തിരുവല്ല: ഗാർഹിക നിരീക്ഷണത്തിലിക്കെ മരിച്ചയാളുടെ പരിശോധനാഫലം നെഗറ്റീവ്. നെടുമ്പ്രം പഞ്ചായത്തിൽ 5-ാം വാർഡിൽ നോബിൾ ഹൗസിൽ വിജയകുമാറി (68) ന്റെ പരിശോധനാഫലമാണ് ഇന്നലെ ലഭിച്ചത്.
ജില്ലാ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹത്തിൽ നിന്ന് അയച്ച സ്രവങ്ങളുടെ പരിശോധനാഫലം ലഭിച്ചതോടെയാണ് ഇയാൾക്ക് കൊറോണ ഇല്ലെന്ന് സ്ഥിരീകരിച്ചത്. ശ്വാസതടസത്തെ തുടർന്ന് മുറിക്കുള്ളിൽ കുഴഞ്ഞു വീണ വിജയകുമാറിനെ ബന്ധുക്കൾ ചേർന്ന് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഗുജറാത്ത് അഹമ്മദാബാദിൽ എയർഫോഴ്സിൽ ഉദ്യോഗസ്ഥയായ മകളെ കാണാൻ രണ്ടു മാസം മുമ്പാണ് ഭാര്യയെയും കൂട്ടി വിജയകുമാർ പോയത്. മാർച്ച് 23 ന് മടങ്ങിയെത്തിയിരുന്നു. തുടർന്ന് ഗാർഹിക നിരീക്ഷണത്തിൽ തുടരുകയായിരുന്നു. വിജയകുമാറിന് പ്രാഥമിക ചികിത്സ നൽകിയ താലൂക്ക് ആശുപത്രി അത്യാഹിത വിഭാഗത്തിലെ ഡോക്ടർ അടക്കം ആറ് ജീവനക്കാരനും സഹോദരൻ ശ്രീകുമാറും നിരീക്ഷണത്തിലായിരുന്നു.
നെടുമ്പ്രം പഞ്ചായത്ത് മുൻ പ്രസിഡന്റായിരുന്ന രമാദേവി ഭാര്യയാണ്.സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: