിയും നടപ്പിലാക്കാന്‍ കച്ചകെട്ടി ഇറങ്ങുകയും ചെയ്തു. മൂന്ന് ഗണത്തില്‍ പെടുന്ന കുറ്റവാളികളെ അവര്‍ നിയമത്തിന്റെ മുന്നില്‍ കൊണ്ട് വന്നു. പാക്കിസ്ഥാന് സൈന്യത്തോടൊപ്പം ചേര്‍ന്ന് നിരവധി കുറ്റ കൃത്യങ്ങള്‍ നടത്തിയ ജമാ അത്തെ ഇസ്ലാമിയെയും ചില മതതീവ്രവാദഗ്രൂപ്പുകളെയും ആദ്യം ലക്ഷ്യം വെച്ചു. തന്റെ പിതാവായ മുജീബുര്‍ റഹ്മാനെയും കുടുംബാംഗങ്ങളേയും കൊലപ്പെടുത്തുന്നതിന് കൂട്ടുനിന്ന പട്ടാള ഉദ്യോഗസ്ഥരെ ഒന്നായി തേടിപ്പിടിച്ചു. നീതിപീഠത്തിന് മുന്നില്‍ ഹാജരാക്കി.
അതില്‍പ്പെട്ട ആളായിരുന്നു കഴിഞ്ഞ ദിവസം തൂക്കിലേറ്റപ്പെട്ട അബ്ദുല്‍ മജീദ്. ആ കൂട്ടക്കൊലപാതകങ്ങളില്‍ അഭിമാനം കൊള്ളുകയും തുറന്നു പറയുകയും ചെയ്ത ആളാണ് അബ്ദുല്‍ മജീദ്. ഇന്‍ഡെമിനിറ്റി ആക്ട് വന്നപ്പോള്‍ കൊലപാതകത്തിന് കൂട്ടു നിന്നവര്‍ ഭരണകൂടത്തിന്റെ കണ്ണിലുണ്ണികളായി മാറിയിരുന്നു. സിയാവുര്‍ റഹ്മാന്റെ കാലത്ത് അവരില്‍ പലരും സര്‍ക്കാരിന്റെ ഉന്നത തലങ്ങളില്‍ സേവനം അനുഷ്ഠിക്കുകയും വിദേശ രാജ്യങ്ങളില്‍ അംബാസിഡര്‍മാരായി പോകുകയും ചെയ്തു. അബ്ദുല്‍ മജീദും അക്കൂട്ടത്തില്‍ പെടും. 1980ല്‍ സിയ ഭരണകൂടം അബ്ദുല്‍ മജീദിനെ സെനഗലിലെ സ്ഥാനപതിയാക്കിയിരുന്നു. ലിബിയ, ഇറാക്ക്, പാക്കിസ്ഥാന് എന്നീ രാജ്യങ്ങളിലെ ബംഗ്ലാദേശ് ദൗത്യ സംഘത്തിന്റെ ഭാഗവുമായിരുന്നു. സെനഗലിലെ ദൗത്യം അവസാനിപ്പിച്ച് മടങ്ങി വന്ന ഇയാളെ ബംഗ്ലാദേശ് ഇന്‍ലാന്‍ഡ് വാട്ടര്‍ ട്രാന്‍സ്പോര്‍ട് കോര്‍പറേഷന്റെ തലപ്പത്ത് ക്യാബിനറ്റ് റാങ്കോടെ നിയമിച്ചു. യുവജനക്ഷേമ വകുപ്പിലും നാഷണല്‍ സേവിങ്സ് ഡിപ്പാര്‍ട്ടുമെന്റിലും ഇയാള്‍ ഉന്നത തസ്തികകളില്‍ ജോലി ചെയ്തു. പക്ഷെ ഷെയ്ഖ് ഹസീന അധികാരമേറ്റപ്പോള്‍ ഒളിവില്‍ പോയി. ഇന്ത്യയില്‍ സിപിഎമ്മും പിന്നീട് മമത ബാനര്‍ജിയും ഭരിച്ച പശ്ചിമ ബംഗാളില്‍ നിയമ വിരുദ്ധ കുടിയേറ്റക്കാരനായി കഴിഞ്ഞെന്ന് ബംഗ്ലാ മാധ്യമങ്ങളും ചില അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അബ്ദുല്‍ മജീദിന് മുജീബുര്‍ റഹ്മാന്റെ കൊലപാതകത്തില്‍ പ്രധാന പങ്കുണ്ടായിരുന്നു. ധാക്ക സെന്‍ട്രല്‍ ജയിലില്‍ നടന്ന കൂട്ടക്കൊലയിലും നേതൃത്വപരമായ പങ്കാണ് അബ്ദുല്‍ മജീദിനുണ്ടായിരുന്നത്.
കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് തന്റെ ബന്ധുക്കളെ കാണുവാന്‍ കൊല്‍ക്കത്തയില്‍ നിന്നും ബംഗ്ലാദേശിലേക്ക് ഒളിച്ചു കടക്കുകയായിരുന്ന മജീദ് അധികൃതരുടെ പിടിയില്‍ പെട്ടു. മാര്‍ച്ച് 15, 16 ദിവസങ്ങളില്‍ അറസ്റ്റിലായി. ദ്രുത ഗതിയിലുള്ള കോടതി നടപടികളും തുടര്‍ന്ന് പ്രസിഡന്റിന്റെ അന്തിമ തീര്‍പ്പിനും ശേഷം ഏപ്രില്‍ 12 ഞായറാഴ്ച വെളുപ്പിനെ അബ്ദുല്‍ മജീദിനെ നീതിക്കു വിട്ടുകൊടുത്തു. ഇനി മുജീബുര്‍ റഹ്മാന്റെ കൊലപാതകികളില്‍ അഞ്ചു പേര് കൂടി ഒളിവിലാണ്.
ഷെയ്ഖ് ഹസീന വാജിദ് സര്‍ക്കാര്‍ ഒളിവിലുള്ള കുറ്റവാളികളെയും മത തീവ്രവാദികളെയും തൂക്കുമരത്തിലെത്തിക്കും എന്ന് ഉറപ്പിച്ചു മുന്നോട്ടു നീങ്ങുകയാണ്. അതുകൊണ്ട് തന്നെ വംഗദേശത്തു നിന്നും വാര്‍ത്തകള്‍ക്ക് ക്ഷാമമുണ്ടാകില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: