അടിമാലി: പണംവച്ച് ചീട്ടുകളിയില്‍ ഏര്‍പ്പെട്ട അടിമാലി സല്‍ക്കാര ഹോട്ടല്‍ ഉടമയും സിപിഎം ആനച്ചാല്‍ മുന്‍ ബ്രാഞ്ച് സെക്രട്ടറിയുമായ തെക്കേകൂറ്റ് ടി.ആര്‍. സിജു ഉള്‍പ്പടെയുള്ള ആറംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയതു. അഞ്ച് വാഹനങ്ങളും ഒമ്പത് മൊബൈല്‍ ഫോണുകളും 80,000 രൂപയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സിജു വാടകയ്‌ക്ക് എടുത്തിട്ടുള്ള സ്വകാര്യ ഗസ്റ്റ് ഹൗസില്‍ ചീട്ടുകളി നടക്കുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച രാത്രി 9 മണിയോടെ പോലീസ് നടത്തിയ പരിശോധനയില്‍ ആണ് സംഘം അറസ്റ്റില്‍ ആയത്.
സിജുവിനെ കൂടാതെ ഫെഡറല്‍ ബാങ്ക് ജീവനക്കാരന്‍ കുഞ്ചിത്തണ്ണി ചാമ്പക്കപറമ്പില്‍ ജെയ്‌മി, ഈട്ടി സിറ്റി മാങ്കുഴി അനില്‍കുമാര്‍, അടിമാലി കുരുന്നവള്ളിയില്‍ ഡിലൈറ്റ്, കെഎസ് ആര്‍ടിസി എം പാനല്‍ ജീവനക്കാരന്‍ കൂമ്പന്‍പാറ മനോജ് എന്നിവരെയാണ് വെള്ളത്തൂവല്‍ പോലീസ് അറസ്റ്റ് ചെയ്തത്.
സ്റ്റേഷനില്‍ എത്തിച്ച പ്രതികളെ ജാമ്യത്തില്‍ വിട്ടയച്ചു. വാഹനങ്ങള്‍ കോടതിയല്‍ ഹാജരാക്കും എന്ന് പോലീസ് അറിയിച്ചു. അതേസമയം സിജുവിനെ സംഘടന വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് ജില്ല സെക്രട്ടറിയുടെ അനുമതിയോടെ സസ്‌പെന്‍ഡ് ചെയ്തതായി സിപിഎം അടിമാലി ഏരിയ സെക്രട്ടറി അറിയിച്ചു.
















