കോഴിക്കോട്: നന്ദു മഹാദേവന് ഇന്ന് പത്താമത്തെ കീമോചികിത്സയാണ്. അതിജീവനത്തിന് വേണ്ടിയുള്ള പോരാട്ടം നാട്ടിലെങ്ങും നടക്കുമ്പോള്‍ സ്വജീവിതം കൊണ്ട് നന്ദു പറയുന്നത് ഇക്കാലവും അതിജീവിക്കാനാകുമെന്നുതന്നെയാണ്. കീമോയ്ക്കായി കോഴിക്കോട്ട് ചൂലൂരിലെ എംവിആര്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എത്തിയിട്ട് അഞ്ച് മാസം പിന്നിട്ടു. ആശുപത്രിക്കടുത്ത് കളന്തോട് വാടക വീട്ടില്‍ താമസിച്ചാണ് മുറതെറ്റാതെയുള്ള ചികിത്സ.
ഓരോ കീമോയ്ക്കും മറ്റ് അനുബന്ധ ചികിത്സകള്‍ക്കുമായിട്ട് അറുപതിനായിരത്തോളം രൂപ ചെലവാകും. ഇവിടെയെത്തിയിട്ട് മാത്രം അഞ്ച് ലക്ഷത്തിലധികം രൂപ ചെലവായി. ഏഴും പതിനാലും ദിവസങ്ങള്‍ ഇടവിട്ടുള്ള കീമോ നന്ദുവിനെ ശാരീരികമായി അവശനാക്കിയിട്ടുണ്ടെങ്കിലും മുഖത്ത് നിറഞ്ഞ് നില്ക്കുന്ന പുഞ്ചിരിയില്‍ അവശകതകള്‍ മറക്കുകയാണ് അവന്. കീമോതെറാപ്പിയുടെ പാര്‍ശ്വഫലങ്ങള്‍ വേട്ടയാടുന്നുണ്ട്. എന്നാല്‍ അതൊന്നും ബാധിക്കാതെ സാമൂഹ്യ മാധ്യമങ്ങളിലൂടെ ആത്മവിശ്വാസം പകര്‍ന്നു നല്‍കുകയാണ് നന്ദു മറ്റുള്ളവര്‍ക്കും. ആ വിടര്‍ന്ന പാല്പുഞ്ചിരിക്ക് ഇപ്പോഴും യാതൊരുമാറ്റവുമില്ല. കൊറോണ കാലത്ത് നാട് മുഴുവന്‍ ബുദ്ധിമുട്ടുമ്പോള്‍ തന്റെ വേദനകള്‍ ഒരു പ്രശ്നമല്ലന്നാണ് നന്ദുവിന്റെ മറുപടി.
തിരുവനന്തപുരം ആര്‍സിസിയില്‍ വച്ചാണ് നന്ദുവിന്റെ ഒരുകാല്മുറിച്ചുമാറ്റേണ്ടി വന്നത്. കാല് മുറിക്കാതെയുള്ള ചികിത്സയുണ്ടായിരുന്നു. അന്ന് അതിനെക്കുറിച്ചറിയില്ലായിരുന്നുവെന്ന് നന്ദു പറയുന്നു. പിന്നീട് ഹൃദയവാല്‍വില്‍ ട്യൂമര്‍ പിടിപ്പെട്ടതോടെ ശ്രീചിത്രയിലായി ചികിത്സ. ട്യൂമറിന്റെ ഒരു ഭാഗം ഡോ. ശിവനേഷിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്. ഒരു ഭാഗം ശസ്ത്രക്രിയയിലൂടെ മാറ്റാന്‍ സാധിക്കാത്ത രീതിയിലാണ്. കൂടുതല്‍ ചികിത്സക്കായി മുംബൈ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കൊണ്ടുപോകുവാനാണ് ശ്രീചിത്രയില്‍ നിന്നും ഉപദേശിച്ചത്. എന്നാല്‍ മുംബൈയിലെ ആതേചികിത്സ ഇവിടെ ലഭിക്കുമെന്നറിഞ്ഞാണ് നന്ദുവും കുടുംബവും ഇവിടെയെത്തിയത്. ടാറ്റയിലെ ഡോക്ടര്‍മാരുമായി എംവിആറിലെ ഡോക്ടര്‍മാര്‍ ചര്‍ച്ച ചെയ്താണ് ചികിത്സ തുടരുന്നത്.
ഇന്ന് പത്താമത്തെ കീമോ കഴിഞ്ഞശേഷം സ്കാന്‍ ചെയ്ത് നോക്കിയാലെ ശ്വാസകോശത്തിലെ ട്യൂമറിന്റെ അവസ്ഥ മനസിലാക്കുവാന്‍ സാധിക്കുകയുള്ളു. അച്ഛന് ഹരി കഴിഞ്ഞമാസം തിരുവനന്തപുരം ഭരതന്നൂരിലെ വീട്ടിലേയ്ക്ക് പോയതാണ്. അതിനിടയിലാണ് ലോക്ഡൗണ്‍ പ്രഖ്യാപനം വന്നത്. ഇപ്പോള്‍ അനുജത്തി സായി കൃഷ്ണയും അനുജന് അനന്തുവുമാണ് അമ്മയ്ക്കൊപ്പം നന്ദുവിനെ സഹായിക്കാനായി ഇവിടെയുള്ളത്. ഇഷ്ടദേവനായ മഹാദേവനിലെ വിശ്വാസവും അനുഗ്രഹവും എന്തിനേയും നേരിടാമെന്ന ആത്മധൈര്യവുമാണ് നന്ദുവിനെ മുന്നോട്ട് നയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: