ഗ്രാമങ്ങളുടെ തുടിപ്പുകളാണ് ഭാരതത്തിന്റെ മുന്നേറ്റത്തിന് കുതിപ്പ് പകരുന്നത്. രാഷ്ട്രമെന്ന രഥത്തെ മുന്നോട്ട് നയിക്കുന്ന കുതിരകളാണ് ഒരോ ഗ്രാമങ്ങളും. ഗ്രാമസ്വരാജ് എന്ന ആശയം മുന്നോട്ട് വന്നത്് ഈ തിരിച്ചറിവില്‍ നിന്നാണ്. സ്വതന്ത്ര ഇന്ത്യയില്‍ വന്ന സര്‍ക്കാരുകള്‍ ഈ ആശയത്തെ പരിപോഷിപിക്കാന്‍ ശ്രമിച്ചില്ല. ഇന്ത്യന്‍ ഗ്രാമങ്ങളുടെ സാമ്പത്തികവും ശാസ്ത്രീയവുമായ മുന്നേറ്റം, അതൊരു സ്വപ്നം തന്നെയായി അവശേഷിച്ചു. ഈ സ്വപ്നം സാക്ഷാത്കരിക്കാനാണ് ആര്‍എസ്എസ് ശാസ്ത്ര വിഭാഗമായി വിജ്ഞാന് ഭാരതിക്ക് രൂപം നല്‍കുന്നത്.
ഗ്രാമസ്വരാജ് സങ്കല്പം തന്നെയാണ് വിജ്ഞാന് ഭാരതിക്കും കരുത്തായത്. ഇന്ത്യയുടെ ഗ്രാമങ്ങളെ ശാസ്ത്രസാങ്കേതിക മേഖലയിലെ അതിവേഗ മുന്നേറ്റങ്ങള്‍ക്കൊപ്പം കൈപിടിച്ചുയര്‍ത്താനാണ് വിജ്ഞാന് ഭാരതി ശ്രമിച്ചത്. അതിനായി വിദ്യാര്‍ത്ഥികള്‍ മുതല്‍ ഐഎസ്ആര്‍ഒ ശാസ്ത്രഞ്ജന്മാരെവരെ ഒരു കുടക്കീഴില് അണിനിരത്തി. ഗ്രാമങ്ങളിലൂടെ രാജ്യപുരോഗതി എന്ന ആശയത്തെ പരിപോഷിപ്പിച്ച് അന്തര്‍ദേശീയ തലത്തില്‍ സയന്‍സ് കോണ്‍ഗ്രസ്സുകള്‍ നടത്തി. കര്‍ഷകര്‍ക്കും ഗ്രാമീണര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പ്രായോഗിക ജ്ഞാനം പകര്‍ന്നു നല്കി. ഗ്രാമാന്തരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനകളെ അണിനിരത്തി.
പി. പരമേശ്വരന്റെ ആശയം
ശാസ്ത്രസാങ്കേതിക മേഖലയിലെ കുതിപ്പുകള്‍ക്ക് പുതുവേഗം പകര്‍ന്നു നല്‍കുകയാണ് വിജ്ഞാന് ഭാരതിയുടെ അടിസ്ഥാനപരമായ ലക്ഷ്യം. ഭാരതീയ വിചാരകേന്ദ്രം ഡയറക്ടറായിരുന്ന പി പരമേശ്വരനാണ് ഇതിന് വിത്തു പാകിയത്. വിചാരകേന്ദ്രത്തിന്റെ കീഴില്‍ സ്വദേശി സയന്‍സ് മൂവ്മെന്റ് എന്ന പേരില്‍ ഒരു വേദിയുണ്ടായിരുന്നു. ബെംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ പ്രൊഫസര്‍ കെ. ഐ. വാസു അധ്യക്ഷന്‍. ആര്‍എസ്എസ് പ്രചാരകന് ടി.ആര്. സോമശേഖരന്‍ മേല്‍നോട്ടം. എബിവിപിയില്‍ സജീവമായിരുന്ന എ. ജയകുമാറും സി.സുരേഷ്കുമാറും പുതിയൊരു യുവസംഘടന രൂപീകരിക്കണമെന്ന ആശയവുമായി പി.പരമേശ്വരനെ കണാനെത്തിയതോടെയാണ് സ്വദേശി സയന്‍സ് മൂവ്മെന്റിന് സംഘടനാ രൂപം ഉണ്ടായത്.
പുതിയ യുവസംഘടന വേണ്ട, സ്വദേശി സയന്‍സ് മൂവ്മെന്റിനെ നല്ലൊരു പ്രസ്ഥാനമാക്കി മാറ്റുക എന്ന് പരമേശ്വര്‍ജി ഉപദേശിച്ചു. തുടര്‍ന്ന് സംഘടന രജിസ്റ്റര്‍ ചെയ്തു. ആയുര്‍വേദ കോണ്‍ഗ്രസുകളും ശാസ്ത്ര സെമിനാറുകളും സംഘടിപ്പിച്ചു. കേരളത്തിന്റെ ശാസ്ത്രസമൂഹത്തില്‍ പെട്ടന്ന് സ്വീകാര്യത ലഭിച്ച സ്വദേശി സയന്‍സ് മൂവ്മെന്റ് ആണ് വിജ്ഞാന് ഭാരതിയിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടത്. സംഘടന വളരെ വേഗത്തില്‍ ഭാരതമാകെ വ്യാപിച്ചു. ജയകുമാര്‍ പിന്നീട് ആര്‍എസ്എസ് പ്രചാരകനാകുകയും, വിജ്ഞാന് ഭാരതിയുടെ സെക്രട്ടറി ജനറല്‍ പദവി വഹിക്കുകയും ചെയ്തു. സി.സുരേഷ്കുമാര്‍ സംസ്ഥാനത്തെ അറിയപ്പെടുന്ന ഡോക്ടറും പ്രമുഖ സംഘാടകനുമാണ്.
1991 ഒക്ടോബര്‍ 20ന് നാഗ്പൂരിര്‍ നടന്ന യോഗത്തിലാണ് അഖിലേന്ത്യാ തലത്തില്‍ സ്വദേശി ശാസ്ത്ര പ്രസ്ഥാനം ആരംഭിക്കാന്‍ തീരുമാനിച്ചത്. ഈ സമ്മേളനത്തിലാണ് വിജ്ഞാന് ഭാരതിയെന്ന മഹത്തായ ശാസ്ത്രസാങ്കേതിക സംഘടനയെ ആര്‍എസ്എസ് ഭാരതത്തിനായി പരിചയപ്പെടുത്തിയത്.
പ്രൊഫ. കെ.ഐ. വാസുവിന്റെ നേതൃത്വത്തില്‍ പ്രമുഖരായ 120ലേറെ ശാസ്ത്രജ്ഞന്മാര്, ആര്‍എസ്എസ് നാലാം സര്‍സംഘചാലക് പ്രൊഫ. രാജേന്ദ്രസിങ് (രജു ഭയ്യ), പിന്നീട് സര്‍സംഘചാലകായിരുന്ന കെ.എസ്. സുദര്ശന്, സര്‍കാര്യവാഹായിരുന്ന എച്ച്.വി. ശേഷാദ്രി, ഭാരതത്തിലെ തൊഴിലാളി പ്രസ്ഥാനങ്ങളുടെ നെടുംതൂണായ ദത്തോപാന്ത് ഠേംഗ്ഡി, ഡോ. മുരളീ മനോഹര്‍ ജോഷി എന്നീ പ്രമുഖരാണ് ഈ നിശബ്ദശാസ്ത്ര വിപ്ലവത്തിന് തുടക്കം കുറിച്ചത്.
പരമ്പരാഗതവും ആധുനികവുമായ ശാസ്ത്രനേട്ടങ്ങളെ ഒറ്റച്ചരടില്‍ കോര്‍ത്ത് ഭാരതത്തിന്റെ ശാസ്ത്ര പുരോഗതിക്കായി പ്രവര്‍ത്തിക്കുക എന്നതാണ് വിജ്ഞാന് ഭാരതിയുടെ അടിസ്ഥാനപരമായ ലക്ഷ്യം. ഈ ലക്ഷ്യപ്രാപ്തിക്കായി പിന്നീട് 26 സംസ്ഥാനങ്ങളില്‍ പ്രത്യേക യൂണിറ്റുകള്‍ ആരംഭിച്ചു. വിജ്ഞാന് ഭാരതിയുടെ വരവ് പുത്തന്‍ ഉണര്‍വാണ് സൃഷ്ടിച്ചത്. ശാസ്ത്രസാങ്കേതിക മേഖലയില്‍ മാറ്റം കൊണ്ടുവരാനാണ് ഇപ്പോള്‍ സംഘടന ശ്രമിക്കുന്നത്. ഇതിനായി അന്താരാഷ്ട്ര ശാസ്ത്ര കോണ്‍ഗ്രസുകളും മറ്റും സംഘടിപ്പിക്കുന്നു.
അറിവിനോട് ദാഹവും ശാസ്ത്രത്തോട് അടുപ്പവും
രണ്ടായിരം സ്കൂള്‍ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച് ലോകത്തിലെ ഏറ്റവും വലിയ പ്രായോഗിക ശാസ്ത്ര ക്ലാസ് നടത്തി വിജ്ഞാന് ഭാരതി ശാസ്ത്രലോകത്തെ ഞെട്ടിക്കുകയുണ്ടായി. ഈ നേട്ടം ഗിന്നസ് ബുക്കില്‍ വരെ ഇടം നേടി. ദേശീയ സയന്‍സ് ഫെസ്റ്റിവലിന്റെ ഭാഗമായെത്തിയ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചാണ് അപൂര്‍വ നേട്ടം കൈവരിച്ചത്. 1339 കുട്ടികള്‍ പങ്കെടുത്ത അയര്‍ലന്റില്‍ നടന്ന സയന്‍സ് പ്രാക്ടിക്കലിനായിരുന്നു നിലവില്‍ ലോകറെക്കോര്‍ഡ്. അത് മറികടന്ന് ഭാരതം റെക്കോഡ് കൈവരിച്ചെന്ന വിവരം ഗിന്നസ് ബുക്ക് അധികൃതര്‍ ഐഐഎസ്എഫ് സംഘാടകരെ അറിയിച്ചു. ഡിസംബര്‍ ഏഴിന് ദല്‍ഹിയില്‍ 2000 കുട്ടികള്‍ പങ്കെടുത്ത പ്രായോഗിക ശാസ്ത്ര ക്ലാസ് ഈ വിഭാഗത്തില്‍ റെക്കോഡ് നേടിയിരിക്കുകയാണെന്ന വിവരം ഗിന്നസ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. രസതന്ത്രത്തിലെ ഉത്പ്രേരകങ്ങളെക്കുറിച്ച് നടത്തിയ ക്ലാസില്‍ കുട്ടികള്‍ ചെറുഗ്രൂപ്പുകളായാണ് പങ്കെടുത്തത്. ശാസ്ത്രലോകത്തെ സുപ്രധാനമായ നേട്ടം എന്നാണ് കേന്ദ്ര മന്ത്രി ഡോ.ഹര്‍ഷ വര്ദ്ധന് ഇതിനെ വിശേഷിപ്പിച്ചത്.
ഒരു ശാസ്ത്രപ്രസ്ഥാനമോ ശാസ്ത്ര സംഘടനയോ രാജ്യത്ത് ഇത്തരമൊരു നേട്ടം കൈവരിക്കുന്നത് ആദ്യമാണ്. 40 സ്കൂളുകളിലെ ഒന്‍പതു മുതല്‍ പത്തുവരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന 2000 കുട്ടികളെ ഓരോ സ്കൂളില്‍നിന്ന് 50 വീതം എന്ന കണക്കില്‍ തെരഞ്ഞെടുത്താണ് 65 മിനിറ്റ് നീണ്ട പരീക്ഷണം നടത്തിയത്.
അറിവിനോട് അടങ്ങാത്ത ദാഹവും ശാസ്ത്രത്തോട് അടുപ്പവുമുള്ള വിദ്യാര്‍ഥികളുടെ ഒരു തലമുറയെ വാര്‍ത്തെടുക്കുക, വിദ്യാര്‍ഥികള്‍ക്ക് ശാസ്ത്രവിദ്യാഭ്യാസം ആകര്‍ഷകമാക്കി അതിലൂടെ അവരുടെ സ്വപ്നങ്ങളിലേക്കുള്ള യാത്ര സുഗമമാക്കുക, രാജ്യത്തോടു പ്രതിബദ്ധതയും ആത്മവിശ്വാസവും ധൈര്യവുമുള്ള പുതിയ തലമുറയെ അറിവിന്റെയും വിവരങ്ങളുടെയും ലോകത്തേക്കു നയിക്കുക എന്നിവയായിരുന്നു ലക്ഷ്യം. ശാസ്ത്രവിദ്യാഭ്യാസം കൂടുതല്‍ ഫലപ്രദവും ആകര്ഷകവുമാക്കാനുതകുംവിധം തങ്ങളുടെ അനുഭവങ്ങളും അറിവും യുവതലമുറയുമായി പങ്കുവയ്ക്കാന്‍ തയ്യാറുള്ള ശാസ്ത്രജ്ഞര്‍, ടെക്നോക്രാറ്റുകള്‍, നൊബേല്‍ ജേതാക്കള്‍, സാമൂഹ്യനേതാക്കള്‍ തുടങ്ങിയവരുമായി സംവദിക്കാനും കുട്ടികള്‍ക്കായി.
ശാസ്ത്രാധിഷ്ഠിത സംഘടനകള്‍ ഒരു കുടക്കീഴില്
ഗ്രാമത്തിന്റെ സ്പന്ദനങ്ങളിലൂടെ നവഭാരതം കെട്ടിപ്പെടുക്കാനായി വിജ്ഞാന് ഭാരതിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് വിഭാവാണി. 2017 ഫെബ്രുവരി 14നാണ് വിഭാവാണി രൂപികരിക്കുന്നത്. ഗ്രാമങ്ങളുടെ പുരോഗതിക്കായി പ്രവര്‍ത്തിക്കുകയും, അതുവഴി രാഷ്ട്രക്ഷേമം ലക്ഷ്യം വയ്ക്കുകയും ചെയ്യുന്ന ശാസ്ത്രാധിഷ്ഠിത സാമൂഹ്യസംഘടനകളുടെ കൂട്ടായ്മയാണിത്.
ജനങ്ങളുടെ വിവിധ ആവശ്യങ്ങള്‍ ശാസ്ത്രസാങ്കേതിക ഇടപെടലുകളിലൂടെ പരിഹരിക്കുകയും, അതുവഴി ഗ്രാമങ്ങള്‍ക്ക് പുത്തന്‍ ഉണര്‍വ് നല്‍കുകയുമാണ് സംഘടനയുടെ ലക്ഷ്യം. ഇതിനായി സമൂഹത്തിന്റെ അടിത്തട്ടില്‍ ഇറങ്ങിച്ചെന്ന് പ്രവര്‍ത്തിക്കുന്ന ശാസ്ത്രാധിഷ്ഠിത സാമൂഹ്യസംഘടനകളെ ഒരു കുടക്കീഴില് വിഭാവാണി അണിനിരത്തി. 2017ല്‍ ചെന്നൈയില്‍ വിഭാവാണിയുടെ ആദ്യ സമ്മേളനത്തില്‍തന്നെ 22 സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് 410 സാമൂഹ്യ സംഘടനകളും സ്ഥാപനങ്ങളുമാണ് പങ്കെടുത്തത്.
ശാസ്ത്രാഭിമുഖ്യമുള്ളതും ഗ്രാമതലത്തില്‍ പ്രവര്‍ത്തിക്കുന്നവയുമായ സര്‍ക്കാരിതര സാമൂഹ്യ സംഘടനകളുടെ ദേശീയ കൂട്ടായ്മ എന്ന നിലയ്ക്കാണ് വിഭാ വാണി രൂപം കൊണ്ടത്. പിന്നീട് ആ ആശയത്തെ വികസിപ്പിച്ച് രാഷ്ട്ര നിര്‍മാണത്തിനുള്ള സംഘടന എന്ന നിലയിലേക്ക് പുനര്‍നിര്‍വചിച്ചു. ഇതോടുകൂടി സാമൂഹ്യ സംഘടനകള്‍ മാത്രമല്ല ശാസ്ത്ര മേഖലയില്‍ രാഷ്ട്ര നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഗവേഷകര്‍, ശാസ്ത്രജ്ഞര്‍, ഗവേഷണ സ്ഥാപനങ്ങള്‍, സര്‍വ്വകലാശാലകള്‍ തുടങ്ങിയവര്‍ക്കും ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ പറ്റുന്ന കൂട്ടായ്മയായി വിഭാവാണി മാറി.
2022 ഓടെ ഭാരതത്തില്‍ ഒട്ടാകെ 1000 അടിസ്ഥാന വികസന മോഡലുകള്‍ സൃഷ്ടിക്കുക. 1000 ശാസ്ത്രാധിഷ്ഠിത സാമൂഹ്യസംഘടനകളെ രാഷ്ട്രത്തിന്റെ അടിസ്ഥാന പുരോഗതിക്കായി സജ്ജമാക്കുക. ഇവരിലൂടെ രാജ്യത്തിന്റെ എല്ലാ മുക്കിലും മൂലയിലും പുരോഗതിക്കായുള്ള ശാസ്ത്രാഭിരുചി സംരഭങ്ങള്‍ വളര്‍ത്തിയെടുക്കുക എന്നിവയാണ് വിഭാവാണിയുടെ പ്രധാനലക്ഷ്യം. ഇതിനായി തങ്ങള്‍ക്ക് ലഭിച്ച അറിവുകള്‍ പങ്കിടാനും വിജ്ഞാനത്തിന്റെ ശേഷി വര്‍ദ്ധിപ്പിക്കാനുമായി പ്രതിവര്‍ഷം വിഭാവാണി വര്‍ക്ക്ക്ഷോപ്പുകള്‍ സംഘടിപ്പിക്കാറുണ്ട്.
കൊല്‍ക്കത്തയില്‍ നടന്ന വിഭാവാണി സമ്മേളനത്തില്‍ 600 ലേറെ സാമൂഹ്യസംഘടനകളുടെ പ്രതിനിധികളാണ് സാനിധ്യം അറിയിച്ചത്. തുടര്‍ച്ചയായി നാലാം തവണയാണ് രാജ്യാന്തര ശാസ്ത്രമേളയില്‍ ഇത്തരമൊരു വേദി ഒരുക്കുന്നത്.
ഗ്രാമങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടാനും, തങ്ങളുടെ അറിവുകള്‍ പകര്‍ന്നു നല്കുവാനുമാണ് പ്രതിനിധികള്‍ എത്തിയത്. തെരഞ്ഞെടുക്കപ്പെട്ട സാമൂഹ്യസംഘടനകള്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സമ്മേളനത്തില്‍ വിശദീകരിച്ചു. വിദേശ പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവരുടെ സജീവ പങ്കാളിത്തം മേളയ്ക്ക് മാറ്റുകൂട്ടി. ശാസ്ത്രാധിഷ്ഠിത സാമൂഹിക സംഘടനകളുടെയും രാഷ്ട്രനിര്‍മ്മാണത്തിനായുള്ള സ്ഥാപനങ്ങളുടെയും ഏറ്റവും വലിയ ജനകീയ പ്രസ്ഥാനമാണ് വിഭാവാണി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: