ആത്മാര്‍ത്ഥതയും അര്‍പ്പണബോധവും ഏകീഭവിച്ച മഹാവ്യക്തിത്വം: ആര്‍എസ്എസ്
കോഴിക്കോട്: ആത്മാര്‍ഥതയും അര്‍പ്പണബോധവും ഏകീഭവിച്ച ഒരു മഹാവ്യക്തിത്വത്തെയാണ് ടി.വി. ബാബുവിന്റെ ദേഹവിയോഗത്തോടെ നാടിന് നഷ്ടമായതെന്ന് ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ അനുസ്മരിച്ചു. അവശ-അവഗണിത സമൂഹത്തിന്റെ ഉന്നമനത്തിനായി സര്‍വസ്വവും സമര്‍പ്പിച്ച ത്യാഗോജ്ജ്വലമായ ജീവിതമായിരുന്നു അദ്ദേഹത്തിന്റെത്. ബന്ധപ്പെടുന്നവരുമായി ആഴത്തില്‍ സ്നേഹം പങ്ക് വെക്കുകയും എളിമയോടെ പെരുമാറുകയും ചെയ്തിരുന്ന അദ്ദേഹത്തിന്റെ വിയോഗം സഹിക്കാന്‍ കുടുംബാംഗങ്ങള്‍ക്ക് കരുത്തുനല്കണമേയെന്ന് ജഗദീശ്വരനോട് പ്രാര്‍ഥിക്കുകയും കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുകയും ചെയ്യുന്നു. സ്വസമുദായത്തിനും സമാജത്തിനും വലിയ ഒരു നഷ്ടമാണ് അദ്ദേഹത്തിന്റെ വേര്‍പാടുമൂലം സംഭവിച്ചത്. അദ്ദേഹത്തിന്റെ ജീവിതദൗത്യം പൂര്‍ത്തീകരിക്കാന്‍ നിരന്തരം പ്രവര്‍ത്തിക്കുകയാണ് അദ്ദേഹത്തോട് നമുക്കു ചെയ്യാന്‍ കഴിയുന്ന ശ്രദ്ധാഞ്ജലി. ധന്യാത്മാവായ ആ സഹോദരന്റെ വേര്‍പാടില്‍ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ആത്മാര്‍ഥമായ അനുശോചനം അറിയിക്കുന്നു. അദ്ദേഹത്തിന്റെ ആത്മശാന്തിക്കായി ജഗദീശ്വരനോട് പ്രാര്‍ത്ഥിക്കുന്നു.
പി.എസ്. ശ്രീധരന്‍പിള്ള (മിസോറാം ഗവര്‍ണര്‍)
ഐസ്വാള്‍: എന്‍ഡിഎയുടെ പ്രമുഖ നേതാവും കേരള പുലയ മഹാസഭയുടെ സംസ്ഥാന മുന്‍ ജനറല്‍ സെക്രട്ടറിയുമായ ടി.വി. ബാബുവിന്റെ നിര്യാണത്തില്‍ മിസോറാം ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള അനുശോചിച്ചു. അധഃസ്ഥിത വിഭാഗങ്ങളുടെ നന്മയ്ക്കും പുരോഗതിക്കുമായി അഹോരാത്രം പ്രവര്‍ത്തിച്ച കര്‍മ്മയോഗിയും പേരാളിയുമായിരുന്നു ബാബു. അദ്ദേഹവുമായി അടുത്ത ബന്ധവും സാഹോദര്യസ്നേഹവുമാണുണ്ടായിരുന്നത്. മാതൃകാപരമായ ഒരു പൊതുജീവിതത്തിന്റെ ഉടമയായിരുന്നു ബാബു, ഗവര്‍ണര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ശശികലടീച്ചര്‍ (ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ)
പട്ടിക വിഭാഗങ്ങളുടെ സാമൂഹ്യനീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങള്‍ക്ക് ധീരമായ നേതൃത്വം നല്കിയ കര്‍മയോഗിയായിരുന്നു ടി.വി. ബാബുവെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍. രാഷ്ട്രീയമായി ഏറെ ഉയരാമായിരുന്ന സാഹചര്യങ്ങള്‍ ഉണ്ടായിരുന്നിട്ടും സ്വന്തം സമൂഹത്തിനെ അവഗണിക്കുന്ന രാഷ്ട്രീയത്തെ പുല്ലുപോലെ വലിച്ചെറിഞ്ഞ ത്യാഗിയാണദ്ദേഹം.
പട്ടികജാതി സമൂഹത്തിന്റെ ജീവല്‍ പ്രശ്നങ്ങളില്‍ പോരാട്ടവീര്യം പ്രകടിപ്പിക്കുന്നതോടൊപ്പം ഹൈന്ദവ ഐക്യത്തിനു വേണ്ടി നിലകൊണ്ട വ്യക്തിത്വമായിരുന്നു. എല്ലാ ഹൈന്ദവ സംഘടനകളുമായും വളരെ അടുത്ത ബന്ധം കാത്തുസൂക്ഷിച്ചിരുന്നു. അധഃസ്ഥിത വിഭാഗത്തിന്റെ വിദ്യാഭ്യാസം, തൊഴില്‍, ഭൂമി തുടങ്ങിയ പ്രശ്നങ്ങളെ ഒക്കെ സര്‍ക്കാര്‍ മുമ്പാകെ എത്തിക്കാന്‍ ഹിന്ദു ഐക്യവേദിയോടൊപ്പം എല്ലാ സമയത്തും അദ്ദേഹവും അദ്ദേഹത്തിന്റെ സംഘടനയും ഉണ്ടായിരുന്നു.
അദ്ദേഹത്തിന്റെ വിയോഗം സംഘടനയ്ക്കു മാത്രമല്ല സമൂഹത്തിനും നഷ്ടമാണ്. ഹിന്ദു ഐക്യവേദിക്ക് ഒരു നല്ല സുഹൃത്തും പോരാളിയുമാണ് ഇല്ലാതായത്, ശശികല ടീച്ചര്‍ പറഞ്ഞു.
കെ. സുരേന്ദ്രന് (ബിജെപി സംസ്ഥാന അധ്യക്ഷന്‍)
കെപിഎംഎസ് മുന്‍ സംസ്ഥാന പ്രസിഡന്റും ബിഡിജെഎസ് സംസ്ഥാന സെക്രട്ടറിയുമായ ടി.വി. ബാബുവിന്റെ ആകസ്മിക നിര്യാണം വലിയ വേദനയും നഷ്ടവുമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. സാമുദായിക പ്രവര്‍ത്തകനെന്ന നിലയിലും രാഷ്ട്രീയ പ്രവര്‍ത്തകനായും അദ്ദേഹത്തിന് തിളങ്ങാനായി. കെപിഎംഎസിന്റെ വളര്‍ച്ചയ്ക്ക് അദ്ദേഹം നിര്‍ണായക പങ്ക് വഹിച്ചു. ബിഡിജെഎസ് സ്ഥാപിച്ചപ്പോള്‍ മുതല്‍ അദ്ദേഹം സംസ്ഥാന സെക്രട്ടറിയാണ്. ആത്മാര്‍ഥതയും സത്യസന്ധതയുമുള്ള രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്നു അദ്ദേഹമെന്നും സുരേന്ദ്രന് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
കേരള ക്ഷേത്രസംരക്ഷണസമിതി
കേരളം മുഴുവന്‍ തന്റെ കര്‍മമണ്ഡലമാക്കി മുക്കിലും മൂലയിലും ഓടിനടന്ന് ധര്‍മബോധവും ദേശസ്നേഹവും പകര്ന്നുനല്കി പ്രവര്‍ത്തകരെ കര്‍മോത്സുകരാക്കിയ ടി. വി. ബാബു അവസാനനിമിഷംവരെ കര്മനിരതനായിരുന്നെന്ന് ക്ഷേത്രസംരക്ഷണ സിമിതി. ആത്മാര്‍ഥതയോടെ സ്വസമുദായത്തെയും ഹൈന്ദവസമാജത്തെയും നാടിനെയും സ്നേഹിക്കുകയും ചെയ്ത അദ്ദേഹത്തിന്റെ നിര്യാണം ഈ കാലഘട്ടത്തില്‍ നേരിട്ടുകൊണ്ടിരിക്കുന്ന കടുത്ത പ്രതിസന്ധിയില്‍ ഒരു വലിയ നഷ്ടം തന്നെയാണെന്ന് സമിതി സംസ്ഥാന അധ്യക്ഷന്‍ പ്രൊഫ. പി.സി. കൃഷ്ണവര്‍മരാജ, ജനറല്‍ സെക്രട്ടറി കെ. നാരായണന് കുട്ടി എന്നിവര്‍ പ്രസ്താവനയില്‍ അറിയിച്ചു.
പി. സുധീര്‍ (ബിജെപി സംസ്ഥാന ജന. സെക്രട്ടറി)
കേരളത്തിലെ പട്ടികജാതി, ആദിവാസി ജനതയുടെ സാമൂഹ്യനീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങളെ എന്നും മുന്നില്‍ നിന്ന് നയിച്ച നേതാവാണ് ടി.വി ബാബുവെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി പി. സുധീര്‍ പറഞ്ഞു. പട്ടികജാതി സമൂഹത്തെ ദേശീയതയുടെ പാതയിലേക്ക് നയിച്ച നേതാവാണദ്ദേഹം. അവസാന നിമിഷം വരെ പട്ടിക വിഭാഗ ജനതയുടെ പു
രോഗതിക്കു വേണ്ടി പ്രവര്‍ത്തിച്ചു. കേരളത്തിലെ പട്ടികജാതി, ആദിവാസി ജനതയെ പതിറ്റാണ്ടുകളായി വഞ്ചിച്ചുകൊണ്ടിരിക്കുന്ന ഇടതു വലതു മുന്നണികളുടെ ദലിത് വിരുദ്ധ നിലപാടുകള്‍ അദ്ദേഹം തുറന്നു കാട്ടി, പി. സുധീര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: