കോഴിക്കോട്: ലോക്ഡൗണ്‍ ലംഘനവുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് ആകെ 2996 കേസുകള്‍. അറസ്റ്റിലായത് 303 പേര്, പിടിച്ചെടുത്തത് 2817 വാഹനങ്ങള്‍. നിരീക്ഷണം ലംഘിച്ചതിന് 24 കേസുകളും സോഷ്യല്‍ മീഡിയ വഴി വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിന് 15 കേസുകളും ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തു.
സിറ്റി പോലീസ് പരിധിയില്‍ ലോക്ഡൗണ്‍ നിയമലംഘനവുമായി ബന്ധപ്പെട്ട് ആകെ 2375 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 30 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി സിറ്റി പോലീസ് കമ്മീഷണര്‍ എ.വി. ജോര്‍ജ് അറിയിച്ചു. വീട്, ആശുപത്രി നിരീക്ഷണം ലംഘിച്ചതിന് 14 കേസുകളും സോഷ്യല്‍ മീഡിയ വഴി വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിന് മൂന്നു കേസുകളുമാണ് സിറ്റിയില്‍ രജിസ്റ്റര്‍ ചെയ്തത്. ആകെ 2316 വാഹനങ്ങള്‍ പിടിച്ചെടുത്തതായും എ.വി. ജോര്‍ജ് അറിയിച്ചു. ഇവയില്‍ 2271 ടൂവീലറുകളും 25 കാറുകളും 18 ഓട്ടോറിക്ഷകളും ഒരു എയ്സും ഒരു ആംബുലന്‍സുമാണ്.
റൂറല്‍ ജില്ലയില്‍ ഇതുവരെ 1104 പേര്‍ക്കെതിരെ 621 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി റൂറല്‍ എസ്പി മേധാവി ഡോ. എ. ശ്രീനിവാസ് അറിയിച്ചു. ഇതില്‍ 273 പേരെ അറസ്റ്റ് ചെയ്യുകയും മറ്റുള്ളവര്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു. ആകെ 501 വാഹനങ്ങളാണ് പിടിച്ചെടുത്തത്.
ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നതുമായി ബന്ധപ്പെട്ട് 319 കേസുകളും വീടുകളിലെ നിരീക്ഷണം ലംഘിച്ചതിന് 10 കേസുകളുമാണ് എടുത്തത്. സോഷ്യല്‍ മീഡിയ വഴി വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിന് 12, പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ് പ്രകാരം 280 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതുകൂടാതെ ലോക്ഡൗണ്‍ കാലയളവില്‍ 21 പ്രതികള്‍ ഉള്‍പ്പെട്ട 38 അബ്കാരി കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 995 ലിറ്റര്‍ വാഷ് പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ടെന്ന് റൂറല്‍ എസ്പി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: