സ്വാതിതിരുനാള്‍ രാഗമാലികയായി രചിച്ച നാലു കൃതികളില്‍ ഒന്നാണ് ‘കമല ജാസ്യ ഹൃദ’ എന്ന ദശാവതാര കീര്‍ത്തനം. ദശാവതാരങ്ങളെ മോഹനം, ബിലഹരി, ധന്യാസി, സാരംഗ, മധ്യമാവതി, അഠാണ, നാട്ടക്കുറിഞ്ചി, ദര്‍ബാര്‍, ആനന്ദഭൈരവി, സൗരാഷ്ട്രം എന്നിങ്ങനെ പത്തുരാഗങ്ങളിലായാണ് ചിട്ടപ്പെടുത്തിയത.് ‘പന്നഗേന്ദ്ര ശയന’ എന്ന രാഗമാലികയാണ് മറ്റൊന്ന്. മധുരഭക്തിയാണ് ഇതിന്റെ ഇതിവൃത്തം.
നൃത്തത്തിനും സംഗീതത്തിനുമായി അദ്ദേഹം രണ്ട് രാഗമാലികകള്‍ രചിച്ചിട്ടുണ്ട്. ‘സരസിജാക്ഷുലു’ എന്നത് ഇതിനുദാഹരണമാണ്. സതതം താവക എന്ന കൃതിയില്‍ അദ്ദേഹം ഖരഹരപ്രിയ രാഗത്തിലെ പൂര്‍ണഭാവം ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. സരസിജനാഭ മുരാരേ എന്ന തോടി രാഗം കൃതിയും ഏറെ രാഗഭാവം നിറഞ്ഞതാണ്.
അപൂര്‍വ രാഗങ്ങളായ ലളിത പഞ്ചമം, ഗോപികാവസന്തം, സാരംഗ നാട്ട, ഘണ്ഡ, ദ്വിജാവന്തി, സൈന്ധവി, മാളവശ്രീ, നവരസം, പൂര്‍വകാമോദരി, ആഹിരി തുടങ്ങിയ രാഗങ്ങളിലും അദ്ദേഹത്തിന്റെ ഒട്ടേറെ കൃതികളും പദങ്ങളുമുണ്ട്. ലളിത പഞ്ചമത്തില്‍ രചിച്ച കൃതിയാണ് ‘പരമ പുരുഷം’. ‘സേവേശ്രീകാന്തം’ മോഹനകല്യാണി രാഗത്തിലും.
ഇതിനുപുറമെ അദ്ദേഹം നവരാത്രി കീര്‍ത്തനങ്ങളും നവരത്നകൃതികളും രചിച്ചു. തിരുവനന്തപുരത്തെ നവരാത്രി ഉത്സവസമയത്ത് പാടാന്‍ ഓരോ ദിവസത്തിനും ഉതകുന്ന നവരാത്രി കൃതികളാണ് രചിച്ചത്. ‘ദേവി ജഗജനനി ‘(ശങ്കരാഭരണം), ‘പാഹിമാം ശ്രീവാഗീശ്വരി’ (കല്യാണി), ‘ദേവി പാവനേ’ (സാവേരി), ‘ഭാരതീ മാമവ’ (തോടി) തുടങ്ങിയവ ഈ കീര്‍ത്തനങ്ങളില്‍ പെടുന്നു. ഒമ്പത് കൃതികളുടെ സമാഹാരമാണ് നവരത്നമാല. ഭാഗവതത്തില്‍ ശ്രവണം, കീര്‍ത്തനം, സ്മരണം, പാദസേവനം, അര്‍ച്ചനം, വന്ദനം, ദാസ്യം, സഖ്യം, ആത്മനിവേദനം എന്നിങ്ങനെ ഒന്‍പത് ഭക്തിഭാവങ്ങളെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. അതിനെ ആസ്പദമാക്കി രചിച്ചതാണ് നവരത്നമാല.
സ്വാതിതിരുനാള്‍ ചെറുപ്പത്തില്‍ ഭരതനാട്യം അഭ്യസിച്ചിരുന്നതായി പറയപ്പെടുന്നു. അതുകൊണ്ടുതന്നെ അതില്‍ അദ്ദേഹത്തിന് അഗാധജ്ഞാനവുമുണ്ടായിരുന്നു. നൃത്തത്തിന് ആവശ്യമായ സ്വരജതി, ശബ്ദം, വര്‍ണം, പദം, ജാവളി, തില്ലാന തുടങ്ങിയ എല്ലാ നൃത്തരൂപങ്ങള്‍ക്കും ഗാനങ്ങള്‍ അദ്ദേഹം രചിച്ചു. ഭൂപാളം, ധനാശ്രീ, പൂര്‍വി, ആനന്ദഭൈരവി എന്നീ രാഗങ്ങളില്‍ അദ്ദേഹം തില്ലാനകള് രചിച്ചിട്ടുണ്ട്.
65 ഓളം പദങ്ങളും സ്വാതി തിരുനാളിന്റേതായുണ്ട്. അവയില്‍ 50 എണ്ണം മലയാളത്തിലും ബാക്കി സംസ്കൃതത്തിലും തെലുഗു ഭാഷയിലുമാണുള്ളത്. അഠാണരാഗത്തില് രചിച്ച ‘വലപുതാളവശമാ’ എന്ന തെലുഗുഭാഷയിലുള്ള പദം വളരെ പ്രചാരം നേടിയതാണ്. ‘അളിവേണീ, എന്തു ചെയ്വു’ എന്ന കുറിഞ്ചി രാഗത്തിലുള്ള പദം, സുരുട്ടി രാഗത്തിലുള്ള ‘അലര്‍ശര പരിതാപം’, നീലാംബരി രാഗത്തിലുള്ള ‘കാന്തനോടു ചെന്നു മെല്ലെ’, അഠാണ രാഗത്തിലുള്ള ‘കാന്താ തവ പിഴ ഞാന്‍’ തുടങ്ങിയ പദങ്ങള്‍ ഏറെ പ്രചാരം നേടി.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: