അസമില്‍ കൗപ്പല്‍പൂവുകള്‍ പൂത്തുലയുന്ന കാലമാണിത്. ഋതുരാജനായ വസന്തമെത്തുന്ന ഉന്മാദകാലം. വസന്തത്തെ വരവേറ്റ് അസം ജനത പുതുവര്‍ഷപ്പിറവി ആഘോഷിക്കുന്നത് ഇന്നാണ്. ‘ബൊഹാഗ്’ മാസത്തിലെ ആദ്യനാള്‍. ആണ്ടുപിറപ്പിനെ വര്‍ണാഭമാക്കുന്ന ‘രംഗോലി ബിഹു’വും ഇന്ന് തുടങ്ങുകയായി. ഇനി ഏഴുനാള്‍ ആടിയും പാടിയും മണ്ണിനെ ഉണര്‍ത്തണം. വിത്തിറക്കി, സമൃദ്ധിയുടെ വിള കൊയ്യാനുള്ള തയ്യാറെടുപ്പ്.
വിഷുവം എന്ന സംസ്‌കൃതപദത്തിന്റെ സ്വരഭേദമത്രേ ‘ബിഹു.’ അതു തന്നെയാണ് മലയാളിയുടെ വിഷു. പേരിലും അനുഷ്ഠാനങ്ങളിലും സാമ്യമുള്ള കാര്‍ഷികോത്സവങ്ങള്‍. ഇത്തവണ പക്ഷേ കൊവിഡ് ഭീതിയില്‍ ബിഹുവും വിഷുവും വീടുകളിലൊതുങ്ങി.
ഒക്ടോബറിലെത്തുന്ന കാതി ബിഹുവും, ജനുവരിയിലെ മാഘബിഹുവും, ഏപ്രിലിലെ റൊംഗോലി ബിഹുമാണ് അസമിന്റെ സ്വത്വമറിയിക്കുന്ന ആഘോഷങ്ങള്‍. അവയില്‍ പ്രാധാന്യമേറിയതും ബിഹു എന്ന് പൊതുവെ അറിയപ്പെടുന്നതും റൊംഗോളി ബിഹുവാണ്.
കൈനീട്ടം, പുതുവസ്ത്രം, വിഷുഫലം, പുറംകണി ഇവയെല്ലാം വിഷുവിനെന്നപോലെ ബിഹുവിനുമുണ്ട്. കണികണ്ടുണരാന്‍ കൊന്നപൂക്കുമ്പോള്‍ അസമില്‍ സുഗന്ധിയായ കൗപ്പല്‍ പൂവുകള്‍ പൂത്തുലയും. വിത്തിറക്കാന്‍ ക്ഷണിച്ച് അവിടെയും വിഷുപക്ഷി പാടാനെത്തും. വെളുപ്പിന് തീയിടാനായി വഴിയോരങ്ങളില്‍ ‘മാജി’യെന്ന പുറംകണിയൊരുങ്ങും. അടുക്കളകളില്‍ തേങ്ങയും അരിപ്പൊടിയും മധുരവും ചേരുന്ന ‘പീഠ’ (വിഷുക്കട്ട) കളുടെകൊതിപ്പിക്കുന്ന മണമുയരും. മണ്ണിനെയുണര്‍ത്താന്‍ വയലേലകളില്‍ ബിഹു നര്‍ത്തകരെത്തും. സമൃദ്ധമായ വിള തരാന്‍ കൃഷ്ണസ്തുതികളുമായി യുവഗായകര്‍ വെളുപ്പിന് വീടുകള്‍ കയറിയിറങ്ങും. ബിഹുവിന് ശകുനം നല്ലതാവാന്‍ വീട്ടമ്മാര്‍ കരുതലോടെ ഇരിക്കും. അപരിചിതര്‍ പോലും അന്ന് അവര്‍ക്ക് വിശിഷ്ടാതിഥിയാണ്. അതിഥികളെത്തിയാല്‍ അസമിന്റെ പരമ്പരാഗത വസ്ത്രമായ ‘ഗംഛ’ സമ്മാനിക്കും. കസവുമുണ്ടും വേഷ്ടിയും നമുക്കെത്രത്തോളം പ്രിയപ്പെട്ടതാണോ അതു പോലെയാണ് അസമിന് ഗംഛ. വെളുത്ത തുണികളുടെ അരികില്‍ ചുവന്ന ചിത്രത്തുന്നലുള്ള വേഷ്ടികളാണ് ഗംഛകള്‍.
ബിഹു നൃത്തമാണ് അസമിന്റെ ആഘോഷങ്ങളെ വ്യത്യസ്തമാക്കുന്നത്. ചുവടുകളില്‍, ഉടയാടകളില്‍, സംഗീതത്തിലെല്ലാം ബിഹുവിന്റെ തനത് പാരമ്പര്യം കാണാം. ആടുന്നതും പാടുന്നതും യുവാക്കള്‍ മാത്രം. വയലേലകളാണ് അരങ്ങ്. ധോലകും കാളക്കൊമ്പുകൊണ്ടുണ്ടാക്കിയ വാദ്യോപകരണവുമായി പുരുഷന്മാര്‍ പാടുമ്പോള്‍ പരമ്പരാഗത വസ്ത്രമായ ‘മേഖലാ ചാദര്‍’ (ചുവപ്പുകരയോടെ ചന്ദനനിറത്തിലുള്ള വേഷ്ടിയും മുണ്ടും) ധരിച്ച് നിറയെ ആഭരണങ്ങളണിഞ്ഞ് കൗപ്പല്‍പൂ ചൂടി യുവതികള്‍ നൃത്തമാടും. മണ്ണിനെ ആനന്ദിപ്പിച്ച് നൃത്തമവസാനിപ്പിച്ചാല്‍ നാട്ടുകാര്‍ ഒത്തു ചേര്‍ന്ന് മധുരപലഹാരങ്ങള്‍ പങ്കിടും.
ഇത്തവണ ആഘോഷങ്ങളില്ലെങ്കിലും ബിഹുവിന് സമ്മാനിക്കാനുള്ള ഗംഛയെ വീടിന് പുറത്തിറക്കി, ഒരു പ്രതിരോധദൗത്യമേല്‍പ്പിച്ചിരിക്കുകയാണ് അസമിലെ സന്നദ്ധ സംഘടനകള്‍. ഗംഛകള്‍ മുറിച്ച് തയ്ച്ചെടുത്ത ആയിരക്കണക്കിന് മുഖാവരണങ്ങള്‍ കൊറോണയെ പ്രതിരോധിക്കാന്‍ അസമിലെ വിപണികളിലും ആശുപത്രികളിലും നിറഞ്ഞുകഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: