വടക്കാഞ്ചേരി: 4 പതിറ്റാണ്ടിനു ശേഷം പത്താഴക്കുണ്ട് ഡാമില്‍ നിന്നും വെള്ളം തുറന്നു വിട്ടു. പെരിങ്ങണ്ടൂര്‍ ഭാഗത്തേക്ക് കുടി വെള്ളം എത്തിക്കുന്നതിനായാണ് ഏഴര സെന്റീമീറ്റര്‍ ഉയരത്തില്‍ ഷട്ടര്‍ ഉയര്‍ത്തി വെള്ളം തുറന്നു വിട്ടു. ഡാമിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തികള്‍ കഴിഞ്ഞശേഷം ആദ്യമായാണ് വെള്ളം തുറന്നു വിട്ടിരിക്കുന്നത്.
കഴിഞ്ഞ 40 വര്‍ഷത്തിനിടെ ആദ്യമായിട്ടാണ് പെരിങ്ങണ്ടൂര്‍ ഭാഗത്തേക്ക് വെള്ളം എത്തുന്നത്. ഇതിനിടയില്‍ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ജനകീയ പങ്കാളിത്തത്തോടെ കൂടി താല്‍ക്കാലിക തടയണകള്‍ നിര്‍മ്മിച്ചു. ഡാമില്‍ നിലവില്‍ 9.63 മീറ്റര്‍ ജലമാണ് ഉള്ളത്. സംഭരണശേഷി 14 മീറ്റര്‍ ആണ്. 1.58 എം എം ക്യൂബ് ജലമാണ് നിലവിലുള്ളത്. മൂന്നര കിലോമീറ്റര്‍ ദൂരത്തിലാണ് ഇപ്പോള്‍ മിണാലൂര്‍ തോട്ടിലൂടെ പെരിങ്ങണ്ടൂര്‍ വരെ വെള്ളം എത്തിക്കുന്നത്.
ഇതോടെ വലിയ ആഹ്ലാദത്തിലാണ് മേഖലയിലെ കര്‍ഷകരും നാട്ടുകാരും. തലപ്പിള്ളി താലൂക്കിലെ മലയോര പ്രദേശത്താണ് ചെറുകിട ജലസേചന വകുപ്പിന്റെ നിയന്ത്രണത്തിലുള്ള പത്താഴക്കുണ്ട് ഡാം സ്ഥിതി ചെയ്യുന്നത്. പൂര്‍ണ്ണമായും മണ്ണു കൊണ്ട് നിര്‍മ്മിച്ചിട്ടുള്ള ഈ ഡാം 1978 ലാണ് കമ്മീഷന് ചെയ്യുന്നത്. ഡാമിന് 143 മീറ്റര്‍ നീളവും 18.3 മീറ്റര്‍ ഉയരവും ഉണ്ട്. വൃഷ്ടിപ്രദേശം 24.28 ഹെക്ടറും സംഭരണ ശേഷി 1.44 ദശലക്ഷം ഘനമീറ്ററും ആണ്. ഡാമിന് 3075 മീറ്റര്‍ നീളത്തിലുള്ള ഇടതുകര കനാലും 1456 മീറ്റര്‍ നീളത്തിലുള്ള വലതുകര കനാലും ഉണ്ട്. തെക്കുംകര പഞ്ചായത്തിലും പഴയ മുണ്ടത്തിക്കോട് പഞ്ചായത്തിലും ഉള്‍പ്പെടുന്ന ഏകദേശം 288 ഹെക്ടര്‍ ആയക്കെട്ട് പ്രദേശത്ത് ജലസേചനത്തിനായാണ് പദ്ധതി കൊണ്ട് വിഭാവനം ചെയ്തിരുന്നത്.
എന്നാല്‍ ഡാമിന്റെ ബാരലില്‍ കൂടിയുള്ള ശക്തമായ ചോര്‍ച്ച മൂലം ജലം സംഭരിക്കുന്നതിനും പ്രവര്‍ത്തനം കാര്യക്ഷമമായ രീതിയില്‍ നടത്തുന്നതിനും കഴിഞ്ഞ നാല് പതിറ്റാണ്ടായി സാധിക്കാത്ത സ്ഥിതിയായിരുന്നു. മന്ത്രിതലത്തിലുള്ള ഉന്നത അധികൃതരുടെ ഇടപെടലിനെത്തുടര്‍ന്നാണ് നവീകരണം നടത്തി ചോര്‍ച്ചയടച്ച് ഡാം ജലസമ്പന്നമായത്. വെള്ളം തുറന്നു വിട്ടതോടെ മേഖലയിലെ ജലസ്രോതസുകളും ജലസമ്പന്നമാകുന്നതോടെ വലിയ രീതിയില്‍ ജലക്ഷാമം പരിഹരിക്കാന്‍ കഴിയുമെന്ന ആശ്വാസത്തിലാണ് നാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: