വടശ്ശേരിക്കര: ഇതെന്റെ മാത്രം വിഷയമല്ല. ഒറ്റപ്പെട്ട് കിടക്കുന്ന തണ്ണിത്തോട്ടിലെ മുഴുവൻ പെൺകുട്ടികൾക്കും ക്രിമിനലുകളിൽനിന്ന് സംരക്ഷണം വേണം. അതിനായി വേണ്ടി വന്നാൽ വീണ്ടും നിരാഹാരം കിടക്കും.തണ്ണിത്തോട്ടിൽ സി പി എം ആക്രമണത്തിനിരയായ വിദ്യാർത്ഥിനി പറഞ്ഞു.
നീതി ലഭിച്ചില്ലെങ്കിൽ ഏതറ്റം വരെയും പോകും. ഇന്നലെ ആരംഭിച്ച നിരാഹാരം നിർത്തിയത് സർക്കാരിന്റെ ഔദ്യോഗിക സംവിധാനത്തെ മാനിച്ചാണ്. ജീവിതത്തിൽ ഇന്നുവരെ അനുഭവിച്ചിട്ടില്ലാത്ത കടുത്ത ഭീതിയിലാണ് കഴിയുന്നതെന്നും പെൺകുട്ടി ജന്മഭൂമിയോട് പറഞ്ഞു.
അവർ സ്ഥിരം ക്രിമിനലുകളാണ്. വാട്‌സ് ആപ് ഗ്രൂപ്പുണ്ടാക്കി ഞാൻ കോവിഡ് രോഗ ബാധിതയാണെന്ന പേരിൽ നിരന്തരം പ്രചാരണം നടത്തി. അപമാനം അതിരുകടന്നപ്പോഴാണ് മുഖ്യമന്ത്രിക്ക് പരാതി അയച്ചത്. ഇതല്ലാതെ ഞങ്ങൾ എന്താണ് ചെയ്യേണ്ടതെന്ന് വിദ്യാത്ഥിനി ചോദിക്കുന്നു.
വലിയ പ്രതീക്ഷയായിരുന്നു മുഖ്യമന്ത്രിയിൽ. ജില്ലാ കളക്ടർ പി ബി നൂഹ് സാറും ഞങ്ങളുടെ റോൾ മോഡലായിരുന്നു. ഇവരിലുള്ള പ്രതീക്ഷ നീതി ലഭിക്കുമെന്ന ആത്മ വിശ്വാസം തന്നു. പക്ഷെ, ഇവരെക്കാളൊക്കെ സ്വാധീനം ക്രിമിനലുകൾക്കുണ്ടെന്നുള്ളത് ആത്മ വിശ്വാസം തകർക്കുന്നതാണ്. പോലീസിൽ നിന്ന് ഇതുവരെ നീതി ലഭിച്ചില്ല. രണ്ടു പെൺകുട്ടികളെ വീടുകയറി ആക്രമിച്ച പ്രതികൾ ഒരു പോറലുപോലുമേൽക്കാതെ പുറത്തിറങ്ങി നടക്കുന്നത് എത്രത്തോളം അപഹാസ്യമാണ്. അതും രാജ്യം ഗുരുതര പ്രതിസന്ധി നേരിടുമ്പോൾ. സർക്കാർ സംവിധാനങ്ങളുടെ മുഴുവൻ അദ്ധ്വാനത്തെയും അവഹേളിക്കുകയാണ് ഇവർ.
ഞാനൊരു രാഷ്‌ട്രീയ പ്രസ്ഥാനത്തോടും ഏകപക്ഷീയമായ വിധേയത്വം പുലർത്തിയിട്ടില്ല. നേതാക്കൾ പലരും സ്വാധീനിച്ചിട്ടുണ്ട്. അതിൽ മുന്തിയ സ്ഥാനം മുഖ്യമന്ത്രിക്കുണ്ടായിരുന്നു. സംഭവത്തിനു ശേഷം പോലീസുകാർ വീടിന് കാവലുണ്ട്. രാജ്യം ഗുരതര പ്രതിസന്ധി നേരിടുമ്പോൾ ഞങ്ങളുടെ ജീവനെ സംരക്ഷിക്കാനായി മാത്രം അവരുടെ സേവനം ഉപയോഗിക്കുന്നതിൽ ദു:ഖമുണ്ട്. – പെൺകുട്ടി പറഞ്ഞു.
അച്ഛന് ഞങ്ങൾ 2 പെൺകുട്ടികളാണ്. അവർ അച്ഛനെ പതിയിരുന്നാക്രമിക്കുമോ….? പറഞ്ഞു തീരുംമുമ്പേ അവളുടെ കണ്ണുകൾ നിറഞ്ഞ് വിതുമ്പി തുടങ്ങിയിരുന്നു.
തണ്ണിത്തോട് സരസ്വതി വിദ്യാനികേതിനാലാണ് പെൺകുട്ടി പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. തേക്കുതോട് സർക്കാർ സ്‌കൂളിൽ പ്ലസ്ടു കഴിഞ്ഞശേഷം. ഇപ്പോൾ കോയമ്പത്തൂരിൽ അമൃതാനന്ദമയി കോളേജിൽ ബി എസ് സി അഗ്രികൾച്ചറിനു പഠിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: