തൃശൂര്‍: കലാകാരന്മാരുടെ :ഈസ്റ്റര്‍ – വിഷു ആഘോഷങ്ങള്‍ക്ക് ഇത്തവണ ചായങ്ങളുടെയും ചമയങ്ങളുടേയും വര്‍ണ്ണ പകിട്ടില്ല. ലോക് ഡൗണിനെ തുടര്‍ന്ന് ജീവിതം വഴിമുട്ടി സ്റ്റേജ് ആര്‍ട്ടിസ്റ്റുകള്‍. നൃത്ത പഠനം മുടങ്ങിയതോടെ നൃത്താധ്യാപകരും തൊഴില്‍ ഇല്ലാതെ ദുരിതത്തില്‍. സ്കൂളുകളില്‍ ആനിവേഴ്സറി ആഘോഷങ്ങള്‍ മാറ്റി വെച്ചതോടെ ആയിരക്കണക്കിന് നൃത്താദ്ധ്യാപകരുടെ വരുമാനം നഷ്ടപ്പെട്ടു.
സ്കൂളുകളിലെ ക്ലാസുകള്‍ നിര്‍ത്തിയപ്പോള്‍ ഇവര്‍ക്ക് പ്രതിമാസ ഫീസ് ലഭിക്കാതായി. ഇതിനു പുറമേ ലോക് ഡൗണിനെ തുടര്‍ന്ന് ഇപ്പോള്‍ വീടുകളും സ്ഥാപനങ്ങളിലും നടത്തിയിരുന്ന ഡാന്‍സ് ക്ലാസുകളും നിര്‍ത്തി വെച്ചു. ഇതു മൂലം സ്ത്രീകളും പുരുഷന്മാരുമടക്കം ആയിരങ്ങള്‍ തൊഴില്‍ ഇല്ലാതെ വലയുകയാണ്. വ്യത്യസ്ത കലാരംഗത്തുള്ള പതിനായിരങ്ങളുടെ ജീവിതം ആണ് ലോക്ഡൗണ്‍ മൂലം വഴി മുട്ടിയത്.
ഉത്സവങ്ങളും ആഘോഷങ്ങളും മാറ്റി വെച്ചതോടെ കലാരംഗത്തു പ്രവര്‍ത്തിക്കുന്നവരുടെ ജീവിതം പ്രതിസന്ധിയിലായി. ഉത്സവ സീസണ് ഇല്ലാതായപ്പോള്‍ ഇവരുടെ ഉപജീവനമാര്‍ഗം നഷ്ടപ്പെട്ടു. നാടകം, മിമിക്രി, ഗാനമേള, ബാലെ, കഥാപ്രസംഗം, സിനിമാറ്റിക് ഡാന്‍സ്, മാജിക് തുടങ്ങിയവ അവതരിപ്പിക്കുന്ന സ്റ്റേജ് ആര്‍ട്ടിസ്റ്റുകള്‍ ഇപ്പോള്‍ പരിപാടികള്‍ ഇല്ലാതെ പട്ടിണിയില്‍ ആണ്.
ഒരു ഫെസ്റ്റിവല്‍ സീസണ് ആണ് ഇവരുടെ ഒരു വര്‍ഷത്തെ സമ്പാദ്യം. ഓരോ വര്‍ഷവും ഈസ്റ്റര്‍ – വിഷു ദിവസങ്ങള്‍ ഇവര്‍ക്ക് നിരവധി സ്റ്റേജ് പ്രോഗ്രാമുകള്‍ ലഭിക്കാറുണ്ട്. രണ്ട് ദിവസവും ഓരോ ട്രൂപ്പും ഓടി നടന്നാണ് വിവിധ സ്ഥലങ്ങളില്‍ പരിപാടികള്‍ അവതരിപ്പിക്കുക. എന്നാല്‍ ഈസ്റ്റെര്‍ ദിനമായ ഇന്നലെ ഈ കലാകാരന്മാര് എല്ലവരും വീടുകളില്‍ വിശ്രമത്തില്‍ ആയിരുന്നു .
പള്ളിപറമ്പുകളും മൈതാനങ്ങളും ഇന്നലെ ആളും ആരവങ്ങളും ഇല്ലാതെ ഒഴിഞ്ഞു കിടന്നു. വന്‍കിട ഓഡിറ്റോറിയങ്ങളിലും ഈസ്റ്റര്‍ ആഘോഷ കലാപരിപാടികള്‍ അരങ്ങേറിയില്ല. ഇനി നാളെ വിഷു ദിനത്തില്‍ അമ്പലപറമ്പുകളിലും ഇതു തന്നെ ആയിരിക്കും അവസ്ഥ. അടുത്ത ഉത്സവ സീസണ് തുടങ്ങണമെങ്കില്‍ ഇനി മാസങ്ങള്‍ കഴിയണം. അതു വരെ എങ്ങനെ കുടുംബം പോറ്റുമെന്നറിയാതെ വിഷമിക്കുകയാണ് ഇവര്‍.
നിരവധി പേര് പട്ടിണി ഇല്ലാതെ ഇരിക്കാന്‍ കൂലിപ്പണി ഉള്‍പ്പെടെ മറ്റു തൊഴിലുകള്‍ ചെയ്തു തുടങ്ങി.ലോക്ക് ഡൗണിനെ തുടര്‍ന്ന് തൊഴില്‍ നഷ്ടപെട്ട കലാകാരന്മാര്ക്ക് പ്രത്യേക പാക്കേജ് സര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്നാണ് ഇവരുടെ ആവശ്യം. നാടക കമ്പനികള്‍ ബാങ്കില്‍ നിന്നും മറ്റും വായ്പ എടുത്താണ് ട്രൂപ്പ് നടത്തിയിരുന്നത്. വായ്പ തിരിച്ചടക്കാന്‍ മാര്‍ഗം ഇല്ലാതെ നാടക കമ്പനി ഉടമകള്‍ ഇപ്പോള്‍ പ്രയാസപ്പെടുകയാണ്.
ഉപജീവന മാര്‍ഗം ഇല്ലാതെ ദുരിതം അനുഭവിക്കുന്ന സ്റ്റേജ് ആര്‍ട്ടിസ്റ്റുകള്‍ക്ക് അടുത്ത ഫെസ്റ്റിവല്‍ സീസണ് തുടങ്ങുന്നത് വരെ ധനസഹായം അനുവദിക്കണമെന്നും കലാകാരന്മാര് ആവശ്യപെടുന്നു. പൂരവും പെരുന്നാളും മാറ്റിവെച്ചതോടെ വാദ്യ കലാകാരന്മാരും സ്റ്റേജ് ആര്‍ട്ടിസ്റ്റുകളോടൊപ്പം ദുരിതത്തിലാണ്. പഞ്ചവാദ്യം, നാഗസ്വരം, ബാന്റുമേളം, നാസിക്ഡോള്‍, ശിങ്കാരി മേളം തുടങ്ങിയ രംഗത്തുള്ള കലാകാരന്മാരും ഒരു മാസത്തിലേറെയായി തൊഴില്‍ ഇല്ലാതെ പ്രയാസത്തിലാണ് കഴിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: