മുംബൈ: രാമായണത്തില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള ഒരു വാനരന്‍. വാനരരാജാവായ ബാലിയുടെ പുത്രന്‍, അതാണ് അംഗദന്‍. അംഗദന്‍ ദൗത്യകര്‍മത്തിന് പ്രസിദ്ധനാണ്. സീതാന്വേഷണാര്‍ഥം സുഗ്രീവന്‍ അയച്ച വാനരസേനയിലെ പ്രമുഖാംഗം, തികഞ്ഞ രാമഭക്തന്‍, ഹനുമാനെപ്പോലെ ബലവാനും സാഹസികനും ബുദ്ധിശാലിയും വിവേകിയും സമരവിദഗ്ധനുമായ വാനരസേനാനി എന്നീ നിലകളില്‍ വിഖ്യാതനാണ് അംഗദന്‍. എന്നാല്‍, ഇന്ത്യയുടെ സൂപ്പര്‍ക്രിക്കറ്ററും ഓപ്പണറുമായ വീരേന്ദര്‍ സേവാഗും തമ്മിലെന്ത് ബന്ധം. അംദഗനാണ് തന്റെ ബാറ്റിങ്ങിന് പ്രചോദനമെന്ന് വെളിപ്പെടുത്തുകയാണ് സേവാഗ്.
രാവണസഭയിലെത്തിയ അംഗദന്റെ ഒരു ചിത്രം ട്വീറ്റ് ചെയ്താണ് സേവാഗിന്റെ വെളിപ്പെടുത്തല്‍. സംഭവം അല്‍പം തമാശയുമാണ്. വെടിക്കെട്ട് താരമാണെങ്കിലും സേവാഗിന്റെ ഫുട് വര്‍ക്കില്ലായ്മ എന്നും വിമര്‍ശനവിധേയമായിരുന്നു. ക്രീസില്‍ നിന്നു കാലുകള്‍ അനക്കാതെ ഏതുതരം ഷോട്ടുകളും അനായാസം കളിക്കുമായിരുന്നു സേവാഗ്. എന്നാല്‍, ഈ പോരായ്മ കാരണം പലപ്പോഴും വിക്കറ്റ് നഷ്ടവുമായിട്ടുണ്ട്. ക്രീസില്‍ ഉറച്ച കാലുകളാണ് സേവാഗിന്റെത് എന്നാണ് വിമര്‍ശകര്‍ പറയുന്നത്. ഏതാണ്ട് അതുപോലുള്ള ചിത്രമാണ് സേവാഗ് ട്വീറ്റ് ചെയ്തിരിക്കുന്നത്.
കാലുകള്‍ അനക്കാന്‍ ബുദ്ധിമുട്ട് എന്നല്ല, അസാധ്യമാണ്.. അംഗജ് ദി റോക്ക്‌സ് എന്നാണ് ഫോട്ടോയ്‌ക്കൊപ്പമുള്ള ട്വീറ്റ്. രാമ-രാവണ യുദ്ധത്തിന് മുന്നോടിയായി ദൂതുമായി രാവണ സഭയില്‍ എത്തിയത് അംഗദന്‍ ആയിരുന്നു. രാവണന്റെ അമിത ആത്മവിശ്വാസം തകര്‍ക്കാന്‍ തന്റെ കാല്‍ മുന്നോട്ടുവയ്‌ക്കുകയും തന്റെ കാല്‍ ഉയര്‍ത്താന്‍ ആര്‍ക്കെങ്കിലും സാധിച്ചാല്‍ ഈ യുദ്ധത്തില്‍ ശ്രീരാമന്‍ തോറ്റതായി സമ്മതിച്ച് പിന്‍മാറുമെന്ന് അംഗദന്‍ വെല്ലുവിളിക്കുകയും ചെയ്തു. എന്നാല്‍, രാവണ സഭയില്‍ ഒരാള്‍ക്കു പോലും അംദഗന്റെ പാദം ഒരിഞ്ച് പോലും ഉയര്‍ത്താന്‍ സാധിച്ചില്ല. ഈ ചിത്രത്തിന്റെ പശ്ചാത്തലത്തിലാണ് തന്റെ ബാറ്റിങ് പ്രകടനത്തിന് പ്രചോദനമായത് അംഗദനാണെന്ന് സേവാഗ് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: