തൊടുപുഴ: കഴിഞ്ഞ 5 ദിവസത്തിനിടെ ജില്ലയില്‍ നിന്ന് പിടികൂടിയത് 172 കിലോ പഴകിയ മീന്‍. ഫോര്‍മലിന്‍ കലര്‍ത്തിയ 20 കിലോ മീനും പരിശോധനയില്‍ പിടികൂടി നശിപ്പിച്ചു. ഓപ്പറേഷന് സാഗര്‍ റാണിയുടെ ഭാഗമായി ഭക്ഷ്യസുരക്ഷാ വകുപ്പ് ഫിഷറീസ് വകുപ്പുമായി ചേര്‍ന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് നടപടി.
മത്സ്യലഭ്യത കുറവായതിനാല്‍ ഭൂരിഭാഗം കടകളും തുറന്ന് പ്രവര്‍ത്തിച്ചിരുന്നില്ല. പ്രവര്‍ത്തിച്ചു വന്നവയില്‍ നടത്തിയ പരിശോധനയില്‍ പല കടകളില്‍ നിന്നായി ചൂര, ചെമ്മീന്‍, കലവ എന്നിവ പിടിച്ചെടുത്ത് നശിപ്പിച്ചു. തൊടുപുഴ, മുട്ടം, അണക്കര, കുമളി, ഏലപ്പാറ, മുരിക്കാശ്ശേരി, ചെറുതോണി, തങ്കമണി, കട്ടപ്പന, ഇരുപതേക്കര്‍, തൂക്കുപാലം, നെടുങ്കണ്ടം എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. ആകെ 28 കടകളില്‍ പരിശോധന നടത്തി. ശരിയായ രീതിയില്‍ ഐസിട്ട് സൂക്ഷിച്ച മത്സ്യങ്ങളേ വിപണനം നടത്താവൂ എന്നും 1:1 എന്ന അനുപാതത്തില്‍ ഐസ് ഇട്ട് മത്സ്യം സൂക്ഷിക്കണമെന്നും വ്യാപാരികള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്കി.
8 കടകളില്‍ നിന്നു പഴകിയ മീനും ഒരു കടയില്‍ നിന്ന് ഫോര്‍മലിന്‍ കലര്‍ത്തിയ മീനും പിടികൂടി. കേര, ചൂര എന്നീ ഇനത്തില്‍പെട്ട മീനുകളാണ് കൂടുതലും മോശമായ നിലയില്‍ വില്പനയ്ക്ക് ഉണ്ടായിരുന്നതെന്ന് അധികൃതര്‍ പറഞ്ഞു. കടയുടമകള്‍ക്ക് കര്‍ശന നിര്‍ദേശങ്ങളും മുന്നറിയിപ്പും നല്കി. തുടര്‍ന്നും പഴകിയതോ രാസവസ്തുക്കള്‍ കലര്‍ത്തിയതോ ആയ മീന്‍ വില്പന നടത്തുന്നതായി കെണ്ടത്തിയാല്‍ ശക്തമായ നടപടി സ്വീകരിക്കാനാണ് തീരുമാനം.
പിടികൂടിയ കടകള്‍
ചെറുതോണി കെസിഎഫ് ഫിഷറീസില്‍ നിന്ന് 35 കിലോ ഗ്രാം പഴകിയ മീനാണ് പിടികൂടിയത്. അണക്കര സോണി ഫിഷറീസ്- 24 കിലോ, തൊടുപുഴ സുല്‍ത്താന്‍ ഫിഷറീസ്-18 കിലോ, ഉടുമ്പന്നൂര്‍ എകെ ഫിഷറീസ്- 18.5 കിലോ, ഉടുമ്പന്നൂര്‍ എബി ഫിഷ് മാള്‍ -14 കിലോ, ആലക്കോട് വൈക്കം ഫിഷറീസ്- 17.5 കിലോ, തൊടുപുഴ നീരാളി ഫിഷറീസ്-39 കിലോ, നെടുങ്കണ്ടം സോണി ഫിഷറീസ്- 6 കിലോ. ഫോര്‍മലിന്‍ കെണ്ടത്തിയത്: ചമ്പക്കര ഫിഷറീസ് കുമ്പംകല്ല് 20 കിലോ ചെമ്മീന്‍.
ശ്രദ്ധിക്കേണ്ടത്
നല്ല മീനാണെങ്കില്‍ തെളിഞ്ഞ വൃത്താകൃതിയിലുള്ള കണ്ണുകള്‍ ആയിരിക്കും. പഴകിയ മീനിന് കണ്ണുകള്‍ കുഴിഞ്ഞതും നീലനിറമുള്ളതും. രക്തവര്‍ണത്തിലുള്ള ചെകിളപ്പൂവാണെങ്കില്‍ മീന്‍ നല്ലതാണെന്നു ഉറപ്പിക്കാം. നല്ല മീനില്‍ നിന്ന് കടുത്ത നിറത്തില്‍ ചോര വരും. ഇത്തരം മീനില്‍ കൈ കൊണ്ട് അമര്‍ത്തിയാല്‍ നല്ല ദൃഢത ഉണ്ടാകും. രാസവസ്തുക്കള്‍ ഉപയോഗിച്ചിട്ടുെണ്ടങ്കില് മീനിന്റെ ഗന്ധത്തില്‍ വ്യത്യാസമുണ്ടാകും.
പരാതി അറിയിക്കാം
ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ മത്സ്യ വില്പന കേന്ദ്രങ്ങളില്‍ പരിശോധന ശക്തമാക്കിയതായി ഇടുക്കി അസി. ഫുഡ് സേഫ്റ്റി കമ്മിഷണര്‍ ബെന്നി ജോസഫ് പറഞ്ഞു. പഴകിയ മീന്‍ വില്പനയ്ക്കു എത്തുന്ന സാഹചര്യത്തില്‍ ആളുകള്‍ മീന്‍ വാങ്ങുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം.
പഴകിയ മീന്‍ വില്‍ക്കുന്നതായി ശ്രദ്ധയില്‍പെട്ടാല്‍ താഴെപ്പറയുന്ന ഫോണ്‍ നമ്പറുകളില്‍ അറിയിക്കാം.
ഇടുക്കി അസിസ്റ്റന്‍ഡ് ഫുഡ് സേഫ്റ്റി കമ്മീഷണര്‍- 8943346186, മറ്റ് സര്‍ക്കിള്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍മാരുടെ നമ്പറുകള്‍: തൊടുപുഴ- 8943346544, ദേവികുളം- 8943346546, പീരുമേട്- 8943346545, ഉടുമ്പന്‍ചോല- 7593873304, ഇടുക്കി- 7593873302.
പ്രതികരിക്കാൻ ഇവിടെ എഴുതുക: