കാസര്‍കോട്: കാസര്കോടിനെയേറെ ഭീതിയിലാഴ്ത്തിയ കൊവിഡ് 19 എന്ന മഹമാരിയെ തുരത്താന്‍ ജീവന് പണയം വച്ച് പോരാട്ടം നടത്തിയ ഡോക്ടര്‍മാര്‍ രോഗികള്‍ക്ക് ദൈവമായിരുന്നു. നൂറോളം രോഗികളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ രാപ്പകലുകളെ സ്വയം മറന്നു പോയ കാസര്‍കോട് സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയിലെ 4 ഡോക്ടര്‍മാരുടെ സേവനം മറക്കാനാവില്ല.
ഡോ.സിഎച്ച് ജനാര്‍ദ്ദന നായക്, ഡോ: കൃഷ്ണ നായക്ക് പെര്‍ഡാല, ഡോ. എം കുഞ്ഞിരാമന്, ഡോ.കെ.പി.അപര്‍ണ്ണ എന്നിവര്‍ കഴിഞ്ഞ മാസം 14 മുതല്‍ കൊവിഡ് വാര്‍ഡിന്റെ ചുമതലയിലായിരുന്നു. ദിവസവും 15 മണിക്കൂറോളമാണ് ഇവര്‍ ജോലി ചെയ്തിരുന്നത്. ഇവിടത്തെ നഴ്സുമാര്‍ ഉള്‍പ്പെടെയുള്ള 20 ഓളം ആരോഗ്യപ്രവര്‍ത്തകരും ജോലിയുടെ കാലാവധി കഴിഞ്ഞ് നിരീക്ഷണത്തിലാണ്.
നാല് ഡോക്ടര്‍മാര്‍ ഇനി രണ്ടാഴ്ച നിരീക്ഷണത്തില്‍ കഴിയും. ജില്ലയിലെ 164 രോഗികളില്‍ പകുതി പേരേയും ചികിത്സിക്കുന്നത് ഇവരായിരുന്നു. മൊബൈല്‍ ഫോണ്‍ പോലും കൈയ്യിലെടുക്കാതെയാണ് നീണ്ട പരിശ്രമം നടത്തി വന്നത്. രാവിലെ എട്ടുമണിക്കാരംഭിക്കുന്ന ഡ്യൂട്ടി രാത്രി പത്തുവരേ നീളും. പലപ്പോഴും സമയത്തു ഭക്ഷണമോ, വെള്ളമോ കഴിക്കാതെയാണ് രോഗികളെ പരിചരിച്ചു വന്നത്.
ജനറല്‍ മെഡിസിനിലെ മൂന്നുപേരും പതിറ്റാണ്ടിലേറെ സര്‍ക്കാര്‍ സര്വീസിലുള്ളവരായിരുന്നു. രോഗികള്‍ ചെയ്യന്നതുപോലെ തന്നെ എല്ലാ മുന്‍കരുതലും ഇവര്‍ക്ക് വേണം. എല്ലാവരുടേയും നെഗറ്റീവ് റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണിവര്‍. രോഗികളെ പരിശോധിക്കില്ലെങ്കിലും കോവിഡ് ചികിത്സയുടെ നോഡല്‍ ഓഫീസര്‍ ഡോ. കുഞ്ഞിരാമന് ആശുപത്രിയിലുണ്ടാവും. ഫയല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നോക്കേണ്ടതുള്ളതുകൊണ്ടാണിത്.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളെ ചികിത്സിച്ച് അതിവേഗം ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്ന ഇവര്‍ കാസര്‍കോടിന്റെ അഭിമാനമാണ്. പയ്യന്നൂരില്‍ നിന്ന് വന്ന ടീമാണ് ഇനി രോഗികളെ പരിചരിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: