കോഴിക്കോട്: എരഞ്ഞിപ്പാലം മലബാര്‍ ഹോസ്പിറ്റല്‍ ആന്‍ഡ് യൂറോളജി സെന്റര്‍ മാനേജിംഗ് ഡയറക്ടറും കോഴിക്കോട്ട് സാമൂഹിക സാംസ്‌ക്കാരിക രംഗത്തെ നിറസാന്നിധ്യവുമായിരുന്ന ഡോ. പി.എ. ലളിത (69)അന്തരിച്ചു. അറുപതാം വയസില്‍ കാന്‍സര്‍ രോഗത്തോട് പൊരുതുകയായിരുന്ന ഡോക്ടര്‍ നിരവധി പേര്‍ക്ക് പ്രചോദനവും വഴികാട്ടിയുമായിരുന്നു. രോഗത്തിന് മുന്നില്‍ മുട്ടുമടക്കരുതെന്ന് ഡോക്ടര്‍ ഓര്‍മ്മിപ്പിച്ചു കൊണ്ടേയിരുന്നു. ആലപ്പുഴ ചേര്‍ത്തല സ്വദേശിയായ ഡോക്ടര്‍ കോഴിക്കോട് നടക്കാവ് ക്രോസ് റോഡിലെ അമ്പിളിയിലായിരുന്നു താമസം. മലബാര്‍ ഹോസ്പിറ്റല്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. വി.എന്‍. മണിയാണ് ഭര്‍ത്താവ്. മകള്‍: മലബാര്‍ ഹോസ്പിറ്റല്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. മിലി മണി. മരുമകന്‍: ഡോ. കോളിന്‍ ജോസ്.
മലബാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന ഭൗതികശരീരം തിങ്കളാഴ്ച ഉച്ചയ്‌ക്ക് ഒന്നോടെ നടക്കാവിലെ വസതിയിലെത്തിക്കും. സംസ്‌കാരം വൈകിട്ട് നാലിന് മാവൂര്‍ റോഡ് ശ്മശാനത്തില്‍ നടക്കും. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ പൊതുദര്‍ശനം ഉണ്ടായിരിക്കില്ലെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.
ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ വനിത വിഭാഗത്തിന്റ സ്ഥാപക ചെയര്‍പേഴ്സണ്‍, ഐഎംഎ കോഴിക്കോട് ബ്രാഞ്ച് സെക്രട്ടറി, പ്രസിഡന്റ്, അബലാ മന്ദിരത്തിന്റെ ഉപദേശക സമിതി ചെയര്‍പേഴ്സണ്‍, ജുവനൈല്‍ വെല്‍ഫയര്‍ ബോര്‍ഡ് അംഗം, ഐഎംഎ ദേശീയ വനിത വിഭാഗത്തിന്റെ സ്ഥിരം സമിതി അംഗം, മെര്‍ക്കൈന്റല്‍ ബാങ്ക് ഡയറക്ടര്‍, കുട്ടികളുടെ കാന്‍സര്‍ ചികിത്സ സഹായ സംഘടനയായ സ്‌കാര്‍പിന്റെ പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നിരവധി ലേഖനങ്ങളും മനസിലെ കയ്യൊപ്പ്, മരുന്നുകള്‍ക്കപ്പുറം, പറയാനുണ്ടേറെ, മുഖങ്ങള്‍ അഭിമുഖങ്ങള്‍, കൗമാരം അറിയേണ്ടതെല്ലാം എന്നീ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാറിന്റെ വനിതാരത്നം അവാര്‍ഡ്, 2006ല്‍ ഐഎംഎയുടെ മികച്ച ഡോക്ടര്‍ക്കുള്ള പുരസ്‌കാരം, ഇന്‍ഡോ അറബ് കോണ്‍ഫെഡറേഷന്‍ അവാര്‍ഡ്, ഡോ. രാജേന്ദ്ര പ്രസാദ് ഫൗണ്ടേഷന്റെ പ്രസാദ്ഭൂഷണ്‍ അവാര്‍ഡ്, ഐഎംഎ വനിതാവിഭാഗത്തിന്റെ 2014 ലെ സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം, 2012 ലെ മികച്ച ഡോക്ടര്‍ക്കുള്ള കാലിക്കറ്റ് ലയണ്‍സ് ക്ലബ് അവാര്‍ഡ്, മാനവ സംസ്‌കൃതി കേന്ദ്ര അവാര്‍ഡ്, പഞ്ചാബ് നാഷണല്‍ ബാങ്കിന്റ സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം, 2015 ല്‍ ഡോ.പല്‍പ്പു സ്മാരക അവാര്‍ഡ്, ധന്വന്തരി പുരസ്‌കാരം എന്നിവ ഡോക്ടറെ തേടിയെത്തിയിട്ടുണ്ട്.
ഡോ.പി.എ. ലളിതയുടെ നിര്യാണത്തില്‍ മിസ്സോറാം ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള, മുഖ്യമന്ത്രി പിണറായി വിജയന്‍, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍, ഗോകുലം ഗ്രൂപ്പ് ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍ തുടങ്ങിയവര്‍ അനുശോചിച്ചു.











