തിരുവനന്തപുരം: സംസ്ഥാനത്ത് വളം, വിത്ത്, കീടനാശിനി കടകള്‍ രാവിലെ 7 മുതല്‍ 11 വരെ തുറക്കാന്‍ അനുമതി. ബുക്ക് ഷോപ്പുകള്‍ ആഴ്ചയില്‍ ഒരു ദിവസം തുറക്കുന്നതും പരിഗണിക്കും.
തൊഴിലാളികള്‍ക്ക് 1000 രൂപ വീതം
കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, കേരള ആഭരണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, ഈറ്റ, കാട്ടുവള്ളി, കയര്‍തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, അസംഘടിത തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് എന്നിവയില്‍ നിന്ന് തൊഴിലാളികള്‍ക്ക് 1000 രൂപ വീതം നല്‍കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ബീഡി തൊഴിലാളികള്‍ക്ക് വീട്ടില്‍ തെറുത്ത ബീഡി എത്തിക്കുന്നതിനായി സാധനങ്ങള്‍ കൊണ്ടുപോകാന്‍ അനുവദിക്കും. ലോട്ടറി തൊഴിലാളികള്‍ക്ക് ആശ്വാസ സഹായമായി 1000 രൂപ വീതം നല്‍കും. 50,000 ലോട്ടറി തൊഴിലാളികള്‍ക്ക് ഇത് നല്‍കും. കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ പെന്ഷന് ലഭിക്കാത്ത 1,30,000 തൊഴിലാളികളുണ്ട്. ഇവര്‍ക്കും ആയിരം രൂപ വീതം നല്‍കും.
ഒന്നര ലക്ഷത്തോളം മത്സ്യത്തൊഴിലാളികള്‍ക്ക് 2000 രൂപ വീതവും നല്‍കും. സര്‍ക്കാര്‍ പൊതു മേഖലാ സ്ഥാപനമായ കെഎസ്ഫ്ഇയിലെ കളക്ഷന്‍ ഏജന്റുമാര്‍ക്കുള്ള സഹായം ലഭ്യമാക്കുന്നത് പരിശോധിച്ച് തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആറളം ഫാമിലെ പ്രശ്നങ്ങള്‍ പരിഹരിക്കും
ആറളം കൃഷിഫാമിലെ 400 തൊഴിലാളികള്‍ ദുരിതത്തിലായതിനാല്‍ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആറളത്തെ തൊഴിലാളികള്‍ അനുഭവിക്കുന്ന ദുരിതം ഇന്നലെ ജന്മഭൂമി റിപ്പോര്‍ട്ടു ചെയ്തിരുന്നു.
നാളികേര സംഭരണത്തെ സംബന്ധിച്ച് സഹായകരമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വകാര്യ ആശുപത്രികളിലെ വൈദ്യുതി ചാര്‍ജ് വെള്ളക്കരം അടയ്ക്കുന്നതിനുള്ള തീയതിയില്‍ മാറ്റം വരുത്തും. പത്തനംതിട്ടയില്‍ തെരുവില്‍ കഴിയുന്നവര്‍ക്കുള്ള ഭക്ഷണം മുടങ്ങി എന്നത് കളക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തി പരിഹരിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
പിടികൂടിയത് അരലക്ഷം കിലോ മത്സ്യം
ലോക്ഡൗണ്‍ കാലത്ത് സംസ്ഥാനത്ത് പിടികൂടിയത് അരലക്ഷത്തോളം കിലോ അഴുകിയ മത്സ്യം. പരിശോധന കര്‍ശനമാക്കിയപ്പോള്‍ കടല്‍ മാര്‍ഗ്ഗം കൊണ്ടു വരുന്നുണ്ട്. അതിനാല്‍ പരിശോധന കര്‍ശനമാക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: