തൃശൂര്‍: വിഷു വിപണിയില്‍ പ്രതീക്ഷയര്‍പ്പിച്ചു പണം മുടക്കിയവര്‍ക്ക് ഇക്കുറി കണ്ണീരിന്റെ വിഷു. വിഷുവിനു മാത്രം കച്ചവടം നടക്കുന്ന സാധനങ്ങള്‍ നേരത്തെ തയ്യാറാക്കിയവര്‍ക്കാണ് വലിയ നഷ്ടമുണ്ടായിരിക്കുന്നത്. വിഷുദിനം കൂടി ഉള്‍പ്പെടുന്നതാണ് ഇപ്പോള്‍ പ്രഖ്യാപിക്കപ്പെട്ട ലോക്ഡൗണ്‍ കാലാവധി. അതുകൊണ്ടു തന്നെ വിഷുവിപണി ഉണ്ടാകില്ലെന്നുറപ്പാണ്.
കണി വെള്ളരി, മണ്‍കലം, വിവിധ തരം കൃഷ്ണ പ്രതിമകള്‍, പടക്കം എന്നിവയുടെ കച്ചവടത്തിലൂടെ സീസണില്‍ വരുമാനമുണ്ടാക്കാമെന്നു കരുതിയിരുന്നവരാണ് പ്രതിസന്ധിയിലായിരിക്കുന്നത്. മണ്‍കലങ്ങള്‍ക്ക് ഏറ്റവും ആവശ്യക്കാരുള്ള സമയമാണു വിഷുക്കാലം. എന്നാല്‍, ലോക് ഡൗണില്‍ കച്ചവടക്കാരുടെ പ്രതീക്ഷകളെല്ലാം തകര്‍ന്നു. കഞ്ഞേറ്റി, കഞ്ഞിക്കലം, ചോറ് കലം എന്നിവയാണു കണിക്കൊപ്പം നിരത്താനും വിഷുവിനു ചുട്ടെടുക്കുന്ന കാരയപ്പങ്ങള്‍ സൂക്ഷിക്കാനും വാങ്ങുന്നത്.ഇത്തവണ വിപണിയില്ലാത്തത് മണ്‍പാത്ര നിര്മാണക്കാരെ പട്ടിണിയിലാക്കി.
മാര്‍ച്ച് അവസാനത്തോടെ സജീവമാകുന്ന പടക്ക വില്പന കേന്ദ്രങ്ങളെല്ലാം ഇത്തവണ അടഞ്ഞതോടെ നാട്ടില്‍ പടക്കം പൊട്ടലും മാനത്തു വര്‍ണം വിതറലുമില്ല. കോടികളുടെ നഷ്ടമാണ് പടക്ക വിപണിയില്‍. വിഷുക്കോടി ഉടുത്ത് കണ്ണനെ കണികാണാന്‍ ഇത്തവണ ആവില്ല. തുണിക്കടകള്‍ അടച്ചതിനാല്‍ പുത്തനുടപ്പില്ലാതെയാകും ഇത്തവണത്തെ കണികാണല്‍. ലോക് ഡൗണ്‍ പ്രഖ്യാപിച്ച മാര്‍ച്ച് 23 മുതല്‍ അടച്ചിട്ടതാണ് തുണികടകള്‍. വിഷു വിപണി ലക്ഷ്യമിട്ട് വൈവിധ്യമാര്‍ന്ന വസ്ത്രശേഖരവുമായി ഓഫര്‍ പ്രഖ്യാപിച്ച് മത്സരം പൊടിപൊടിക്കേണ്ട സമയമാണിത്.
വിഷു വിപണിക്കായി മാര്‍ച്ച് ആദ്യം വാരം തന്നെ വസ്ത്രങ്ങളുടെ വിപുല ശേഖരം തുണിക്കടകളില്‍ ഒരുക്കിയിരുന്നു.കൃഷ്ണ പ്രതിമകള്‍ നിര്‍മിച്ച് വില്പന നടത്തുന്ന രാജസ്ഥാന് സ്വദേശികള്‍ക്കും ഇതു കഷ്ടകാലം. ചായം പൂശി മനോഹരമാക്കി വച്ച പ്രതിമകള്‍ വാങ്ങാന്‍ ആളില്ല. ജോധ്പൂരില്‍ നിന്ന് എത്തിയ സംഘം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രതിമകളുണ്ടാക്കി വിറ്റ് ഉപജീവനം കഴിക്കുന്നത്.ഫെബ്രുവരിയില്‍ എത്തി വിഷുക്കച്ചവടം കഴിഞ്ഞാല്‍ തിരിച്ചു പോവുകയാണു പതിവ്.
ഇത്തവണ കച്ചവടമില്ല.വിഷു വിപണി ലക്ഷ്യമിട്ടു ജില്ലയിലെ വിവിധയിടങ്ങളില്‍ കണിവെള്ളരി കൃഷി ചെയ്ത കര്‍ഷകര്‍ ഇത്തവണ വിളവെടുത്തതു കണ്ണീരാണ്. പതിറ്റാണ്ടുകളായി കണിവെള്ളരി കൃഷി ചെയ്തുവരുന്ന കര്‍ഷകര്‍ ഇത്തവണയും ജനുവരി മാസത്തില്‍ തന്നെ കൃഷി ഇറക്കിയിരുന്നു. ലോക് ഡൗണിനെ തുടര്‍ന്നു വിപണിയില്‍ കടുത്ത പ്രതിസന്ധി നേരിടുകയാണു കര്‍ഷകര്‍. വലിയ തുക മുടക്കിയാണു പലരും കൃഷിയിറക്കിയിരിക്കുന്നത്. 3 മാസത്തോളം കഠിനാധ്വാനം ചെയ്താണ് കണിവെള്ളരി വിളവെടുപ്പിനു പാകമാക്കിയിരിക്കുന്നത്. വിഷുവിന് ഒരാഴ്ച മുന്‍പാണു സാധാരണ കണിവെള്ളരി വിളവെടുക്കാറുള്ളത്. എന്നാല്‍ ഇത്തവണ എന്തു ചെയ്യണമെന്നു പോലും അറിയാതെ സ്ഥിതിയിലാണ് കര്‍ഷകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: