കണ്ണൂര്‍: കൊറോണ വൈറസ് വ്യാപനം തടയാന്‍ സംസ്ഥാനത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ലംഘിച്ച് റോഡിലിറങ്ങിയവരെ ഏത്തമിടീപ്പിച്ച സംഭവത്തില്‍ കണ്ണൂര്‍ ജില്ലാ പോലീസ് മേധാവി ജി.എച്ച്. യതീഷ് ചന്ദ്രക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്യാതെ ഡിജിപി ലോക്നാഥ് ബഹ്റയുടെ റിപ്പോര്‍ട്ട്. കൊറോണ നിര്‍ദേശങ്ങള്‍ പാലിക്കാതെ കൂട്ടംകൂടി നിന്നവരെ, മുന്നറിയിപ്പെന്ന നിലയില്‍ വ്യായാമം ചെയ്യിപ്പിച്ചതാണെന്ന യതീഷ് ചന്ദ്രയുടെ വിശദീകരണ റിപ്പോര്‍ട്ടാണ് ഡിജിപി ആഭ്യന്തര സെക്രട്ടറി ഡോ. വിശ്വാസ് മേത്തക്ക് കൈമാറിയത്.
അതേസമയം റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തിനായി കാത്തിരിക്കുകയാണ്. റിപ്പോര്‍ട്ടില്‍ എന്ത് നടപടിയായെന്ന ചോദ്യത്തിന് പ്രതികരിക്കാനില്ലെന്നായിരുന്നു ഡിജിപിയുടെ മറുപടി. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഉടനെ നടപടി വേണ്ടെന്ന നിലപാടാകും സര്‍ക്കാര്‍ സ്വീകരിക്കുകയെന്നാണ് സൂചന. അഴീക്കലിലെ ഒരു കടയ്ക്ക് മുന്നില്‍ കൂട്ടം കൂടിനിന്ന മൂന്നുപേരെയാണ് എസ്.പി ഏത്തമിടീപ്പിച്ചത്. ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലടക്കം പ്രചരിക്കുകയും ചെയ്തിരുന്നു. ഇത്രയധികം തെളിവുകള്‍ ഉണ്ടായിട്ടും വ്യായാമമെന്ന കണ്ണില്‍ പൊടിയിടുന്ന റിപ്പോര്‍ട്ടാണ് യതീഷ് ചന്ദ്രയുടെ വിശദീകരണമെന്ന നിലയില്‍ ഡിജിപി ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: