ന്യൂദല്‍ഹി : ഹൈഡ്രോക്‌സിക്ലോറോക്വിന്നിന് പിന്നാലെ പാരസെറ്റാമോളും കയറ്റുമതി ചെയ്യണമെന്ന് ഇന്ത്യയോട് അഭ്യര്‍ത്ഥിച്ച് ലോക രാഷ്‌ട്രങ്ങള്‍. പനി നിയന്ത്രിക്കുന്നതിനുതകുന്നതാണ് പാരസെറ്റാമോള്‍. കോവിഡിന് ഇതുവരെ മരുന്നുകളൊന്നും കണ്ടെത്തിയിട്ടില്ല. അതുകൊണ്ടുതന്നെ ഇതിന്റെ രോഗലക്ഷണങ്ങള്‍ക്ക് നിലവില്‍ ഉപയോഗിച്ചുവരുന്ന മരുന്നുകള്‍ ഉപയോഗിച്ചാണ് ലോക രാഷ്‌ട്രങ്ങള്‍ ചികിത്സ നടത്തുന്നത്.
കോവിഡ് രൂക്ഷമായി ബാധിച്ചിട്ടുള്ള യുകെയാണ് പാരസെറ്റാമോള്‍ കയറ്റുമതി ചെയ്യണമെന്ന് ഇന്ത്യയ്‌ക്കു മുന്നില്‍ അഭ്യര്‍ത്ഥനയുമായി എത്തിയത്. ഇതുപ്രകാരം ആവശ്യതിന് മരുന്ന് നല്‍കാന്‍ പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കി. ഇന്ത്യയുടെ തീരുമാനത്തിന് നന്ദി അറിയിച്ച് ഇന്ത്യയിലെ യുകെ ആക്ടിങ് ഹൈക്കമ്മീഷണര്‍ ജാന്‍ തോംപ്സണ്‍ ട്വീറ്റും ചെയ്തു. ആഗോള തലത്തിലുള്ള സഹകരണമാണ് കോവിഡിനെതിരായ പോരാട്ടത്തില്‍ പ്രധാനമെന്നും അദ്ദേഹം അറിയിച്ചു.
ലോകത്തിലേറ്റവും കൂടുതല്‍ പാരസെറ്റമോള്‍ ഗുളികകള്‍ ഉത്പ്പാദിപ്പിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. പ്രതിമാസം 5,600 മെട്രിക് ടണ്‍ പാരസെറ്റമോള്‍ ഗുളികകളാണ് ഇന്ത്യ ഉത്പാദിപ്പിക്കുന്നത്. ഇന്ത്യയില്‍ മാസം 200 മെട്രിക് ടണ്‍ മാത്രമേ ആവശ്യമായി വരുന്നുള്ളു. ബാക്കിയുള്ളവയെല്ലാം ഇറ്റലി, ജര്‍മ്മനി, യുകെ, അമേരിക്ക, സ്പെയിന്‍, കാനഡ എന്നീ രാജ്യങ്ങളിലേക്കാണ് കയറ്റുമതി ചെയ്യുന്നത്.
ലോക്ഡൗണ്‍ പ്രഖ്യാപിക്കുകയും ഇന്ത്യയില്‍ നിന്നും മരുന്നുകള്‍ കയറ്റുമതി ചെയ്യുന്നതിനും കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണം കൊണ്ടുവരുകയും ചെയ്തിരുന്നു. ഇന്ത്യന്‍ വിപണിയില്‍ ക്ഷാമം ഉണ്ടാകാതിരിക്കുന്നതിനും മിതമായ വിലയില്‍ മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനുമാണ് ഇത്. ഈ നിയന്ത്രണം പാരസെറ്റാമോള്‍ കയറ്റുമതി ചെയ്തതിലും ബാധകമായതോടെയാണ് രാജ്യങ്ങള്‍ ഇന്ത്യയ്‌ക്കുമുന്നില്‍ അഭ്യര്‍ത്ഥനയുമായി എത്തിയിരിക്കുന്നത്. പ്രതിവര്‍ഷം 730 കോടിയാണ് പാരസെറ്റാമോള്‍ കയറ്റുമതിയിലൂടെ ഇന്ത്യ സമ്പാദിച്ചിരുന്നത്.
യുകെയ്‌ക്കു പുറമെ ദക്ഷിണ കൊറിയ, അമേരിക്ക, കാനഡ, ശ്രീലങ്ക എന്നീ രാജ്യങ്ങളും ഇന്ത്യയോട് മരുന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. മലേറിയയ്‌ക്ക് ഉപയോഗിക്കുന്ന ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കോവിഡ് പ്രതിരോധത്തിന് ഉപകരിക്കുമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് യുഎസ്, ബ്രസീല്‍ ഇസ്രയേല്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങള്‍ ഈ മരുന്നിനായി അഭ്യര്‍ത്ഥിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: