ചെറുതുരുത്തി: പാഞ്ഞാള്‍ ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തില്‍, ലോക്ക് ഡൗണ്‍ കാലത്ത് വീട്ടിലിരിക്കുന്നവരുടെ അലസത മാറ്റാനായി വാട്ട്സ്അപ്പ് ഗ്രൂപ്പ് ആരംഭിച്ചു. പ്രതിഭ എന്ന പേരില്‍ ആരംഭിച്ച ഗ്രൂപ്പില്‍, ഒന്നര വയസ്സു മുതല്‍ തൊണ്ണൂറ്റിഎട്ട് വയസ്സുവരെ പ്രായമുള്ള എഴുപത്തിഅഞ്ചോളം അംഗങ്ങള്‍ ഉണ്ട്.
കഥ പറയല്‍, പാട്ടുപാടല്‍, ചിത്രം വരയ്ക്കല്‍, നൃത്തം, കവിത ചൊല്ലല്‍, മറ്റു കലാപ്രകടനങ്ങള്‍ എന്നിവ നടത്തുക വഴി ഇവര്‍ക്ക് സ്വന്തം കഴിവുകള്‍ പങ്കുവയ്ക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്. കൂടാതെ എല്‍പി, യുപി, ഹൈസ്കൂള്‍, മുതിര്‍ന്നവര്‍ എന്നിങ്ങനെ നാലു വിഭാഗങ്ങള്‍ക്കായി കഥ, കവിത, ചിത്രരചന, ആസ്വാദനക്കുറിപ്പ്, എഴുത്തു മത്സരം എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.
ലോക് ഡൗണിനു ശേഷം സ്വന്തം രചനകള്‍ വായനശാലയില്‍ എത്തിക്കണമെന്നും, സമ്മാനാര്‍ഹരെ പിന്നീട് പ്രഖ്യാപിക്കുമെന്നും സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9544573809 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: