ബാഴ്സലോണ: സോഷ്യല്‍ മീഡിയയിലും മറ്റും തനിക്കെതിരെ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളെ നിഷേധിച്ച് ഫുട്ബാള്‍ ഇതിഹാസം ലയണല്‍ മെസി. ബാഴ്സലോണ വിട്ട് ഇറ്റാലിയന്‍ ക്ലബ്ബായ ഇന്റര്‍മിലാനിലേക്ക് പോകുന്നുവെന്ന വാര്‍ത്തകളും വ്യാജ പാസ്പോര്‍ട്ട് കേസില്‍ പരാഗ്വേയില്‍ അറസ്റ്റിലായ ബ്രസീലിയന്‍ മുന്‍ താരം റൊണാള്‍ഡീഞ്ഞോയെ ജാമ്യത്തിലിറക്കാന്‍ താന്‍ പണം നല്‍കിയെന്ന റിപ്പോര്‍ട്ടുകളും തള്ളി താരം തന്നെ രംഗത്തെത്തി. ഇന്റര്‍മിലാനിലേക്ക് മാത്രമല്ല തന്റെ ആദ്യകാല ക്ലബ്ബായ ന്യൂവെല്‍സ് ഓള്‍ഡ് ബോയ്സിലേക്ക് പോകുമെന്ന റിപ്പോര്‍ട്ടുകളും മെസി നിഷേധിച്ചു.
ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് മെസി വ്യാജവാര്‍ത്തകള്‍ നിഷേധിച്ചു രംഗത്തെത്തിയത്. മെസി ഇന്ററുമായി കരാറിലേര്‍പ്പെട്ടുന്നുവെന്നും റൊണാള്‍ഡീഞ്ഞോയെ ജാമ്യത്തിലിറക്കാന്‍ പണം നല്‍കിയെന്നും പഴയ ക്ലബ്ബായ ന്യൂവെല്‍സ് ഓള്‍ഡ് ബോയ്സിലേക്ക് പോകുന്നുവെന്നുമുള്ള വാര്‍ത്തകളാണ് പ്രചരിച്ചത്. ദൈവത്തിന് നന്ദി, ആരും ഇത് വിശ്വസിച്ചില്ലെന്ന് മെസി പോസ്റ്റില്‍ പറയുന്നു. നേരത്തെ ഒരു ഫുട്ബോള്‍ വെബ്സൈറ്റാണ് ഈ വാര്‍ത്തകള്‍ നല്‍കിയിരുന്നത്. ഈ വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ട് സഹിതമാണ് മെസി രംഗത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: