തൃശൂര്‍ : തൃശൂര്‍ ജില്ലയിലെ കുന്നംകുളം, വടക്കേക്കാട്, ഗുരുവായൂര്‍ മേഖലകളില്‍ ഭീതി പടര്‍ത്തുന്ന ബ്ലാക്ക് മാനെ (അജ്ഞാത മനുഷ്യന്) പിടികൂടി നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് പുന്നയൂര്‍ക്കുളം സ്വദേശി രാജേഷ് എ നായര്‍ നല്കിയ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. സംഭവത്തില്‍ പോലീസ് ഉചിതമായ നടപടി സ്വീകരിക്കണമെന്ന് നിര്‍ദ്ദേശിച്ചാണ് ഹൈക്കോടതി ഹര്‍ജി തീര്‍പ്പാക്കിയത്. കുന്നംകുളം മേഖലയില്‍ പലയിടങ്ങളിലും ബ്ലാക്ക് മാനെ (അജ്ഞാത മനുഷ്യന്) കണ്ടെന്നും സംഭവം പൊതു ജനങ്ങളില്‍ ഭീതിയും ആശങ്കയും ഉണ്ടാക്കുന്നുണ്ടെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.
എന്നാല്‍ പരാതി സത്യമാണെന്നു തെളിയിക്കാനുള്ള വസ്തുതകള്‍ ഇതുവരെ നടത്തിയ അന്വേഷണത്തില്‍ ലഭിച്ചിട്ടില്ലെന്നും അജ്ഞാത മനുഷ്യന് ആക്രമണം നടത്തുകയോ സ്ത്രീകളെ ഉപദ്രവിക്കുകയോ മോഷണം നടത്തുകയോ ചെയ്തതായി പരാതി ലഭിച്ചിട്ടില്ലെന്നും കുന്നംകുളം അസി. പോലീസ് കമ്മിഷണര്‍ ടി.എസ്. സിനോജ് നല്കിയ സ്റ്റേറ്റ്മെന്റില്‍ പറയുന്നു.
ജനങ്ങളില്‍ നിന്ന് നേരിട്ടും ഫോണ്‍ മുഖേനയും പൊതു ജനങ്ങളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. മഫ്ടിയില് പോലീസിനെ വിന്യസിച്ചും ഹെലി ക്യാം ഉപയോഗിച്ചു നിരീക്ഷണം നടത്തിയും അന്വേഷണം നടത്തി. സിസി ടിവി ക്യാമറകള്‍ പരിശോധിച്ചു. എന്നാല്‍ തുമ്പൊന്നും ലഭിച്ചിട്ടില്ല. അതേ സമയം ഒരാളെ പിടികൂടിയിരുന്നു. ഇയാള്‍ അജ്ഞാത മനുഷ്യനെ പിടികൂടാന്‍ പുറത്തിറങ്ങിയതാണെന്നാണ് മൊഴി നല്‍കിയത്. എന്നാല്‍ പകര്‍ച്ച വ്യാധി ഓര്‍ഡിനന്‍സ് പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തെന്നും അസി. കമ്മിഷണര്‍ വ്യക്തമാക്കി. ഈ നടപടികള്‍ രേഖപ്പെടുത്തിയാണ് ഹൈക്കോടതി ഹര്‍ജി തീര്‍പ്പാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: